ഹെൽമറ്റിന്റെ പേരിൽ തർക്കം; ബെവറജസ് വിൽപനശാലയിൽ ജീവനക്കാരന്റെ തല ബിയർകുപ്പികൊണ്ട് അടിച്ചുപൊട്ടിച്ചു

കൊട്ടാരക്കര (കൊല്ലം): ബെവറജസ് വിദേശമദ്യ വില്‍പ്പനശാലയില്‍ ജീവനക്കാരന്റെ തല ബിയര്‍കുപ്പികൊണ്ട് അടിച്ചുപൊട്ടിച്ചു. കാഷ് കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരന് പെരുങ്കുളം ദിയഭവനില് പി. ബേസിലി(49)നെ പരിക്കുകളോടെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. എംസി റോഡില്‍ കരിക്കത്തുള്ള മദ്യവില്‍പ്പനശാലയുടെ താഴെനിലയില്‍ ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.
വെട്ടിക്കവല മുട്ടവിള സ്വദേശികളായ രഞ്ജിത്ത്, ജാക്സണ് എന്നിവരാണ് അക്രമികളെന്ന് സിസിടിവി ദൃശ്യങ്ങളില്‍നിന്നു തിരിച്ചറിഞ്ഞെന്നും ഇവരെ തിരയുകയാണെന്നും എസ്എച്ച്ഒ ജയകൃഷ്ണന് പറഞ്ഞു.
മുഖംമറച്ച് ഹെല്‍മെറ്റ് ധരിച്ചെത്തിയ ആള്‍ക്ക് മദ്യം നല്‍കുന്നതിനെ രണ്ടുപേര്‍ ചോദ്യം ചെയ്യുകയും ഇയാളുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ഇതിനിടയില്‍ മൊബൈല്‍ ഫോണിന്റെ ഫ്ലാഷ് ലൈറ്റ് കൗണ്ടറിലുണ്ടായിരുന്ന ബേസിലിന്റെ കണ്ണില്‍ പതിക്കുകയും കൈ ഉയര്‍ത്തി തടയുന്നതിനിടെ ഫോണ്‍ താഴെവീഴുകയും ചെയ്തു.
ഇതോടെ ഒപ്പമുണ്ടായിരുന്ന ആള് ബിയര്‍കുപ്പികൊണ്ട് ബേസിലിന്റെ തലയ്ക്കടിച്ചു. അടിയുടെ ആഘാതത്തില്‍ കുപ്പിപൊട്ടിച്ചിതറുന്നതും പരിക്കേറ്റ് ബേസില്‍ താഴെയിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
പുറത്തേക്കുപോയ അക്രമിയെ മറ്റു ജീവനക്കാര്‍ പിടിച്ചുനിര്‍ത്തുകയും പുറത്തുപോകാതിരിക്കാന്‍ വാതില്‍ അടയ്ക്കുകയും ചെയ്തു. എന്നാല്‍ വാതില്‍ വലിച്ചുപൊളിച്ച് അക്രമിയും കൂട്ടാളിയും അവിടെനിന്നു കടന്നു. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് അന്വേഷണം തുടങ്ങി. മുഖംമറച്ചും ഹെല്‍മെറ്റ് ധരിച്ചും ബെവറജസ് വില്‍പ്പനശാലയില്‍ കടക്കരുതെന്നാണ് വ്യവസ്ഥ.
Content Highlights: bevco employee in kollam was seriously injured after being attacked with a beer bottle kottarakkara