മന്ത്രവാദത്തില്‍നിന്ന് വരുമാനം കുറഞ്ഞു; എതിരാളിയായ മന്ത്രവാദിയെ സഹോദരങ്ങള്‍ കൊലപ്പെടുത്തി

പ്രതീകാത്മക ചിത്രം | Photo: Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Mathrubhumi

ചെന്നൈ: മന്ത്രവാദത്തില്‍നിന്നുള്ള വരുമാനം കുറഞ്ഞതിന്റെപേരില്‍ എതിരാളിയായ മന്ത്രവാദിയെ സഹോദരന്മാര്‍ കൊലപ്പെടുത്തി. റാണിപ്പേട്ട് ജില്ലയിലെ വാലാജപ്പേട്ടുള്ള ശ്രീനിവാസനെയാണ് (40) സഹോദരങ്ങളായ പ്രകാശ് (35), കൃഷ്ണ (30) എന്നിവര്‍ ചേര്‍ന്ന് തലയ്ക്കടിച്ചുകൊന്നത്.

മന്ത്രവാദത്തിനായി കൂടുതല്‍പ്പേര്‍ ശ്രീനിവാസനെ സമീപിക്കുന്നതാണ് പ്രകാശിനെയും കൃഷ്ണയെയും ചൊടിപ്പിച്ചത്. കഴിഞ്ഞ മൂന്നുവര്‍ഷമായി ഇരുവര്‍ക്കും ശ്രീനിവാസനോട് വിരോധമുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു.

നെയ്ത്തുജോലിക്കാരായ ശ്രീനിവാസനും പ്രകാശും കൃഷ്ണയും ഇതിനൊപ്പം മന്ത്രവാദവും ചെയ്യുന്നുണ്ടായിരുന്നു. പനിപോലെയുള്ള രോഗം ബാധിക്കുന്ന ഗ്രാമവാസികള്‍ മന്ത്രംചൊല്ലി വെള്ളം തളിക്കുന്നതിനായി ഇവരെ സമീപിച്ചിരുന്നു. മൂന്നുവര്‍ഷംമുമ്പ് ക്ഷേത്ര ഉത്സവത്തിനിടെ ശ്രീനിവാസന്‍ പ്രവചനങ്ങള്‍ നടത്തിയതായും ഇതോടെ കൂടുതല്‍പ്പേര്‍ മന്ത്രവാദത്തിനായി ഇയാളെ സമീപിച്ചു തുടങ്ങിയതായും പറയപ്പെടുന്നു. അന്നുമുതല്‍ സഹോദരങ്ങള്‍ക്ക് ശ്രീനിവാസനുമായി വിരോധമായി.

അടുത്തിടെ പനിബാധിച്ച ശ്രീനിവാസനെ സഹോദരങ്ങളായ മന്ത്രവാദികള്‍ സമീപിച്ചു. ഇയാള്‍ക്കുവേണ്ടി മന്ത്രവാദം ചെയ്യാമെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി. വരുമാനം കുറഞ്ഞതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാകുകയും ചുറ്റിക ഉപയോഗിച്ച് ശ്രീനിവാസന്റെ തലയ്ക്ക് അടിക്കുകയുമായിരുന്നു. പിന്നീട് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സംഭവത്തെത്തുടര്‍ന്ന് അറസ്റ്റിലായ പ്രകാശും കൃഷ്ണയും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Content Highlights: black magic rivalry man killed in tamilnadu