രണ്ടുകോടിയുടെ ഹൈബ്രിഡ് കഞ്ചാവ് ഇടപാട്: വിദേശത്തുനിന്ന് എത്തിച്ചത് തസ്ലീമയുടെ ഭര്‍ത്താവ്, അറസ്റ്റില്‍

ആലപ്പുഴ: രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍. കേസിലെ മുഖ്യപ്രതിയായ തസ്ലീമ സുല്‍ത്താന(ക്രിസ്റ്റീന-41)യുടെ ഭര്‍ത്താവ് സുല്‍ത്താനെയാണ് എക്‌സൈസ് സംഘം തമിഴ്‌നാട്ടില്‍നിന്ന് പിടികൂടിയത്. വിദേശത്തുനിന്ന് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത് ഇയാളാണെന്നാണ് എക്‌സൈസിന്റെ കണ്ടെത്തല്‍. ഇതിന്റെ തെളിവുകള്‍ സുല്‍ത്താന്റെ പാസ്‌പോര്‍ട്ട് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്നാണ് ആന്ധ്ര-തമിഴ്‌നാട് അതിര്‍ത്തിയില്‍നിന്ന് ഇയാളെ പിടികൂടിയത്.
ഏപ്രില്‍ ഒന്നിന് രാത്രിയാണ് മാരാരിക്കുളത്തെ റിസോര്‍ട്ടില്‍നിന്ന് തസ്ലീമയെയും സുഹൃത്തായ മണ്ണഞ്ചേരി സ്വദേശി കെ. ഫിറോസി(26)നെയും മൂന്നുകിലോ ഹൈബ്രിഡ് കഞ്ചാവുമായി എക്‌സൈസിന്റെ പ്രത്യേകസംഘം അറസ്റ്റ് ചെയ്തത്. ഭര്‍ത്താവ് സുല്‍ത്താനും രണ്ടുമക്കള്‍ക്കും ഒപ്പം വാടകയ്‌ക്കെടുത്ത കാറിലാണ് തസ്ലീമ റിസോര്‍ട്ടിന് സമീപമെത്തിയത്. തുടര്‍ന്ന് ഫിറോസിനൊപ്പം ഇടപാടുകള്‍ക്കായി റിസോര്‍ട്ടിലേക്ക് പോകുന്നതിനിടെ എക്‌സൈസ് സംഘം പിടികൂടുകയായിരുന്നു.
സംഭവസമയത്ത് കാറിലുണ്ടായിരുന്ന ഭര്‍ത്താവിനെ ലഹരിക്കടത്തില്‍ ബന്ധമില്ലെന്ന നിഗമനത്തില്‍ കസ്റ്റഡിയിലെടുത്തിരുന്നില്ല. എന്നാല്‍, പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വിദേശത്തുനിന്ന് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത് ഇയാളാണെന്ന് വ്യക്തമായത്.
അതിനിടെ, തസ്ലീമയുടെ സഹോദരിയെയും കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കാര്‍ വാടകയ്‌ക്കെടുത്ത് നല്‍കിയ യുവതിയെയും എക്‌സൈസ് ചോദ്യംചെയ്തിരുന്നു. എന്നാല്‍, ഇരുവര്‍ക്കും ലഹരിക്കടത്തുമായി ബന്ധമില്ലെന്നാണ് നിഗമനം. സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ക്ക് ലഹരി വിറ്റതായി തസ്ലീമ നേരത്തേ മൊഴി നല്‍കിയിരുന്നു. എന്നാല്‍, സിനിമാതാരങ്ങളെ വിളിച്ച് ചോദ്യംചെയ്യാനുള്ള തെളിവുകള്‍ എക്‌സൈസിന് ഇതുവരെ ലഭിച്ചിട്ടില്ല. അതിനിടെ, സംഭവത്തില്‍ മുന്‍കൂര്‍ജാമ്യം തേടി നടന്‍ ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും പിന്നീട് ഹര്‍ജി പിന്‍വലിച്ചിരുന്നു.
Content Highlights: Kerala Excise arrests husband of main accused in a ₹2 crore hybrid cannabis seizure case