തര്‍ക്കം രണ്ടാംവിവാഹത്തെച്ചൊല്ലി; സഹോദരിയെ തലയ്ക്കടിച്ച് കൊന്നു, കുഴിയെടുത്ത് ഇഷ്ടിക നിരത്തി മൂടി

ആലപ്പുഴ: രണ്ടാംവിവാഹത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ വയോധികയായ സഹോദരിയെ ചുറ്റികകൊണ്ടു തലയ്ക്കടിച്ചുകൊന്ന് കുഴിച്ചുമൂടിയ സഹോദരന്‍ അഞ്ചാംനാള്‍ അറസ്റ്റില്‍. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 12-ാം വാര്‍ഡ് പൂങ്കാവ് വടക്കന്‍പറമ്പില്‍ റോസമ്മ (61) കൊല്ലപ്പെട്ട കേസില്‍ സഹോദരന്‍ ബെന്നി (63) ആണ് അറസ്റ്റിലായത്. ഇയാള്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ റോസമ്മയെ കാണാനില്ലായിരുന്നു. ബന്ധുക്കളും നാട്ടുകാരും അന്വേഷിച്ചപ്പോള്‍ ജോലിക്കുപോയെന്നാണ് ബെന്നി പറഞ്ഞത്. സംശയം തോന്നിയ ചിലര്‍ പരാതി നല്‍കാനൊരുങ്ങുമ്പോഴാണ് മറ്റൊരു സഹോദരന്റെ മകളോട് ബെന്നി കുറ്റസമ്മതം നടത്തിയത്. തുടര്‍ന്ന് പോലീസെത്തി ഇയാളെ ചോദ്യംചെയ്തശേഷം കുഴിമാന്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. റോസമ്മയും ബെന്നിയും അടുത്തടുത്ത വീടുകളിലായിരുന്നു താമസം.
തിങ്കളാഴ്ച രാവിലെയായിരുന്നു പ്രതിയുടെ കുറ്റസമ്മതം. ബെന്നിയുടെ വീടിന്റെ അടുക്കളയുടെ പിന്‍വശത്തെ വാതില്‍പ്പടിയോടു ചേര്‍ന്നുള്ള ഭാഗം കുഴിച്ചാണ് വൈകുന്നേരം മൂന്നിനു മൃതദേഹം കണ്ടെടുത്തത്. പ്രതി തന്നെയാണ് സ്ഥലം കാട്ടിക്കൊടുത്തത്.
ഭര്‍ത്താവ് ഉപേക്ഷിച്ച റോസമ്മയ്ക്ക് രണ്ടുമക്കളുണ്ട്. ഇളയമകന്‍ ജോമോനോടൊപ്പമാണ് താമസമെങ്കിലും ബെന്നിക്കു സഹായമായി മിക്കപ്പോഴും അയാളുടെ വീട്ടിലാണു ചെലവഴിച്ചിരുന്നത്.
റോസമ്മ രണ്ടാംവിവാഹത്തിനു തയ്യാറെടുത്തിരുന്നു. ചമ്പക്കുളം സ്വദേശിയുമായി മേയ് ഒന്നിനു കല്യാണവും നിശ്ചയിച്ചു. ഇതില്‍ ബന്ധുക്കള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. അതു വകവെക്കാതെ ഇവര്‍ കല്യാണത്തിനായി സ്വര്‍ണമാലയും മോതിരവും വാങ്ങി. വിവാഹവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രതി പോലീസിനോടു സമ്മതിച്ചു.
18-ന് ഉച്ചയ്ക്ക് ഇതേച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ പ്രകോപിതനായ ബെന്നി ചുറ്റികകൊണ്ട് തലയ്ക്കടിച്ചുവീഴ്ത്തി കൊല്ലുകയായിരുന്നു. പിന്നിലെ വാതിലിനരികെ കുഴിയെടുത്ത് ഇഷ്ടികനിരത്തി മൂടുകയും ചെയ്തു.
