'ബൈക്കുള കമ്പനി'യുടെ തലവന്‍, അധോലോകത്തുനിന്ന് MLA; 17 വർഷത്തിനുശേഷം ജയില്‍മോചിതനായി അരുണ്‍ ഗാവ്‌ലി

അരുണ്‍ ഗാവ്‌ലി(മധ്യത്തില്‍) നാഗ്പുര്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയശേഷം വിമാനത്താവളത്തിൽ എത്തിയപ്പോൾ | Photo: PTI
അരുണ്‍ ഗാവ്‌ലി(മധ്യത്തില്‍) നാഗ്പുര്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയശേഷം വിമാനത്താവളത്തിൽ എത്തിയപ്പോൾ | Photo: PTI

മുംബൈ: കുപ്രസിദ്ധ അധോലാകനേതാവും മുന്‍ എംഎല്‍എയുമായ അരുണ്‍ ഗാവ്‌ലി(76) പതിനേഴ് വര്‍ഷത്തിന് ശേഷം ജയില്‍മോചിതനായി. 2007-ലെ കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന അരുണ്‍ ഗാവ്‌ലി, സുപ്രീംകോടതി ജാമ്യം അനുവദിച്ചതോടെയാണ് പുറത്തിറങ്ങിയത്. നാഗ്പുര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് ബുധനാഴ്ചയാണ് അരുണ്‍ ഗാവ്‌ലി പുറത്തിറങ്ങിയത്. മുന്‍ എംഎല്‍എയെ സ്വീകരിക്കാനായി കുടുംബാംഗങ്ങളും അനുയായികളും ഉള്‍പ്പെടെയുള്ളവര്‍ ജയിലിന് മുന്നിലെത്തിയിരുന്നു.

മുംബൈയിലെ ശിവസേന നേതാവായ കാംലാക്കര്‍ ജാംസന്ദേകറിനെ കൊലപ്പെടുത്തിയ കേസിലാണ് അരുണ്‍ ഗാവ്‌ലിയെ വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നത്. ഇതിനെതിരേ പ്രതി ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും 2019-ല്‍ വിചാരണക്കോടതിയുടെ വിധി ഹൈക്കോടതിയും ശരിവെക്കുകയായിരുന്നു. തുടര്‍ന്നാണ് അരുണ്‍ ഗാവ്‌ലി സുപ്രീംകോടതിയെ സമീപിച്ചത്.

മുംബൈ അധോലോകത്തില്‍നിന്ന് രാഷ്ട്രീയത്തിലേക്കെത്തി കുപ്രസിദ്ധി നേടിയ ആളാണ് അരുണ്‍ ഗാവ്‌ലി. സഹോദരനായ കിഷോറിനൊപ്പം 1970-കളിലാണ് അരുണ്‍ ഗാവ്‌ലി മുംബൈ അധോലോകത്തെത്തുന്നത്. രാമ നായിക്കിന്റെയും ബാബു റെഷീമിന്റെയും നേതൃത്വത്തിലുള്ള 'ബൈക്കുള കമ്പനി' എന്ന അധോലോകസംഘത്തിലായിരുന്നു ഇരുവരുടെയും തുടക്കം. മുംബൈയിലെ ബൈക്കുള, പരേല്‍ മേഖലകളെ വിറപ്പിച്ചിരുന്ന ഗുണ്ടാസംഘമായിരുന്നു ഇവരുടേത്.

1988-ല്‍ പോലീസ് ഏറ്റുമുട്ടലില്‍ രാമ നായ്ക്ക് കൊല്ലപ്പെട്ടതോടെ അരുണ്‍ ഗാവ്‌ലി ബൈക്കുള കമ്പനിയുടെ നേതൃത്വം ഏറ്റെടുത്തു. പിന്നീടങ്ങോട്ട് മുംബൈയിലെ നിരവധി ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ബൈക്കുള കമ്പനി സജീവമായിരുന്നു. 80-കളിലും 90-കളിലും ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയും ബൈക്കുള കമ്പനിയും തമ്മില്‍ പലതവണ ഏറ്റുമുട്ടലുകളുണ്ടായി. ആദ്യം ശിവസേനയുമായി അടുപ്പമുണ്ടായിരുന്ന അരുണ്‍ ഗാവ്‌ലി 90-കളുടെ മധ്യത്തില്‍ പാര്‍ട്ടിയുമായുള്ള ബന്ധം വിച്ഛേദിച്ചു. തുടര്‍ന്ന് അഖില ഭാരതീയസേന എന്ന പേരില്‍ സ്വന്തം രാഷ്ട്രീയപാര്‍ട്ടിയും സ്ഥാപിച്ചു. 2004-ലെ തിരഞ്ഞെടുപ്പില്‍ മുംബൈയിലെ ചിഞ്ച്‌പൊക്ലിയില്‍ മത്സരിച്ച അരുണ്‍ ഗാവ്‌ലി എംഎല്‍എയായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Content Highlights: Arun Gawli, ex-MLA and gangster, released on bail after 17 years in jail for a 2007 murder case