പിണങ്ങിപ്പോയ ഭാര്യ തിരികെവരാന്‍ ആഭിചാരം; ബന്ധുവായ കുഞ്ഞിനെ കൊന്ന് ചോര കുത്തിയെടുത്തു; കൊടുംക്രൂരത

കൊല്ലപ്പെട്ട ലോകേഷ്, അറസ്റ്റിലായ പ്രതികള്‍ | Photo Courtesy: NDTV
കൊല്ലപ്പെട്ട ലോകേഷ്, അറസ്റ്റിലായ പ്രതികള്‍ | Photo Courtesy: NDTV

ജയ്പുര്‍: രാജസ്ഥാനില്‍ ആഭിചാരക്രിയകളുടെ ഭാഗമായി ആറുവയസ്സുകാരനെ കൊലപ്പെടുത്തി. ആല്‍വാര്‍ സരയ് കലാന്‍ ഗ്രാമത്തിലാണ് രാജ്യത്തെ നടുക്കിയ സംഭവം. സരയ് കലാന്‍ സ്വദേശിയായ ബിണ്ടുവിന്റെ മകന്‍ ലോകേഷിനെയാണ് ബന്ധുവായ മനോജ് കുമാര്‍ അതിക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഇയാളെയും മന്ത്രവാദിയായ സുനില്‍കുമാറിനെയും പോലീസ് അറസ്റ്റ് ചെയ്തു. 

മനോജ് കുമാറിന്റെ പിണങ്ങിപ്പോയ ഭാര്യ തിരികെവരാനായാണ് പ്രതികള്‍ ദുര്‍മന്ത്രവാദം നടത്തിയതെന്നും ഇതിന്റെ ഭാഗമായാണ് ആറുവയസ്സുകാരനെ കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു. ജൂലായ് 19-നായിരുന്നു സംഭവം. അന്നേദിവസം കുട്ടിയെ കാണാതായതോടെ പോലീസും നാട്ടുകാരും തിരച്ചിലില്‍ ആളൊഴിഞ്ഞ കെട്ടിടത്തിലാണ് കുട്ടിയെ കഴുത്തറത്ത് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ശരീരമാസകലം സിറിഞ്ച് കൊണ്ട് കുത്തിയ പാടുകളുമുണ്ടായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ടുദിവസത്തിന് ശേഷം മുഖ്യപ്രതിയായ മനോജ്കുമാറിനെ കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച മന്ത്രവാദിയായ സുനില്‍കുമാറും പോലീസിന്റെ പിടിയിലായി. 

ദാമ്പത്യപ്രശ്‌നങ്ങള്‍ കാരണം അടുത്തിടെയാണ് മനോജ്കുമാറിന്റെ ഭാര്യ പിണങ്ങിപ്പോയത്. സ്വന്തം വീട്ടിലേക്ക് പോയ ഭാര്യയെ തിരികെകൊണ്ടുവരാനായാണ് മനോജ്കുമാര്‍ മന്ത്രവാദിയായ സുനില്‍കുമാറിന്റെ സഹായംതേടിയത്. ഭാര്യയെ തിരികെയെത്തിക്കാനായി ആഭിചാരക്രിയ ചെയ്യണമെന്ന് മന്ത്രവാദി നിര്‍ദേശിച്ചു. 12,000 രൂപയും ഒരു കുട്ടിയുടെ രക്തവും കരളുമാണ് ആഭിചാരക്രിയ നടത്താനായി ഇയാള്‍ ആവശ്യപ്പെട്ടത്. ഇതിന് സമ്മതിച്ച മനോജ്കുമാര്‍ ഇതിനുപിന്നാലെ ബന്ധുവായ ലോകേഷിനെ കൊലപ്പെടുത്താനുള്ള പദ്ധതികള്‍ ആസൂത്രണംചെയ്യുകയായിരുന്നു. 

ജൂലായ് 19-ന് വീടിന് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ മിഠായി നല്‍കാമെന്ന് പറഞ്ഞാണ് മനോജ്കുമാര്‍ കൂട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ഗ്രാമത്തിലെ ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിച്ച് കുട്ടിയെ കൊലപ്പെടുത്തി. മരണം ഉറപ്പാക്കിയശേഷം സിറിഞ്ചുകള്‍ ഉപയോഗിച്ച് ശരീരത്തില്‍നിന്ന് രക്തം ഊറ്റിയെടുക്കാനും ശ്രമിച്ചു. തുടര്‍ന്ന് വൈക്കോലും മറ്റും ഉപയോഗിച്ച് മൃതദേഹം ഇവിടെ മൂടിയിട്ടു. പിന്നീട് തിരിച്ചെത്തി ആറുവയസ്സുകാരന്റെ ശരീരത്തില്‍നിന്ന് കരള്‍ കൂടി എടുക്കാനായിരുന്നു പ്രതിയുടെ പദ്ധതി. എന്നാല്‍, ഇതിനിടെ, കുട്ടിയെ കാണാത്തതിനാല്‍ വീട്ടുകാരും നാട്ടുകാരും തിരച്ചില്‍ ആരംഭിച്ചിരുന്നു. തുടര്‍ന്ന് അന്നേദിവസം രാത്രി എട്ടുമണിയോടെയാണ് ലോകേഷിന്റെ മൃതദേഹം കണ്ടെത്തിയത്. 

കുഞ്ഞിനുവേണ്ടിയുള്ള തിരച്ചിലില്‍ മുഖ്യപ്രതി മനോജ്കുമാറും സജീവമായി പങ്കെടുത്തിരുന്നതായി പോലീസ് പറഞ്ഞു. ഈ സമയത്തൊന്നും പ്രതിയെ സംശയമുണ്ടായിരുന്നില്ല. എന്നാല്‍, പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മനോജ്കുമാറിലേക്ക് സംശയംനീണ്ടു. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് കുറ്റംസമ്മതിച്ചത്. 


 

Content Highlights: A six-year-old boy was murdered in Alwar, Rajasthan for a black magic ritual