അടിപിടി, കാർ ചെയ്‌സ്, അരിവാളുമായി ഭീഷണി; പ്രണയവിവാഹം കഴിച്ച യുവതിയെ തട്ടിക്കൊണ്ടുപോകാനെത്തി ഗുണ്ടകൾ, തടഞ്ഞ് നാട്ടുകാർ

ബെംഗളൂരു: വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് കാമുകനെ വിവാഹം കഴിച്ച നായിക, അവളെ തിരികെ വീട്ടിലേക്ക് 'തട്ടിക്കൊണ്ടുവരാൻ' ബന്ധുക്കൾ ഏർപ്പാടാക്കുന്ന ക്വട്ടേഷൻ സംഘം, യുവതിയെ ബലമായി പിടിച്ചുവലിച്ച് കാറിലിട്ട് കൊണ്ടുപോകുന്നതിനിടെ നായികയുടെ നിലവിളി കേട്ട് രക്ഷപ്പെടുത്താൻ ഓടിയെത്തുന്ന നാട്ടുകാർ, ഗുണ്ടകളുടെ വക അരിവാൾവീശി ഭീഷണി, കല്ലെറിഞ്ഞ് പിന്നാലെ പാഞ്ഞ് നാട്ടുകാരും. വഴിനീളെ വാഹനങ്ങളെയും മനുഷ്യരെയും ഇടിച്ചിട്ട് ഒടുവിൽ വഴിയരികിൽ ഇടിച്ചുനിൽക്കുന്ന ക്വട്ടേഷൻ സംഘത്തിന്റെ കാർ... കേൾക്കുമ്പോൾ ഒരു സിനിമയുടെ ക്ലൈമാക്‌സ് പോലെ തോന്നുമെങ്കിലും കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ നടന്ന സംഭവമാണിത്.
തങ്ങളുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം കഴിച്ച യുവതിയെ കുടുംബം അയച്ച നാലംഗ സംഘം ബെംഗളൂരുവിലെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതാണ് സംഭവം. രാജസ്ഥാൻ സ്വദേശികളായ പൂജയും (21) ഓംപ്രകാശും (23) ഒമ്പത് മാസം മുമ്പാണ് വിവാഹിതരായത്. കുടുംബങ്ങളുടെ എതിർപ്പ് മറികടന്ന് പ്രണയവിവാഹം കഴിച്ച ഇരുവരും തുടർന്ന് ബെംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു. എന്നാൽ ഇവരുടെ വിവാഹം അംഗീകരിക്കാൻ പൂജയുടെ കുടുംബം ഒരുക്കമായിരുന്നില്ല.
ബെംഗളൂരു പോലീസ് നൽകുന്ന വിവരമനുസരിച്ച്, ബുധനാഴ്ച വൈകുന്നേരം അഗ്രഹാര ദാസറഹള്ളിയിലുള്ള പൂജയുടെയും ഓംപ്രകാശിന്റെയും വീട്ടിലേക്ക് ക്ഷണിക്കപ്പെടാത്ത നാലുപേർ എത്തി. പൂജയെ മാതാപിതാക്കളുടെ അടുത്തേക്ക് തിരികെ എത്തിക്കാനായി ബന്ധുക്കൾ അയച്ചവരായിരുന്നു ആ നാലുപേർ. ക്വട്ടേഷനുമായി ദമ്പതികളുടെ താമസസ്ഥലത്തെത്തിയ നാലംഗ സംഘം പൂജയെ ഒരു ഹ്യുണ്ടായ് വെന്യു കാറിൽ ബലമായി തട്ടിക്കൊണ്ടുപോകുകയായിരുന്നു.
യുവതിയുടെ നിലവിളികേട്ട് നാട്ടുകാർ വാഹനം തടയാൻ ശ്രമിച്ചു. ഇതോടെ അക്രമിസംഘം വാഹനം അമിതവേഗതയിൽ ഓടിച്ചുപോവുകയും ചില നാട്ടുകാർ മറ്റ് വാഹനങ്ങളിൽ ഇവരെ പിന്തുടരുകയും ചെയ്തു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാർ നിരവധി വാഹനങ്ങളിലിടിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിനിടെ തങ്ങളെ പിന്തുടർന്ന നാട്ടുകാരെ വടിവാൾ വീശി ഭീഷണിപ്പെടുത്തുകയും ചെയ്തു ഗുണ്ടകൾ.
കാർ ഈ പ്രദേശത്തുനിന്നും പുറത്തുപോകുന്നത് തടയുന്നതിനായി നാട്ടുകാർ പിന്നാലെകൂടി വാഹനത്തിനുനേരെ കല്ലെറിഞ്ഞു, പിന്നാലെ കാർ അടുത്തുള്ള പ്രദേശത്ത് ഇടിച്ചുനിർത്തുകയായിരുന്നു. രാത്രി എട്ടുമണിയോടെ നാട്ടുകാർ കാറിലുണ്ടായിരുന്നവരെ പിടികൂടി ഉള്ളിലുണ്ടായിരുന്ന യുവതിയെ രക്ഷപ്പെടുത്തി പോലീസിന് കൈമാറി. നിലവിൽ മൂന്ന് പ്രതികൾ പോലീസ് കസ്റ്റഡിയിലാണ്. കാറോടിച്ചിരുന്നയാൾ ഓടിരക്ഷപ്പെട്ടു.
സദ്ദാം, രാകേഷ്, കരൺ, അയാൻ എന്നിവരാണ് പൂജയെ കൊണ്ടുപോകാനെത്തിയ നാലുപേർ എന്ന് പോലീസ് തിരിച്ചറിഞ്ഞു. വാഹനം ഓടിച്ചിരുന്ന സദ്ദാം നിലവിൽ ഒളിവിലാണ. രാജസ്ഥാൻ സ്വദേശികളായ രാകേഷ് (31), കരൺ (25), അയാൻ (18) എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. തട്ടിക്കൊണ്ടുപോകലിന് ഉപയോഗിച്ച ഹ്യുണ്ടായ് വെന്യു കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തിൽ 20-ലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഒരു ദൃക്‌സാക്ഷി പറഞ്ഞു. കാർ തടയാൻ ശ്രമിച്ച ചിലരെ ഗുണ്ടകൾ അരിവാൾവീശി ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തതായി ഇയാൾ അവകാശപ്പെട്ടു. എന്നാൽ, വാഹനമിടിച്ച് ആറ് പേർക്ക് പരിക്കേറ്റതായിട്ടാണ് പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. അമിതവേഗതയിൽ സഞ്ചരിച്ച വാഹനം ഇടിച്ചും അതിന്റെ ചക്രങ്ങൾക്കടിയിൽപ്പെട്ടും ചിലർക്ക് പരിക്കേറ്റു.
പരിക്കേറ്റവർ ചികിത്സയിലാണ്. ഇതിൽ തലയ്ക്ക് പരിക്കേറ്റ ഒരു സ്ത്രീയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തട്ടിക്കൊണ്ടുപോകലിനെയും തുടർന്നുണ്ടായ വാഹന അപകടങ്ങളെയും കുറിച്ച് അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി വിജയനഗർ പോലീസ് സ്റ്റേഷനിൽ പൂജയേയും മറ്റ് ബന്ധപ്പെട്ടവരെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്.
Content Highlights: A woman named Pooja was forcibly abducted by a four-member group sent by her family, who opposed her marriage to Omprakash, in Bengaluru. The couple had married against their families' wishes and moved to Bengaluru.