കടത്തിയത് 14 കോടി രൂപയുടെ അടയ്ക്ക? ഞെട്ടിക്കുന്ന തട്ടിപ്പ്, പിടിച്ച ലോഡ് വിട്ടുകൊടുക്കാൻ സമ്മർദം

കാഞ്ഞങ്ങാട്: ബദിയഡുക്കയിലെ ഇല്ലാത്ത സ്ഥാപനത്തിന്റെ പേരിൽ ഒരുമാസത്തിനുള്ളിൽ അടയ്ക്ക കടത്തിയത് 14 തവണ. 15-ാമത്തെ തവണ കടത്തവെയാണ് ജിഎസ്ടി എൻഫോഴ്‌സ്‌മെന്റ് ഇന്റലിജന്റ്‌സ് ഉദ്യോഗസ്ഥരുടെ പിടിവീണത്. ഇത്രയും തവണകളായി അഞ്ചുകോടി രൂപയുടെ അടയ്ക്ക കടത്തി. ലോറിയിൽനിന്നുകിട്ടിയ ബില്ലിന്മേൽ നടത്തിയ അന്വേഷണത്തിൽ ലഭിച്ച കണക്കനുസരിച്ചാണ് ഇത്രയും തുക.
ഇപ്പോൾ പിടിച്ചത് ഒരുകോടി രൂപയുടെ അടയ്ക്കയാണ്. അങ്ങനെയെങ്കിൽ ഇതിനുമുൻപ് കടത്തിയത് ഓരോ തവണയും ഇതേ തുകയുടേതുതന്നെയായിരിക്കുമെന്നും അങ്ങനെയെങ്കിൽ 14 കോടി രൂപയുടെ അടയ്ക്ക ഇവിടെനിന്ന് കൊണ്ടുപോയിട്ടുണ്ടാകുമെന്നും ജിഎസ്ടി ഉദ്യോഗസ്ഥർ സംശയിക്കുന്നു. ഇതരസംസ്ഥാന തൊഴിലാളിക്ക് ആദ്യം ജോലി കൊടുക്കും. പിന്നീട് കുറച്ചെന്തെങ്കിലും പണം കൊടുത്ത് പാൻകാർഡ് വാങ്ങും. അവരുടെ പേരിൽ സ്ഥാപനം രജിസ്റ്റർ ചെയ്യും. രേഖയിൽ മാത്രമുള്ള സ്ഥാപനത്തിന്റെ പേരിൽ ചരക്കു കൈമാറും.
പത്തോ ഇരുപതോ തവണയിൽ ഈ കൈമാറ്റം നിർത്തും. പിന്നീടൊരിക്കലും ആ സ്ഥാപനത്തിന്റെ പേരിൽ ചരക്ക് വിൽക്കുകയോ വാങ്ങുകയോ ചെയ്യില്ല. ലോറി നിർത്തിച്ചും മറ്റും ഉദ്യോഗസ്ഥ പരിശോധന മുറയ്ക്ക് നടക്കുന്നുണ്ടാകും.
അവർക്കെല്ലാം മുൻപിൽ ലോറിഡ്രൈവർ സ്ഥാപനത്തിന്റെ രേഖ കാണിക്കും. ലോറിയിൽ കയറ്റിയയത്രയും ചരക്കിന്റെ ഇവേ ബില്ലുൾപ്പെടെ അതിലുണ്ടാകും. അവിശ്വസിക്കേണ്ടതായ ഒരു കാര്യവുമില്ല. അവരറിയുന്നില്ല, ഇങ്ങനെയൊരു സ്ഥാപനമില്ലെന്നും ഇതുവഴി നടക്കുന്ന ചരക്കുകൈമാറ്റത്തിന്റെ നികുതി ഒരുരൂപപോലും സർക്കാരിൽ അടയുന്നില്ലെന്നും.
