'അവന് കൊടുക്കേണ്ടത് കൊടുക്കും,പറ്റുമെങ്കിൽ പിടിക്ക്; ഒളിവിലിരുന്ന് സിഐയെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

#ന്യൂസ് ഡെസ്ക്
അര്‍ജുന്‍ ആയങ്കി പോലീസ് കസ്റ്റഡിയില്‍ (ഫയല്‍ ചിത്രം) |ഫോട്ടോ:മാതൃഭൂമി
അര്‍ജുന്‍ ആയങ്കി പോലീസ് കസ്റ്റഡിയില്‍ (ഫയല്‍ ചിത്രം) |ഫോട്ടോ:മാതൃഭൂമി

കൊച്ചി: പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസിൽ ഒളിവിലിരുന്ന് വീണ്ടും ഭീഷണിയുമായും വെല്ലുവിളിയുമായി അർജുൻ ആയങ്കി. ഊന്നുകൽ സിഐയോടാണ് അർജുൻ ആയങ്കി ഭീഷണിപ്പെടുത്തിയത്. വാട്‌സാപ്പിലൂടെ പോലീസ് ഉദ്യോഗസ്ഥനുമായി നടത്തിയ ചാറ്റും തന്റെ വെല്ലുവിളി സന്ദേശവും അർജുൻ ആയങ്കി തന്നെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു.

ഹൈക്കോടതി ജാമ്യം തള്ളിയപ്പോൾ കീഴടങ്ങാം എന്ന് തീരുമാനിച്ചു. പക്ഷെ അല്ലാതെ പിടിച്ചെ മതിയാവൂ എങ്കിൽ പിടിക്ക്. ഇനി ജാമ്യം എടുത്തിട്ടേ വരു എന്നും പറ്റുമെങ്കിൽ പിടിക്കാനും അർജുൻ ആയങ്കി വെല്ലുവിളിച്ചു. തന്നെ കള്ളക്കേസിൽ കുടുക്കിയ കോതമംഗലം സിഐക്ക് കൊടുക്കാനുള്ളത് കൊടുക്കുമെന്നും സന്ദേശത്തിൽ അർജുൻ ആയങ്കി പറയുന്നു. ഭീഷണി ശ്രദ്ധയിൽ പെട്ടെന്നും പരിശോധിക്കുകയാണെന്നും പോലീസ് അറിയിച്ചു.

സ്വർണ കവർച്ചയടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അർജുൻ ആയങ്കി. മെയ് മാസത്തിൽ അർജുൻ ആയങ്കിയും മറ്റു ഒമ്പത് പേരെയും കോതമംഗലത്ത് ആഡംബര റിസോർട്ടിൽനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. റിസോർട്ടിൽ പാർട്ടി നടത്തി കൂറ്റകൃത്യം ആസൂത്രണം ചെയ്യുന്നതിനിടയിലാണ് ആയങ്കിയും സംഘവും പിടിയിലായതെന്നാണ് പോലീസ് അറിയിച്ചിരുന്നത്.

ഇതുമായി ബന്ധപ്പെട്ടാണ് അർജുൻ ആയങ്കി കോതമംഗലം സിഐക്കെതിരെ ഫേസ്ബുക്ക് കുറിപ്പ് വഴി പരസ്യ ഭീഷണിയും അധിക്ഷേപവും നടത്തിയത്. സമാധാനപരനായി പെൻഷൻ വാങ്ങി ശിഷ്ട ജീവിതം നയിക്കാൻ അനുവദിക്കില്ലെന്നായിരുന്നു അർജുൻ ആയങ്കിയുടെ പോസ്റ്റ്. തുടർന്ന് പോലീസ് കേസെടുത്തിരുന്നു. ഊന്നുകൽ പോലീസാണ് ഈ കേസ് അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് പോലീസിന് നേരെ പുതിയ ഭീഷണിയും വെല്ലുവിളിയും.

Content Highlights: Arjun Ayanki publicly threatened a CI via WhatsApp and social media., High Court denied bail for the accused in the Kothamangalam resort case., Ayanki remains at large and continues to challenge police authority., Oonukal police are actively investigating the new threats.