അർമാൻ മാലിക്കിന് വധഭീഷണി; തോക്ക് വേണമെന്ന് ആവശ്യം

ന്യൂഡൽഹി: യൂട്യൂബർ, ഗായകൻ, റിയാലിറ്റി ഷോ മത്സരാർത്ഥി എന്നീ നിലകളിൽ ശ്രദ്ധേയനായ അർമാൻ മാലിക് വധഭീഷണിയെ തുടർന്ന് ആയുധ ലൈസൻസ് ആവശ്യവുമായി പഞ്ചാബ് പോലീസിനെ സമീപിച്ചു. തനിക്ക് വധഭീഷണി ഉണ്ടെന്ന് വീഡിയോയിലൂടെയാണ് അർമാൻ മാലിക് ആരാധകരെ അറിയിക്കുന്നത്. അർമാൻ പിന്നീട് വീഡിയോ ഡിലീറ്റ് ചെയ്തു
''സുരക്ഷയ്ക്കായി ആയുധ ലൈസൻസിന് അപേക്ഷിച്ചിരുന്നു, എനിക്ക് എന്റെ കുടുംബത്തെ സംരക്ഷിക്കണം. എന്നാൽ ഓരോ തവണയും എനിക്കെതിരെ കേസുണ്ട് എന്ന് പറഞ്ഞ് എന്നെ തടയുന്നു. നമ്മുടെ നീതിന്യായ വ്യവസ്ഥയിൽ എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്, അവസാനം സത്യം ജയിക്കും. എന്നാൽ അതുവരെ, ഞാനും എന്റെ കുടുംബവും അരക്ഷിതാവസ്ഥയുടെ നിഴലിൽ ജീവിക്കണോ?' അർമാൻ വീഡിയോയിൽ ചോദിച്ചു.
പഞ്ചാബിലെ ഗായകർക്കും സിനിമാതാരങ്ങൾക്കും ലഹരി-മാഫിയ ഗ്രൂപ്പുകളിൽനിന്നും മറ്റും പണം ആവശ്യപ്പെട്ടുകൊണ്ട് നിരന്തരം ഭീഷണികൾ ഉണ്ടാവാറുണ്ട്. പഞ്ചാബ് സിനിമാ രംഗത്തെ വളർന്നുവരുന്ന താരം അർമാൻ മാലിക് ആണ് ഇതിലെ ഏറ്റവും പുതിയ ഇര.
'ഒരു പിതാവ് എന്ന നിലയിലും ഉത്തരവാദിത്തമുള്ള പൗരൻ എന്ന നിലയിലും എന്നെയും എന്റെ കുട്ടികളെയും സംരക്ഷിക്കാൻ എനിക്ക് അവകാശമുണ്ട്. ഇത് സുരക്ഷയ്ക്കായുള്ള അപേക്ഷയാണ്,'' ബിഗ് ബോസ് മുൻതാരം കൂടിയായി അർമാൻ മാലിക് പറഞ്ഞു.
വ്യക്തിജീവിതത്തെക്കുറിച്ചുള്ള ആദ്യകാല വിമർശനങ്ങളെ അതിജീവിച്ച് സോഷ്യൽ മീഡിയയിൽ വലിയ ആരാധകവൃന്ദമുള്ള താരമാണ് അർമാൻ മാലിക്. അഭിനയം, മ്യൂസിക് ആൽബങ്ങളുടെ നിർമ്മാണം, റിയാലിറ്റി ടിവി സാന്നിധ്യം എന്നിവയിലൂടെ പ്രശസ്തനാണ് അർമാൻ മാലിക്.
Content Highlights: Armaan Malik informs his fans through a video that he has received death threats.