ജാമ്യം കിട്ടരുതെന്ന് അന്നേ തീരുമാനിച്ചു, അവധി പോലുമില്ലാതെ അന്വേഷണം; സൂപ്പർ ഹിറ്റായി ആലുവ സ്‌ക്വാഡ്

എറണാകുളം റൂറല്‍പോലീസ് സാമൂഹികമാധ്യങ്ങളില്‍ പങ്കുവെച്ച പോസ്റ്റര്‍(ഇടത്ത്) റൂറല്‍ എസ്.പി. വിവേക് കുമാര്‍(വലത്ത്) Photo: facebook.com/ernakulamruralpolice
എറണാകുളം റൂറല്‍പോലീസ് സാമൂഹികമാധ്യങ്ങളില്‍ പങ്കുവെച്ച പോസ്റ്റര്‍(ഇടത്ത്) റൂറല്‍ എസ്.പി. വിവേക് കുമാര്‍(വലത്ത്) Photo: facebook.com/ernakulamruralpolice

ആലുവ റൂറല്‍ പോലീസില്‍ ഇങ്ങനെയൊരന്വേഷണം ആദ്യമായിരുന്നു, അത്രമാത്രം 'പ്രൊഫഷണലിസമാണ്' അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് കാഴ്ചവെച്ചത്. കുട്ടിയെ കാണാതായ സമയം മുതല്‍ പ്രതിക്ക് തൂക്കുകയര്‍ വിധിക്കുംവരെ ആലുവ പോലീസ് ജാഗ്രതയോടെ പ്രവര്‍ത്തിച്ചു.

കുട്ടിയെ തട്ടിയെടുത്തെന്ന പരാതി ലഭിച്ച ജൂലായ് 28-ന് തന്നെ ആലുവ നഗരത്തില്‍ ലഭ്യമായ പരമാവധി സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിച്ചു. മണിക്കൂറുകള്‍ക്കകം പ്രതിയെ തോട്ടയ്ക്കാട്ടുകരയില്‍നിന്ന് കണ്ടെത്തി. മദ്യലഹരിയിലായിരുന്ന പ്രതിയെ ചോദ്യം ചെയ്യാന്‍ നന്നേ ബുദ്ധിമുട്ടി. കുട്ടിയെ കണ്ടെത്തേണ്ടത് ആവശ്യമായതിനാല്‍ പോലീസുകാര്‍ രാത്രി മുഴുവന്‍ ചോദ്യംചെയ്യല്‍ തുടര്‍ന്നു. പിറ്റേന്ന് പലതവണ മൊഴിമാറ്റിപ്പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അസ്ഫാകിന് അധികനേരം പിടിച്ചു നില്‍ക്കാനായില്ല. ഒടുവില്‍ കുട്ടിയെ കൊലപ്പെടുത്തി ഒളിപ്പിച്ച സ്ഥലം പ്രതിയുടെ വായില്‍നിന്ന് പുറത്തുചാടി.

പരമാവധി തെളിവുകള്‍ ശേഖരിച്ചു

മുപ്പതോളം ഉദ്യോഗസ്ഥരുടെ രാപകല്‍ നീണ്ട അന്വേഷണമാണ് ചൊവ്വാഴ്ച കോടതിവിധിയോടെ ഫലം കണ്ടത്. സാഹചര്യത്തെളിവുകള്‍, ശാസ്ത്രീയമായ അന്വേഷണം, സൈബര്‍ ഫൊറന്‍സിക് തെളിവുകള്‍, ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്, മെഡിക്കല്‍ രേഖകളുടെയും സി.സി.ടി.വി. ദൃശ്യങ്ങളുടെയും ശേഖരണം എന്നിവ വേഗത്തില്‍ പൂര്‍ത്തിയാക്കി. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത പോലീസ് സര്‍ജന്‍ അനൂപ് പി. തങ്കപ്പനെ കുറ്റകൃത്യം നടന്ന ആലുവ മാര്‍ക്കറ്റില്‍ എത്തിച്ച് പരിശോധന നടത്തി. സംഭവസ്ഥലത്തുനിന്ന് ലഭിച്ച പ്രതി അസ്ഫാക് ആലത്തിന്റെ മുടി നാരിഴപോലും തെളിവുകളായി. കുട്ടിയുമായി സഞ്ചരിച്ച വഴിയിലൂടെ പ്രതിയുമായി പോലീസ് സഞ്ചരിച്ചു. ഇങ്ങനെ കുറ്റകൃത്യം പുനഃസൃഷ്ടിച്ചു.

കെ.എസ്.ആര്‍. ടി.സി. ബസിലെ യാത്രക്കാരായിരുന്നവരെ പോലീസ് കണ്ടെത്തി കേസിലെ സാക്ഷികളാക്കി. എല്ലാ സാക്ഷികളും നിര്‍ലോഭമായ സഹകരണമാണ് ഈ കേസില്‍ പോലീസിന് നല്‍കിയത്. ഡമ്മി പരീക്ഷണത്തിന് ഡമ്മി വരെ പോലീസ് തയ്യാറാക്കി യിരുന്നെങ്കിലും അവസാനം അത് ഒഴിവാക്കി. ഉദ്യോഗസ്ഥര്‍ അവധിപോലുമെടുക്കാതെയാണ് ഈ കേസുമായി മുന്നോട്ടുപോയത്.

