കടയ്ക്കുള്ളില്‍ യുവതിയെ പെട്രോളൊഴിച്ച് തീയിട്ട് കൊല്ലാന്‍ ശ്രമം; മാതൃസഹോദരന്‍ പിടിയില്‍

കല്ലമ്പലം: നാവായിക്കുളത്ത് കടയ്ക്കുള്ളില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് തീയിട്ട് കൊലപ്പെടുത്താന്‍ ശ്രമം. നാവായിക്കുളം വെള്ളൂര്‍ക്കോണം എസ്.ജെ. നിവാസില്‍ ജാസ്മിനെ(39)യാണ് കൊല്ലാന്‍ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജാസ്മിന്റെ മാതൃസഹോദരനായ തമ്പി എന്നു വിളിക്കുന്ന മുഹമ്മദ് ഇസ്മയിലാണ് കൊല്ലാന്‍ ശ്രമിച്ചത്. വിഷം കഴിച്ചശേഷമാണ് ഇയാള്‍ പെട്രോളുമായി എത്തി അക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഇയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വര്‍ഷങ്ങളായി തുടരുന്ന വഴിത്തര്‍ക്കമാണ് ആക്രമണത്തിനു കാരണമായത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയിരുന്നു സംഭവം. നാവായിക്കുളം വെള്ളൂര്‍ക്കോണം പള്ളിക്കു സമീപം ജാസ്മിന്റെ പിതാവ് റഷീദ് നടത്തുന്ന കടയില്‍ കുപ്പിയില്‍ പെട്രോളുമായി എത്തിയാണ് ആക്രമണം നടത്തിയത്. റഷീദ് കേസ് സംബന്ധമായി കോടതിയില്‍ പോയിരുന്നു. അതിനാല്‍ ജാസ്മിനാണ് കടയിലുണ്ടായിരുന്നത്. അവിടെയെത്തിയ ഇസ്മയില്‍ കടയിലും ജാസ്മിന്റെ ദേഹത്തേക്കും പെട്രോള്‍ ഒഴിച്ചശേഷം തീ കൊളുത്തുകയായിരുന്നു.
ദേഹത്ത് തീ പടര്‍ന്നതിനെ തുടര്‍ന്ന് കടയുടെ പുറത്തേക്ക് ഓടിയ ജാസ്മിന്‍ നിലത്ത് കിടന്ന് ഉരുണ്ടു. നാട്ടുകാരെത്തി തീ അണച്ചശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയി. 50 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് പ്രതിയെ നാട്ടുകാര്‍ തടഞ്ഞുവയ്ക്കുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു.
പോലീസെത്തി ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വഴിത്തര്‍ക്കത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി ജാസ്മിന്റെ അമ്മയും സഹോദരനും തമ്മില്‍ കേസ് നടന്നുവരികയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.
Content Highlights: attempt to kill a young woman