സ്‌കൂട്ടിയിൽ ഒളിപ്പിച്ച് അനധികൃത വിദേശമദ്യ വിൽപ്പന; ബാലുശ്ശേരിയിൽ ഒരാൾ അറസ്റ്റിൽ

ബാലുശ്ശേരി: കോഴിക്കോട് എക്‌സൈസ് ഡിവിഷനിലെ ബാലുശ്ശേരി എക്‌സൈസ് റെയിഞ്ച് നടത്തിയ പരിശോധനയിൽ അനധികൃതമായി ഇന്ത്യൻ നിർമ്മിത വിദേശമദ്യം (IMFL) വിൽപ്പന നടത്തിയിരുന്ന ഒരാളെ അറസ്റ്റ് ചെയ്തു. അവിടനല്ലൂർ വടക്കേ നെല്ലിയോട്ട് കണ്ടി ഉണ്ണി നായരുടെ മകൻ ഷൈജു പി.എം. (45) ആണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.
ജൂലൈ 16, വ്യാഴാഴ്ച രാവിലെ 11 മണിയോടെ കൊയിലാണ്ടി താലൂക്കിലെ അവിടനല്ലൂർ വില്ലേജിൽ കൂട്ടാലിട നരയംകുളം റോഡിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. സ്‌കൂട്ടിയിൽ 4.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം വിൽപ്പന നടത്തിയെന്നാണ് കണ്ടെത്തിയത്. സംഭവത്തിൽ അബ്കാരി ആക്ട് വകുപ്പുകൾ പ്രകാരം കേസെടുത്തു.
പ്രതിയെയും പിടിച്ചെടുത്ത മദ്യവും സ്‌കൂട്ടിയും തുടർ നിയമനടപടികൾക്കായി കസ്റ്റഡിയിലെടുത്തു. ബാലുശ്ശേരി എക്‌സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ ധ്രുപദ് എസ്സിന്റെ നേതൃത്വത്തിലാണ് പരിശോധനയും അറസ്റ്റും നടന്നത്.
അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) പ്രകാശൻ എ.കെ., സിവിൽ എക്‌സൈസ് ഓഫീസർമാരായ അനൂപ് കുമാർ എസ്.ജെ., ജിഷ്ണു പി.കെ., വനിത സിവിൽ എക്‌സൈസ് ഓഫീസർ ജിജി വി., സിവിൽ എക്‌സൈസ് ഓഫീസർ (ഡ്രൈവർ) വിനുരാജ് എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
Content Highlights: Arrest of 45-year-old Shaiju P.M. in Avidanallur., Seizure of 4.5 liters of Indian Made Foreign Liquor (IMFL). Liquor was being sold using a scooter. Operation led by Balussery Excise Range Inspector Dhrupad S. Case registered under the Abkari Act.