കുറ്റപത്രം തയ്യാറാക്കിയത് വേഗത്തില്‍

തെളിവുശേഖരണത്തിനുശേഷം ഏറ്റവും വെല്ലുവിളി എത്രയുംവേഗം കുറ്റപത്രം നല്‍കുകയെന്നതായിരുന്നു. പ്രതിക്ക് സ്വാഭാവികജാമ്യം കിട്ടരുതെന്ന് പോലീസ് തീരുമാനിച്ചിരുന്നു. അതിനാല്‍ 35 ദിവസംകൊണ്ട് 645 പേജുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. 43 സാക്ഷികളെ കോടതിയില്‍ വിസ്തരിച്ചു. 95-ല്‍പരം രേഖകള്‍, ചെരിപ്പ്, വസ്ത്രം ഉള്‍പ്പെടെ 10 മെറ്റീരിയല്‍ ഒക്റ്റ്‌സും, മറ്റ് രേഖകളും കുറ്റപത്രത്തിലുണ്ടായിരുന്നു. പ്രത്യേക അന്വേഷണ സംഘം ബിഹാറിലും, ഡല്‍ഹിയിലും ബംഗാളിലും പോയി പ്രതിയെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇതും കുറ്റപത്രത്തിലുണ്ട്.

പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുംവിധത്തിലാണ് കുറ്റപത്രം തയ്യാറാക്കിയത്. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, കുട്ടിക്ക് മദ്യം നല്‍കല്‍ തുടങ്ങി 16 കുറ്റങ്ങളാണ് ഇതിലുണ്ടായിരുന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് കണ്ട സാക്ഷികള്‍, സി.സി.ടി.വി. ദൃശ്യങ്ങള്‍, കുട്ടിയുടെ വസ്ത്രത്തില്‍നിന്നും ശരീരത്തില്‍നിന്നും ലഭിച്ച പ്രതിയുടെ ഡി.എന്‍.എ., സംഭവസ്ഥലത്തുനിന്ന് ലഭിച്ച വസ്ത്രം എന്നിവ നിര്‍ണായക തെളിവുകളായി.

കൈയടി നേടിയ ആലുവ സ്‌ക്വാഡ്

ആലുവ റൂറല്‍ എസ്. പി. വിവേക് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്. ആലുവ ഡി.വൈ.എസ്.പി. എ. പ്രസാദ് കേസില്‍ മേല്‍നോട്ടം വഹിച്ചു. ആലുവ സി.ഐ. മഞ്ജുദാസ്, എസ്.ഐ.മാരായ എ.കെ. സന്തോഷ് കുമാര്‍, പി.സി. പ്രസാദ്, എസ്.സി.പി.ഒ. ഷൈജ ജോര്‍ജ് എന്നിവര്‍ ചേര്‍ന്നെഴുതിയ കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. 

ആലുവ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പം മറ്റിടങ്ങളിലെ ഉദ്യോഗസ്ഥരും അന്വേഷണത്തില്‍ പങ്കാളികളായി. അന്വേഷണസംഘത്തില്‍ സി.ഐ. ബേസില്‍ തോമസ് (കോടനാട്), എസ്.ഐ.മാരായ എസ്.എസ്. ശ്രീലാല്‍, പി.ടി. ലിജിമോള്‍, ജി.എസ്. അരുണ്‍, എം. അനീഷ് (മുനമ്പം), ടി.ബി. ബിബിന്‍ (കുറുപ്പംപടി), എം.എ. നൗഷാദ് (ചെങ്ങമനാട്), ശിവപ്രസാദ് (നെടുമ്പാശ്ശേരി), ടി.ആര്‍. രാജീവ് (കാലടി), ബഷീര്‍, ഇബ്രാഹിംകുട്ടി, എ.എസ്.ഐ.മാരായ എം.എ. ബിജു (പുത്തന്‍വേലിക്കര), എന്‍.കെ. ബിജു (പെരുമ്പാവൂര്‍), ബോബി കുര്യാക്കോസ്, വി .ആര്‍. സുരേഷ്, ഗ്രേഡ് എസ്.സി.പി.ഒ.മാ രായ കെ.എ. നൗഫല്‍, റോണി അഗസ്റ്റിന്‍, പി.ജെ. സ്വപ്ന, സി.കെ. സിന്ധു, എം. റോണി അഗസ്റ്റിന്‍, വി.ബി. രഞ്ജിനി, കെ.ബി. സജീവ്, സി.പി.ഒ.മാരായ വി.എ. അഫ്‌സല്‍, മാഹിന്‍ഷാ അബൂബക്കര്‍, എന്‍.എ. മുഹമ്മദ് അമീര്‍, കെ.എം. മനോജ്, കെ.ആര്‍. രാഹുല്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

Content Highlights: aluva girl rape and murder case eranakulam rural police investigation