ബന്ധുക്കൾക്ക് MBBS സീറ്റ്, യുവതിക്ക് നഴ്സ് ആയി ജോലി; വ്യാജ നിയമന ഉത്തരവു നൽകി പണം തട്ടിയയാൾ പിടിയിൽ

സുമേഷ്
സുമേഷ്

ആലപ്പുഴ: വ്യാജ നിയമന ഉത്തരവു നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റുചെയ്തു. എടത്വാ പച്ച പരിച്ചിറ വീട്ടിൽ സുമേഷ് (42) ആണ് പിടിയിലായത്. ആലപ്പുഴ തിരുവമ്പാടി സ്വദേശിനിയുടെ പരാതിയിലാണ് നടപടി.

പരാതിക്കാരിക്ക് കലവൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ സ്റ്റാഫ് നഴ്സായി ജോലി നൽകാമെന്നും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും എംബിബിഎസ്, ബിഎസ്‌സി നഴ്സിങ് പ്രവേശനം നൽകാമെന്നും പറഞ്ഞാണ് പ്രതി ലക്ഷങ്ങൾ വാങ്ങിയത്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. പണം നൽകിയവരെ വിശ്വസിപ്പിക്കാനായി വ്യാജ നിയമന ഉത്തരവും നൽകി. തുടർന്നാണ് പ്രതി മുങ്ങിയത്.

ചൊവ്വാഴ്ച രാത്രി പത്തരയോടെ തിരുവല്ലയിൽനിന്നാണ് സുമേഷിനെ അറസ്റ്റു ചെയ്തത്. ഇയാൾക്കെതിരേ മുൻപും നിയമനത്തട്ടിപ്പു നടത്തിയതിന് വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസെുള്ളതായി പോലീസ് പറഞ്ഞു.

പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡു ചെയ്തു. സൗത്ത് പോലീസ് ഇൻസ്പെക്ടർ വി.ഡി. റെജിരാജ്, പ്രിൻസിപ്പൽ എസ്ഐ പി.ആർ. രാജീവ്, എസ്ഐമാരായ മുഹമ്മദ് നിയാസ്, കണ്ണൻ എസ്. നായർ, മോഹനകുമാർ, ആർ. മുജീബ്, എഎസ്ഐ ടി.വി. ജോസഫ്, തുടങ്ങിയവരാണ് അറസ്റ്റുചെയ്തത്.

Content Highlights: Alappuzha Job Scam Busted: Fake Appointments Lead to Arrest of Accused