ഉന്നതതല സമ്മർദം
പിടിച്ച അടയ്ക്കാലോഡ് വിട്ടുകൊടുക്കാൻ വൻ സമ്മർദം. വിറ്റവരും വാങ്ങുന്നവരും കാണാമറിയത്താണെങ്കിലും അണിയറയിൽ നീക്കം സജീവം. രാഷ്ട്രീയകേന്ദ്രങ്ങളിൽനിന്നടക്കം ഫോൺവിളികളെത്തുന്നുവെന്ന വിവരമാണ് ലഭിക്കുന്നത്. ഒരു സമ്മർദത്തിനും വഴങ്ങാതെ ജിഎസ്ടി ഉദ്യോഗസ്ഥർ തട്ടിപ്പുരീതിക്ക് പിന്നാലെ അന്വേഷണവുമായി നീങ്ങുകയായിരുന്നു.
അടയ്ക്ക വിറ്റ ബദിയഡുക്കയിലെ സ്ഥാപനം രേഖയിൽ മാത്രമേയുള്ളൂവെന്ന് വ്യക്തമായതോടെ ഇതുവാങ്ങുന്ന ന്യൂഡൽഹിയിലെ സ്ഥാപനത്തെക്കുറിച്ചായി അന്വേഷണം. അങ്ങനെയൊരു സ്ഥാപനമില്ലെന്ന വിവരമാണ് അവിടെനിന്ന് ഉദ്യോഗസ്ഥർക്കു ലഭിച്ചത്.
അതിനുശേഷമാണ് ബദിയഡുക്കയിലെ വ്യാജസ്ഥാപനത്തിന്റെ പാൻകാർഡ് ഉടമയിലേക്കു അന്വേഷണം നീണ്ടത്.
സർക്കാരിലേക്കു കണ്ടുകെട്ടും; ലേലം ചെയ്ത് വിൽക്കും
അടയ്ക്കാലോഡിന് ആളെത്തുന്നുണ്ടോയെന്ന് ആറുമാസംവരെ നോക്കും. അതിനുശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കി ചരക്കും ലോറിയും സർക്കാരിലേക്കു കണ്ടുകെട്ടും. പിന്നീട് ലേലനടപടിയാണ്. അതേസമയം ഇത്തരം തട്ടിപ്പിനെക്കുറിച്ചുള്ള കൂടുതൽ അന്വേഷണവുമുണ്ടാകും. തട്ടിപ്പുസംഘത്തിനെതിരേ ക്രിമിനൽക്കേസുൾപ്പെടെ കൈക്കൊണ്ടുള്ള അന്വേഷണം പോലീസിലേക്കുമെത്തും.
കർഷകരിൽ നിന്നു നേരിട്ട് വാങ്ങൽ; സർക്കാരിനെ വെട്ടിച്ച് ലക്ഷങ്ങൾ നേടൽ
കാസർകോടിന്റെ വടക്ക്-കിഴക്കൻ ഗ്രാമങ്ങളിലെത്തി കർഷകരിൽനിന്ന് നേരിട്ട് അടയ്ക്ക ശേഖരിക്കുന്നു. 20 മുതൽ 25 ടൺവരെ ശേഖരിച്ച ശേഷമാണ് കടത്ത്. ബദിയഡുക്കപോലുള്ള ഗ്രാമങ്ങളിൽ ഗുണമേന്മയുള്ള അടയ്ക്കയാണ്. അതിനാൽ പൊതുവിപണിയിൽ നല്ല വില കിട്ടും. മലപ്പുറത്തേക്കാണ് ഇവിടെനിന്ന് അടയ്ക്ക കൊണ്ടുപോകുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ ജിഎസ്ടി ഉദ്യോഗസ്ഥർക്കു മനസ്സിലാകുന്നത്. മലപ്പുറത്തുനിന്ന് നേരെ ഗുജറാത്തിലേക്കു കയറ്റിയയയ്ക്കും. അവിടെ പാൻപരാഗ് നിർമാണ കേന്ദ്രത്തിലേക്കെത്തിച്ചാൽ എത്ര ലോഡ് ആയാലും നല്ലവിലയ്ക്ക് വിൽക്കാം.
Content Highlights: areca nut gst bill fraud case investigation