കിണറ്റിലിട്ടത് ഉൾവിളിവന്ന്, കുട്ടിയെ കൊന്ന ദിവസം മുറിക്ക് തീയിട്ടു; അച്ഛൻ്റെ മരണത്തിലും ദുരൂഹത

തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ടു വയസ്സുകാരിയുടെ കൊലപാതകത്തിന്റെ ചുരുളഴിക്കാനാകാതെ കുഴങ്ങി പോലീസ്. പ്രതിയായ ഹരികുമാര്‍ പരസ്പരവിരുദ്ധമായ മൊഴികള്‍ നല്‍കുന്നതാണ് പോലീസിനെ കുഴപ്പിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഉള്‍വിളി ഉണ്ടായെന്നും അപ്പോള്‍ കുട്ടിയെ കിണറ്റിലേക്കിടുകയാണ് ചെയ്തതെന്നാണ് ഹരികുമാര്‍ പറയുന്നത്. ഒരു മൊഴി നല്‍കി മിനിറ്റുകള്‍ക്കകം അത് മാറ്റി പറയുകയും ചെയ്യും. ഇത് പോലീസിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. കൂടാതെ കുട്ടിയുടെ അമ്മയും ഹരികുമാറിന്റെ സഹോദരിയുമായ ശ്രീതുവിനും കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് പോലീസിന്റെ സംശയം. ഒരാഴ്ച മുമ്പ് മരണപ്പെട്ട ഹരികുമാറിൻ്റെ അച്ഛന്‍ ഉദയകുമാറിന്റെ മരണത്തിലും ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പോലീസ് വിശദമായ അന്വേഷണത്തിലേക്ക് കടന്നിട്ടുണ്ട്.
പ്രദേശവാസികളുമായി അടുപ്പംകാണിച്ചിട്ടില്ലാത്ത കുടുംബം മൂന്നുവർഷം മുൻപാണ് മിഠാനുക്കോണത്തുള്ള കുടുംബവീട്ടിൽനിന്ന് കോട്ടുകാൽക്കോണം മുത്താരമ്മൻ കോവിൽ ഹയർ സെക്കൻഡറി സ്കൂളിനു മുന്നിലുള്ള വീട്ടിൽ വാടകയ്ക്ക് എത്തിയത്. ദേവേന്ദുവിന്റെ അമ്മ ശ്രീതു, മൂത്തമകൾ പൂർണേന്ദു, അമ്മ ശ്രീകല, അച്ഛൻ ഉദയൻ, അറസ്റ്റിലായ ഹരികുമാർ എന്നിവരായിരുന്നു വീട്ടിലെ താമസക്കാർ. ഹരികുമാറിനു പൂജയ്ക്കുപോകുന്ന ജോലിയാണെന്നാണ് നാട്ടുകാരോടു പറഞ്ഞിരുന്നത്. ഇയാൾ വർക്‌ഷോപ്പിൽ ജോലി ചെയ്തിരുന്നതായും നാട്ടുകാർ പറയുന്നുണ്ട്.
കടംവാങ്ങിയ പണം തിരിച്ചുനൽകുന്നില്ലെന്നുപറഞ്ഞ് ഇവരുടെ വീട്ടിൽ പലപ്പോഴും ആളുകളെത്തിയിരുന്നു. മകൾക്ക് ദേവസ്വം ബോർഡിൽ താത്കാലികജോലിയുണ്ടെന്നാണ് ശ്രീകല നാട്ടുകാരോടു പറഞ്ഞിരുന്നത്. ശ്രീതുവിന്റെ ഭർത്താവ് ശ്രീജിത് വല്ലപ്പോഴും മാത്രമാണ് കോട്ടുകാൽക്കോണത്തെ വീട്ടിലെത്തുന്നതെന്ന് നാട്ടുകാർ പറയുന്നു.
ദേവേന്ദു കൊല്ലപ്പെട്ട ദിവസം ഹരികുമാറിന്റെ മുറിയിൽ തീപിടിത്തമുണ്ടായിരുന്നു. വസ്ത്രങ്ങൾ കത്തിയതിന്റെയും മണ്ണെണ്ണയുടെ ഗന്ധവും ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് ഇതുവരെ നിഗമനത്തിലെത്താൻ കഴിഞ്ഞിട്ടില്ല.
