ദുർഗാപൂജയ്ക്ക് പോകാൻ ആഗ്രഹം പറഞ്ഞു, യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ; മതംമാറ്റവും സ്ത്രീധനപീഡനവും ആരോപിച്ച് കുടുംബം

#ന്യൂസ് ഡെസ്ക്
അങ്കിതാ കുമാരിയും മുഹമ്മദ് ആർസുവും | Image credit: @venom1s X
അങ്കിതാ കുമാരിയും മുഹമ്മദ് ആർസുവും | Image credit: @venom1s X

പട്‌ന: ഭർതൃഗൃഹത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവതിയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം. ഒളിച്ചോടിപ്പോയി പ്രണയവിവാഹം കഴിച്ച യുവതിയെ ഭർത്താവും കുടുംബവും നിരന്തരം മതംമാറാൻ പ്രേരിപ്പിച്ചിരുന്നതായും അവൾ സ്വന്തം മാതാപിതാക്കളുമായി അടുത്തതോടെ സ്ത്രീധനം ചോദിച്ച് പീഡിപ്പിച്ചിരുന്നതായും യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. ഇക്കഴിഞ്ഞ ദുർഗാപൂജയ്ക്ക് മകൾ വീട്ടിൽ വരാൻ ആഗ്രഹം പ്രകടിപ്പിച്ചതായും പിന്നാലെയാണ് മരണം സംഭവിച്ചതെന്നും യുവതിയുടെ മാതാവ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.

ബിഹാറിലെ ബെഗുസരായിയിൽ അങ്കിത കുമാരി എന്ന യുവതിയെയാണ് ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അങ്കിതയെ ഭർത്താവ് മുഹമ്മദ് ആർസു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണ് എന്നാണ് കുടുംബത്തിന്റെ ആരോപണം.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2021-ലാണ് അങ്കിത മുഹമ്മദ് ആർസുവുമൊത്ത് ഒളിച്ചോടിപ്പോയി വിവാഹം കഴിച്ചത്. പിന്നാലെ അങ്കിതയുടെ കുടുംബം ആർസുവിനെതിരെ പോലീസിൽ പരാതി നൽകിയിരുന്നു.

എന്നാൽ, ഇരുവർക്കും പ്രായപൂർത്തിയായതായി ചൂണ്ടിക്കാട്ടി, ഒന്നിച്ചു ജീവിക്കാൻ കോടതി അനുമതി നൽകുകയായിരുന്നു. തുടർന്ന് ഇരുവരും ഭാര്യഭർത്താക്കന്മാരായി ജീവിച്ചു വരികയായിരുന്നു. അങ്കിതയുടെ അമ്മ ദ്രൗപതി ദേവി വ്യക്തമാക്കുന്നതനുസരിച്ച്, വ്യത്യസ്ത മതപശ്ചാത്തലം കാരണം വിവാഹശേഷം അധികം വൈകാതെ തന്നെ ദമ്പതികൾക്കിടയിൽ തർക്കങ്ങൾ ഉയർന്നുവന്നിരുന്നു. 2023-ൽ അങ്കിത ഒരു പെൺകുഞ്ഞിന് ജന്മം നൽകിയതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായി.

ആർസുവും കുടുംബവും സ്ത്രീധനമായി പണം ആവശ്യപ്പെടാനും അങ്കിതയോട് ഇസ്ലാം മതം സ്വീകരിക്കാനും സമ്മർദം ചെലുത്തിത്തുടങ്ങിയതായി ദ്രൗപതി ആരോപിക്കുന്നു. മതം മാറാൻ വിസമ്മതിച്ചതിനും സ്ത്രീധന ആവശ്യങ്ങൾ നിറവേറ്റാത്തതിനും മകളെ ഭർത്താവും വീട്ടുകാരും നിരന്തരം പീഡിപ്പിച്ചിരുന്നതായും അവർ പരാതിയിൽ ആരോപിക്കുന്നു. പ്രശ്‌നം രൂക്ഷമായതോടെ അങ്കിതയുടെ കുടുംബം ഇടപെടുകയും ചർച്ചകളിലൂടെ തർക്കം പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

തുടർന്ന് അങ്കിത സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തി. പിന്നീട് ആർസുവിന്റെ വീട്ടുകാരുമായി നടന്ന മധ്യസ്ഥ ചർച്ചകൾക്കുശേഷം ശേഷം അങ്കിത വീണ്ടും ഭർത്താവിനൊപ്പം താമസിക്കാൻ തിരികെ പോയി. എന്നാൽ പിന്നീടും സ്ത്രീധനത്തിന്റെ പേരിലും മതപരിവർത്തനത്തിന്റെ പേരിലുമുള്ള പീഡനം അവർ തുടരുകയായിരുന്നു എന്ന് ദ്രൗപതി ആരോപിക്കുന്നു. ദുർഗാപൂജയോടനുബന്ധിച്ച് ക്ഷേത്രത്തിൽ പോകണമെന്ന് പറഞ്ഞതുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മിലെ ഒടുവിലത്തെ വഴക്ക് നടന്നതെന്നും അവർ പറയുന്നു.

ഒക്ടോബർ 19-ന് ദസറ ആഘോഷത്തോടനുബന്ധിച്ച് ബഡി ബല്ലിയയിലെ ദുർഗാ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്താനായി കൊണ്ടുപോകണമെന്ന് അങ്കിത ഭർത്താവിനോട് ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ ആർസു അങ്കിതയെ മർദ്ദിക്കുകയായിരുന്നു. അന്ന് രാത്രി 11 മണിയോടെ അങ്കിത തന്നെ ഫോണിൽ വിളിച്ച് ഇക്കാര്യങ്ങളെല്ലാം സംസാരിച്ചുവെന്നും വീണ്ടും സ്വന്തം വീട്ടിലേക്ക് മടങ്ങിവരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുവെന്നും ദ്രൗപതി പറഞ്ഞു.

എന്നാൽ, അന്ന് പുലർച്ചെ രണ്ടുമണിയോടെ ആർസു കുടുംബത്തെ വിളിച്ച് അങ്കിത തൂങ്ങിമരിച്ചുവെന്ന് അറിയിക്കുകയായിരുന്നു. വാർത്തയറിഞ്ഞ് ആർസുവിന്റെ ഗ്രാമത്തിലെത്തിയ കുടുംബം അന്നുതന്നെ, ഒക്ടോബർ 20-ന് പ്രാദേശിക പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. ആർസു, സഹോദരൻ, സഹോദരന്റെ ഭാര്യ, സഹോദരി, മറ്റൊരു വ്യക്തി എന്നിവർക്കെതിരെയാണ് പരാതി നൽകിയിട്ടുള്ളത്.

സ്ത്രീധന പീഡനം, മതപരിവർത്തനത്തിനായുള്ള സമ്മർദം, കൊലപാതകം എന്നീ വിഷയങ്ങളാണ് പരാതിയിൽ ആരോപിച്ചിരിക്കുന്നത്. അങ്കിതയുടെ മൃതദേഹം കസ്റ്റഡിയിലെടുത്ത പോലീസ് പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ദ്രൗപതി ദേവി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായ നിഖിൽ കുമാർ സ്ഥിരീകരിച്ചു.

Content Highlights: Ankit Kumari was found dead at her husband's home, with her family alleging murder by her husband, Mohammad Arsu, due to dowry demands and pressure to convert to Islam. The couple, who eloped in 2021, faced marital disputes due to religious differences, which intensified after the birth of their daughter in 2023. Ankit's family filed a police complaint against Arsu and his relatives, accusing them of dowry harassment, religious conversion pressure, and murder, prompting a police investigation.