വിരലടയാളം വരെ കൃത്യം; ഒറിജിനൽ ആധാർ കാർഡുമായി ബംഗ്ലാദേശ് പൗരൻ കൊച്ചിയിൽ പിടിയിൽ

#സ്വന്തം ലേഖിക
പ്രതീകാത്മക ചിത്രം | photo: AP
പ്രതീകാത്മക ചിത്രം | photo: AP

കൊച്ചി : രാജ്യത്ത് അനധികൃതമായി താമസിച്ചുവരുന്ന ഒരു ബംഗ്ലാദേശ് പൗരൻ കൂടി പോലീസ് പിടിയിൽ. വൈപ്പിൻ ഞാറയ്ക്കലിൽ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. ഇയാളുടെ കൈയ്യിൽ നിന്ന് ഒറിജിനൽ ആധാർ കാർഡ് കണ്ടെടുത്തിട്ടുണ്ട്. അനധികൃതമായി കൊച്ചിയിൽ താമസിച്ച് ജോലി ചെയ്ത് വരുകയായിരുന്ന 27 ബംഗ്ലാദേശി പൗരൻമാരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ആലുവ പൊലീസും തീവ്രവാദ വിരുദ്ധ സേനയും ചേർന്ന് നടത്തിയ റെയ്ഡിലാണ് 27 പേർ പിടിയിലായത്. ഇവരുടെയെല്ലാം കയ്യിൽ നിന്ന് വ്യാജ ആധാർ കാർഡുകളും പിടിച്ചെടുത്തിരുന്നു. ആധാർ കാർഡുകൾ ഇവർ ബംഗ്ലാദേശിൽ നിന്ന് തന്നെ സംഘടിപ്പിച്ചിരുന്നുവെന്നാണ് പോലീസ് അറിയിക്കുന്നത്.

ഇതിന് പിന്നാലെയാണ് ഇപ്പോൾ ഞാറയ്ക്കലിൽ നിന്നും ഒരു ബംഗ്ലാദേശ് പൗരൻ കൂടി പിടിയിലാകുന്നത്. ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയതാണെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു. തുടർന്ന് ഇയാളുടെ പക്കലുള്ള ഒറിജിനൽ ആധാർ കാർഡുമായി അക്ഷയ സെന്ററിൽ പോലീസെത്തുകയും വിരലടയാളം പരിശോധിക്കുകയും ചെയ്തു. വിരലടയാളവും കൃത്യമായി വന്നത് പോലീസിനെ അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. മറ്റൊരു രാജ്യത്തെ പൗരൻ ഇവിടെ നുഴഞ്ഞു കയറി ഒറിജിനൽ ആധാർ കാർഡ് വരെ സംഘടിപ്പിച്ചത് രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന കാര്യമാണ്. കൂടുതൽ ബംഗ്ലാദേശികൾ എറണാകുളത്തെ റൂറൽ മേഖലകളിൽ ഇനിയും അനധികൃതമായി നുഴഞ്ഞു കയറിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

മുനമ്പത്ത് നിന്ന് കഴിഞ്ഞ ദിവസം പിടിയിലായ 27 പേരും ഇതര സംസ്ഥാന തൊഴിലാളികളെന്ന വ‍്യാജേന മുനമ്പത്തെ ലേബർ ക‍്യാംപിൽ താമസിച്ച് വരുകയായിരുന്നു. കൊച്ചിയിൽ അനധികൃതമായി നിരവധി ബംഗ്ലാദേശികൾ എത്തിയെന്ന രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന ആരംഭിച്ച 'ഓപ്പറേഷൻ ക്ലീൻ' എന്ന പ്രത്യേക ഓപ്പറേഷന്‍റെ ഭാഗമായാണ് നടപടികൾ. 
 

Content Highlights: Bangladesh citizen arrested in Kochi with original Aadhaar card