കൊല്ലത്ത് DMK നേതാവിന് മര്‍ദനം; കേരള കോണ്‍ഗ്രസ്(ബി) കൗണ്‍സിലറടക്കം നാലുപേര്‍ അറസ്റ്റില്‍

പുനലൂര്‍(കൊല്ലം):ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ.) ജില്ലാ സെക്രട്ടറി, പുനലൂര്‍ ചെമ്മന്തൂര്‍ മുരുകന്‍കോവില്‍ സതിസദനത്തില്‍ എസ്.രജിരാജി(45)നെ ക്രൂരമായി മര്‍ദിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പുനലൂര്‍ നഗരസഭാ കൗണ്‍സിലറടക്കം നാലുപേര്‍ അറസ്റ്റില്‍. രണ്ടുപേര്‍ക്കായി തിരച്ചില്‍.
പത്തേക്കര്‍ വാര്‍ഡ് കൗണ്‍സിലറും കേരള കോണ്‍ഗ്രസ് (ബി) പുനലൂര്‍ നിയോജകമണ്ഡലം പ്രസിഡന്റുമായ പുനലൂര്‍ പത്തേക്കര്‍ ഷിബുവിലാസത്തില്‍ ഷൈന്‍ ബാബു (40), ചെങ്ങന്നൂര്‍ പെണ്ണുക്കര ശ്യാമളാലയത്തില്‍ ശരത് (30), ചെങ്ങന്നൂര്‍ കാരക്കാട് മുളക്കുഴ കൊല്ലന്തറയില്‍ വീട്ടില്‍ രാജേഷ് (38), ആലപ്പുഴ നൂറനാട് പടനിലം കാവുള്ളതില്‍ കിഴക്കതില്‍ രാകേഷ് (36) എന്നിവരാണ് അറസ്റ്റിലായത്.
സംഭവവുമായി ബന്ധപ്പെട്ട് ഗൂഢാലോചനയില്‍ പങ്കെടുത്തെന്ന കുറ്റം ചുമത്തിയാണ് ഷൈന്‍ ബാബുവിനെ അറസ്റ്റ് ചെയ്തിട്ടുള്ളത്. സാമൂഹികമാധ്യമത്തിലൂടെ ഷൈന്‍ ബാബുവിനെ അപമാനിച്ചതാണ് രജിരാജിനോട് വൈരാഗ്യത്തിനിടയാക്കിയതെന്നും മര്‍ദനത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെ ചെമ്മന്തൂര്‍ കോളേജ് ജങ്ഷനിലാണ് ആക്രമണമുണ്ടായത്. നഗരത്തിലേക്ക് വരാന്‍ ബസ് കാത്തുനില്‍ക്കുമ്പോള്‍ കാറിലെത്തിയ സംഘം രജിരാജിനെ വടിവാളും കമ്പിവടിയും കൊണ്ട് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രജിരാജ് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഡി.എം.കെ. ധര്‍ണ 30-ന്
രജിരാജിനെ കൊല്ലാന്‍ ശ്രമിച്ച സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ. 30-ന് പുനലൂരില്‍ കൂട്ടധര്‍ണ്ണ നടത്തും. തൂക്കുപാലത്തിനുസമീപം വൈകീട്ട് നാലിനാണ് ധര്‍ണ്ണ. സംസ്ഥാന സെക്രട്ടറി കെ.ആര്‍.മുരുഗേശന്‍ ഉദ്ഘാടനം ചെയ്യും.
Content Highlights: attack against dmk leader in punalur kollam