യുവതിയുടെ ആത്മഹത്യ: കേസിൽ പ്രതിയായതോടെ ഭർത്താവും ജീവനൊടുക്കി; വിവരമറിഞ്ഞ് അമ്മയുടെ ആത്മഹത്യാശ്രമം

ബെംഗളൂരു: യുവതി ആത്മഹത്യചെയ്ത കേസിൽ പ്രതിയായ ഭർത്താവിനെയും ജീവനൊടുക്കിയനിലയിൽ കണ്ടെത്തി. ബെംഗളൂരു വിദ്യാരണ്യപുര ബിഇഎൽ ലേഔട്ടിൽ താമസക്കാരനായ സൂരജ് ശിവണ്ണ(35)യെയാണ് നാഗ്പുരിലെ ഹോട്ടൽമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സൂരജ് ജീവനൊടുക്കിയത് കണ്ടതോടെ ഒപ്പമുണ്ടായിരുന്ന അമ്മ ജയന്തി ശിവണ്ണയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. അവശനിലയിൽ കണ്ടെത്തിയ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സൂരജിന്റെ ഭാര്യ ഗനവി വീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യുവതിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. ഗനവിയുടെ മരണത്തിന് പിന്നാലെ ഭർത്താവിനും ഭർതൃമാതാവിനുമെതിരേ പരാതികളുയർന്നു. ഒന്നരമാസം മുൻപ് വിവാഹിതരായവരാണ് സൂരജും ഗനവിയും. എന്നാൽ, വിവാഹശേഷം സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും ഭർതൃമാതാവും ഗനവിയെ ഉപദ്രവിച്ചെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. ഇതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്ന് ഇവരുടെ ബന്ധുക്കൾ ആരോപിച്ചു.
യുവതിയുടെ മരണത്തിൽ പരാതി ഉയർന്നതോടെ ഭർത്താവായ സൂരജിനും ഭർതൃമാതാവ് ജയന്തിക്കും എതിരേ പോലീസ് ആത്മഹത്യാപ്രേരണയ്ക്ക് കേസെടുത്തിരുന്നു. എന്നാൽ, പോലീസ് കേസെടുത്തതിന് പിന്നാലെ സൂരജും ഇളയസഹോദരൻ സഞ്ജയും അമ്മ ജയന്തിയും ബെംഗളൂരു വിട്ടു. ആദ്യം ഹൈദരാബാദിലെത്തിയ ഇവർ പിന്നീട് നാഗ്പുരിലെത്തി. ഇവിടെ ഒരു ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുന്നതിനിടെയാണ് സൂരജിനെ മുറിയിലെ സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മകൻ ജീവനൊടുക്കിയ വിവരമറിഞ്ഞതോടെ ഇതേ ഹോട്ടലിലുണ്ടായിരുന്ന അമ്മ ജയന്തിയും ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. എന്നാൽ, അവശനിലയിൽ കണ്ടെത്തിയ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇവർ അപകടനില തരണംചെയ്തതായും പോലീസ് പറഞ്ഞു. സംഭവത്തിൽ സൂരജിന്റെ സഹോദരന്റെ മൊഴി രേഖപ്പെടുത്തിയതായും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: Husband accused in wife`s suicide case found dead in Nagpur hotel. Mother also attempted suicide. Police investigating dowry harassment allegations.