ഭാര്യക്കു പ്രണയസന്ദേശമയച്ചെന്ന് ആരോപണം; ഭർത്താവ് അയൽക്കാരന്റെ തല അടിച്ചുപൊട്ടിച്ചു

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം |   ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ആലപ്പുഴ: ഭാര്യക്ക് ഫോണിൽ സന്ദേശമയച്ച അയൽക്കാരന്റെ തല ഭർത്താവ് ചുറ്റികകൊണ്ട് അടിച്ചു പൊട്ടിച്ചു. കളപ്പുര വാർഡ് ചക്കുപറമ്പ് വീട്ടിൽ ഷിബിൻ രാജി(28)നാണ് ‌അടിയേറ്റത്. ചക്കുപറമ്പ് ജോബിൻ ജോൺസൺ (ജോജി) ആണ് അടിച്ചത്. ഷിബിൻ തന്റെ ഭാര്യക്കു പ്രണയസന്ദേശമയച്ചെന്നു പറഞ്ഞായിരുന്നു ജോബിന്റെ ആക്രമണം. തലയോട്ടി പൊട്ടിയ ഷിബിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: ഷിബിനും ജോബിനും അയൽവാസികളാണ്. ഷിബിനയച്ച സന്ദേശം കണ്ട ജോബിൻ ഭാര്യയുമായി വഴക്കിട്ടു. ചോദിക്കാനായി പുറപ്പെട്ട അയാൾ കൊമ്മാടി മംഗലം റോഡിലെ തടിമില്ലിനു സമീപം ബൈക്കിൽ ഇരിക്കുകയായിരുന്ന ഷിബിന്ന് അടുത്തെത്തി ഫോൺ കാണിക്കാൻ ആവശ്യപ്പെട്ടു. അതോടെ ഇരുവരും വഴക്കിടുകയും ജോബിൻ ചുറ്റികകൊണ്ട് ഷിബിന്റെ തലയ്ക്ക് അടിക്കുകയുമായിരുന്നു. പരിക്കേറ്റ ഷിബിനെ സ്ഥലത്തുണ്ടായിരുന്നവർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.

ഇയാൾ അപകടനില തരണം ചെയ്തു. ആലപ്പുഴ നോർത്ത് പോലീസ് കേസെടുത്തു. ആശുപത്രിയിലെത്തി ഷിബിന്റെ മൊഴിയെടുത്തു.ജോബിൻ ഒളിവിലാണെന്നും അന്വേഷണം നടക്കുകയാണെന്നും നോർത്ത് പോലീസ് പറഞ്ഞു.

Content Highlights: A 28-year-old man, Shibin Raj, was critically injured in a hammer attack., The attacker, Jobin Johnson, targeted the victim over alleged love messages sent to his wife., The incident occurred near a timber mill on Komadi Mangalam Road., Alappuzha North Police have registered a case and are currently searching for the absconding suspect.