കേസിൽ കസ്റ്റഡിയിലെടുത്ത ശംഖുംമുഖം ദേവീദാസൻ എന്നറിയപ്പെടുന്ന കരിക്കകം മൂകാംബികമഠം ജ്യോത്സ്യൻ എസ്.പ്രദീപ് കുമാറിനെ പ്രദേശത്തു കണ്ടതായും ചിലർ പറയുന്നു. ഇത് സ്ഥിരീകരിക്കാൻ പോലീസിനായിട്ടില്ല. ദേവീദാസൻ 30 ലക്ഷത്തോളം രൂപ നൽകാനുണ്ടെന്ന് ശ്രീതു അടുത്തിടെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഇവർക്ക് ഇത്രയുംപണം എവിടെനിന്നുകിട്ടി എന്ന കാര്യത്തിൽ നാട്ടുകാർ ദുരൂഹത ആരോപിക്കുന്നു.
പലപ്പോഴും ശ്രീതു വീട്ടിൽ കാറിലെത്താറുണ്ടായിരുന്നെങ്കിലും കാർ വീടിനടുത്തൊന്നും നിർത്തിയിട്ടിരുന്നില്ല. കാർ വായ്പയെടുത്തതിന്റെ അടവുമുടങ്ങിയതുകാരണം ചിലർ തിരക്കിയെത്തിയപ്പോഴാണ് ശ്രീതുവിനു സ്വന്തമായി കാർ ഉണ്ടെന്ന വിവരവും നാട്ടുകാരറിയുന്നത്.
എന്നാൽ പോലീസ് ഇപ്പോൾ മാനസികവെല്ലുവിളിയെന്നു പറയുന്ന ഹരികുമാറിന് ഒരു മാനസികപ്രശ്നവുമില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ആരോടും അധികം അടുപ്പംകാണിക്കാത്ത ആളാണ് ഹരികുമാറെന്നും പരിസരവാസികൾ പറഞ്ഞു.
കേസിൽ കരിക്കകം സ്വദേശി ശംഖുംമുഖം ദേവീദാസൻ എന്നപേരിൽ അറിയപ്പെടുന്ന ജ്യോത്സ്യൻ ആർ.പ്രദീപ് കുമാറിൻ്റെ പങ്ക് സംബന്ധിച്ചും ആരോപണങ്ങളെല്ലാം നിഷേധിച്ചു. തനിക്കെതിരേയുള്ളത് കള്ളപ്പരാതിയും തെറ്റായ ആരോപണങ്ങളുമാണെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോടു പറഞ്ഞു. രാത്രി ഒൻപതുമണിയോടെയാണ് പ്രദീപ് കുമാറിനെ വിട്ടയച്ചത്.
ദേവേന്ദുവിന്റെ അമ്മ ശ്രീതു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രദീപ് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. 36 ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു പരാതി. ശ്രീതുവിന്റെ സഹോദരൻ ഹരികുമാറാണ് ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത്.
അന്ധവിശ്വാസവും കൊലപാതകത്തിനു കാരണമായിട്ടുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ജ്യോത്സ്യനെ പോലീസ് ചോദ്യംചെയ്തത്. പണം തട്ടിയെടുത്തുവെന്ന പരാതിയും കൊലപാതകത്തിനു കാരണമാകുംവിധം ജ്യോതിഷപ്രവചനം നടത്തിയെന്ന ആരോപണവും പ്രദീപ് കുമാർ പോലീസിനോടും നിഷേധിച്ചു.
ഹരികുമാറിനെയും ദേവീദാസനെയും ഒരുമിച്ചിരുത്തിയും വെവ്വേറെയും പോലീസ് ചോദ്യംചെയ്തിരുന്നു. പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ഇവർ രണ്ടുപേരും പറയുന്നതിലേറെയുമെന്ന് പോലീസ് പറഞ്ഞു. ശ്രീതുവിനെ കണ്ടിട്ടുണ്ടാകാമെന്നും ഓർക്കുന്നില്ലെന്നുമാണ് ദേവീദാസൻ പോലീസിനോടു പറഞ്ഞത്. എന്നാൽ, ശ്രീതുവിന്റെ വീട്ടിൽ ഇദ്ദേഹം പൂജ നടത്തിയിട്ടുണ്ടെന്ന് വീട്ടുകാർ പോലീസിനോടു പറഞ്ഞിട്ടുണ്ട്. ഇതുസംബന്ധിച്ച തെളിവുകൾ പോലീസിനു ലഭിക്കുകയും ചെയ്തിട്ടുണ്ട്.
ഇക്കാര്യവും ദേവീദാസൻ സമ്മതിച്ചിട്ടില്ല. മാധ്യമപ്രവർത്തകരോടും അദ്ദേഹം ഇക്കാര്യം നിഷേധിച്ചു.
Content Highlights: Contradictory statements from the accused, Hari Kumar,complicates the 2 year old girl murder case