ബെന്നി കുറ്റസമ്മതം നടത്തിയ സഹോദരന്റെ മകളാണ് ആലപ്പുഴ പോലീസില്‍ അറിയിച്ചത്. മേസ്തിരിപ്പണിക്കാരനായ ബെന്നിയെ വെട്ടുകാട് ഭാഗത്തെ ചായക്കടയില്‍നിന്നാണ് പിടികൂടിയത്. റോസമ്മയുടെ മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
കല്യാണമോഹം ബാക്കിയാക്കി മടക്കം
ആലപ്പുഴ: റോസമ്മയുടെ രണ്ടാംവിവാഹം മേയ് ഒന്നിന് ചമ്പക്കുളം സ്വദേശിയുമായി തീരുമാനിച്ചിരുന്നു. രണ്ടുപേരുടെയും രണ്ടാം വിവാഹമായതിനാല്‍ പള്ളിയില്‍വെച്ചു നടത്താതെ ചടങ്ങു മാത്രമായി നടത്താനായിരുന്നു തീരുമാനം. ഏറെനാള്‍ മുന്‍പ് ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ റോസമ്മയ്ക്കു രണ്ടു മക്കളാണുള്ളത്. പക്ഷേ, അമ്മയുടെ വിവാഹക്കാര്യം അറിഞ്ഞിരുന്നില്ലെന്ന് ഇളയമകന്‍ ജോമോന്‍ പറഞ്ഞു.
'അമ്മയെ കുറെദിവസമായി കാണാനില്ലായിരുന്നു. ജോലിക്കു പോയെന്നാണ് അമ്മയുടെ സഹോദരന്‍ ബെന്നി പറഞ്ഞിരുന്നത്. അതിനാല്‍, അന്വേഷിച്ചില്ല. ഇടയ്ക്കിടെ ആരോടും പറയാതെ ഹോംനഴ്‌സ് ജോലിക്കു പോകാറുണ്ട്'- മകന്‍ ജോമോന്‍ പറഞ്ഞു.
എന്നാല്‍, ഉറ്റകൂട്ടുകാരിയായ എലിസബത്തിനോടും സഹോദരന്റെ മകളോടും കല്യാണക്കാര്യം റോസമ്മ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച വിവരം പോലീസിനും ലഭിച്ചിട്ടുണ്ട്.
കല്യാണത്തിനായി വീട്ടുജോലികള്‍ക്കു പോയ സമയത്തു ലഭിച്ചിരുന്ന പണം സൂക്ഷിച്ചുവെച്ച് റോസമ്മ താലിയും മോതിരവും കഴിഞ്ഞ ചൊവ്വാഴ്ച വാങ്ങി എല്ലാവരെയും കാണിച്ചിരുന്നു.
കൈനകരിയിലെ ഒരു ദല്ലാള്‍ വഴിയാണ് ആലോചന വന്നത്. കല്യാണത്തിന് സഹോദരനു താത്പര്യമില്ലായിരുന്നു. ഇതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പോലീസ് പറയുന്നത്.
എന്നാല്‍, റോസമ്മ വാങ്ങിയ ആഭരണം എവിടെയെന്നതു സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ബെന്നിയെ ചോദ്യംചെയ്താലേ കൂടുതല്‍ വിവരം ലഭിക്കൂ.
റോസമ്മയെ 18-ന് ഉച്ചയ്ക്കുശേഷം കൊലപ്പെടുത്തിയെന്നാണ് ബെന്നി മൊഴിനല്‍കിയത്.
ഇതിനുശേഷം കട്ടിലിനു താഴെ മൃതദേഹം സൂക്ഷിച്ചെന്നും പിന്നീടാണ് കുഴിച്ചിട്ടതെന്നും പറയുന്നു. കൊലയ്ക്കുപയോഗിച്ച ചുറ്റികയും കണ്ടെത്താനായിട്ടില്ല. വരുംദിവസങ്ങളില്‍ ഇവയെ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം.
Content Highlights: alappuzha poonkavu rosamma murder case