അട്ടപ്പാടിയിലെ മൃതദേഹങ്ങൾ പശ്ചിമബംഗാൾ സ്വദേശികളുടേതെന്ന് സൂചന; ഭർത്താവിനായി തിരച്ചിൽ

#ന്യൂസ് ഡെസ്ക്
• അട്ടപ്പാടി പുതൂർ പഞ്ചായത്തിൽ ഭവാനിപ്പുഴയോരത്ത് ചാക്കിൽക്കെട്ടി ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ പോലീസൂം ഫൊറൻസിക് വിഭാഗവും പരിശോധിക്കുന്നു
• അട്ടപ്പാടി പുതൂർ പഞ്ചായത്തിൽ ഭവാനിപ്പുഴയോരത്ത് ചാക്കിൽക്കെട്ടി ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ പോലീസൂം ഫൊറൻസിക് വിഭാഗവും പരിശോധിക്കുന്നു

അഗളി: അട്ടപ്പാടി ഭവാനിപ്പുഴയിൽ ചാക്കിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായി സൂചന. പശ്ചിമബംഗാൾ സ്വദേശികളായ യുവതിയുടെയും കുട്ടിയുടെയും മൃതദേഹമാണെന്ന നിഗമനത്തിലാണ് പോലീസ്.

യുവതിയുടെ ഭർത്താവിനായി പോലീസ് അന്വേഷണം തുടങ്ങി. ശരീരഭാഗങ്ങൾ യന്ത്രവാളുപയോഗിച്ചാണ് മുറിച്ചുമാറ്റിയതെന്നും യുവതിയുടെ തലയിൽ വെട്ടേറ്റതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കൊല്ലപ്പെട്ട രണ്ടുപേരുടെയും വിലാസം സ്ഥിരീകരിക്കാൻ ബന്ധുക്കളുമായി പോലീസ് ബന്ധപ്പെട്ടുവരികയാണ്. പോലീസിന്റെ ഒരുസംഘം പശ്ചിമബംഗാളിലേക്ക് തിരിച്ചിട്ടുമുണ്ട്. അട്ടപ്പാടിയിൽത്തന്നെയുള്ള സ്വകാര്യ നഴ്‌സറിയിലെ തൊഴിലാളികളായിരുന്നു ഇവരെന്നാണ് സംശയം. ഒരുമാസം മുൻപാണ് കുടുംബസമേതം ഇവിടെയെത്തിയത്. മൃതദേഹം കിട്ടുന്നതിന് കുറച്ചുദിവസംമുൻപുതന്നെ ഇവരെക്കുറിച്ച് വിവരങ്ങളൊന്നും കിട്ടാതായെന്നും അറിഞ്ഞിട്ടുണ്ട്.

ഞായറാഴ്ചയാണ് അട്ടപ്പാടി പുതൂർഭാഗത്ത് ഭവാനിപ്പുഴയിലെ ചീരക്കടവിൽ മൂന്ന്‌ ചാക്കിലായി ശരീരഭാഗങ്ങൾ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. അഗളി ഡിവൈ.എസ്.പി. ആർ. അശോകിനാണ് അന്വേഷണച്ചുമതല.

നടന്നത് ക്രൂരമായ കൊലപാതമെന്ന് പോലീസ്

അട്ടപ്പാടിയിൽ നടന്നത് ക്രൂരമായ കൊലപാതകമെന്ന് തൃശ്ശൂർ സിറ്റിപോലീസ് കമ്മിഷണർ നകുൽരാജേന്ദ്ര ദേശ്‌മുഖ് പറഞ്ഞു. മൃതദേഹങ്ങൾ കണ്ടെത്തിയ ചീരക്കടവ് ഭാഗത്ത് പരിശോധനയ്ക്കായി എത്തിയശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മരിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അത് സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ്. സ്വകാര്യ നഴ്‌സറിയിലെ രണ്ടുപേരെ കാണാനില്ലെന്ന വിവരം തിങ്കളാഴ്ച രാവിലെയാണ് ലഭിച്ചത്. സംഭവത്തിൽ ഒരാളെ സംശയിക്കുന്നുണ്ട്. കൊലപാതകത്തിന്റെ കാരണങ്ങളും മറ്റും അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലാളികൾ താമസിച്ചിരുന്ന തോട്ടത്തിലും പോലീസ് സംഘം പരിശോധന നടത്തി. മൃതദേഹങ്ങൾ കണ്ടെത്തിയ പുഴയുടെ മുകൾഭാഗത്തുനിന്ന് ഏറെ അകലെയല്ലാതെയാണ് സ്വകാര്യ നഴ്‌സറി സ്ഥിതിചെയ്യുന്നത്.

അഗളി ഡി.വൈ.എസ്.പി. ആർ. അശോക് കുമാർ, സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി. സന്തോഷ് കുമാർ അഡിഷണൽ എസ്.പി. സി.ആർ. സന്തോഷ്, അഗളി ഇൻസ്പെക്ടർ സി.രതീഷ് തുടങ്ങിയവരും കമ്മിഷണറോടൊപ്പമുണ്ടായിരുന്നു.