വെട്ടിപ്പരിക്കേൽപ്പിച്ചശേഷം ആസിഡൊഴിച്ചു; ബെംഗളൂരുവിൽ നഴ്‌സിനുനേരെ ഭർത്താവിന്റെ ക്രൂര ആക്രമണം

ബെംഗളൂരു: ബെംഗളൂരുവിൽ ജെ.പി. നഗറിലെ സ്വകാര്യ ക്ലിനിക്കിന് സമീപം ഭർത്താവിന്റെ ക്രൂരമായ ആക്രമണത്തിൽ നഴ്‌സിന് ഗുരുതര പരിക്ക്. ക്ലിനിക്കിൽ നഴ്‌സായി ജോലി ചെയ്യുന്ന മധുമിത(26)യ്ക്കാണ് വെട്ടേറ്റത്. ആസിഡ് ആക്രമണത്തിനും ഇരയാക്കി. വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജെ.പി. നഗർ പോലീസ് സംഭവസ്ഥലത്തെത്തി പ്രതിയായ വെങ്കിടേഷിനെ കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന് പിന്നിലെ കൃത്യമായ കാരണം വ്യക്തമാകുന്നതിനായി പോലീസിന്റെ ചോദ്യംചെയ്യൽ നടന്നുവരികയാണ്.
പോലീസ് പറയുന്നതനുസരിച്ച്, മധുരയിൽനിന്നെത്തിയ ഭർത്താവ് വെങ്കിടേഷ്, മധുമിതയെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസ് സബ് ഇൻസ്‌പെക്ടർ ഉടൻതന്നെ സ്ഥലത്തെത്തി പ്രതിയെ പിടികൂടി.
പശ്ചിമ ബംഗാൾ സ്വദേശിനിയാണ് മധുമിത. വെങ്കിടേഷ് തമിഴ്നാട്ടിലെ മധുര സ്വദേശിയാണ്. 2023-ൽ വിവാഹിതരായ ഇവർ ദാമ്പത്യ തർക്കങ്ങളെത്തുടർന്ന് കഴിഞ്ഞ ഒരുവർഷമായി പിരിഞ്ഞുകഴിയുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
Content Highlights: A 26-year-old nurse, Madhumitha, was critically injured in a machete attack in JP Nagar, Bengaluru., The attacker, her estranged husband Venkatesh from Madurai, has been arrested by the police.