AI-യുടെ ഭാവനയുംചേർത്ത് കസ്റ്റംസിന്റെ ഉത്തരവ്; വജ്രവ്യാപാരിക്ക് 425 കോടി പിഴ, റദ്ദാക്കി സുപ്രീംകോടതി

ന്യൂഡൽഹി: നിർമിതബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ ഉത്തരവിലൂടെ ഗുജറാത്തിലെ വജ്ര വ്യാപാരിക്ക് 425.27 കോടി രൂപ കസ്റ്റംസ് പിഴയിട്ടത് സുപ്രീംകോടതി റദ്ദാക്കി. ഉത്തരവിന് അടിസ്ഥാനമായ കേസുകൾ പലതും നിലവിലില്ലാത്തതും എ.ഐ. നിർമിതമാണെന്നും കണ്ടെത്തിയതിനുപിന്നാലെയാണ് ജസ്റ്റിസുമാരായ ദിപാങ്കർ ദത്ത, ശീൽ നാഗു എന്നിവരുടെ ബെഞ്ചിന്റെ നടപടി. കസ്റ്റംസ് ഉത്തരവും അത് ശരിവെച്ച ഗുജറാത്ത് ഹൈക്കോടതി ഉത്തരവും ബെഞ്ച് റദ്ദാക്കി.
വജ്രവ്യാപാരിയായ വിജയ് ഘനശ്യാം ഗഡിയ നൽകിയ സിവിൽ അപ്പീൽ അനുവദിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ ഇടപെടൽ. സ്വാഭാവിക വജ്രത്തെ ലാബ് നിർമിതമെന്ന് കാണിച്ച് തീരുവ വെട്ടിക്കാൻ ശ്രമിച്ചെന്നാരോപിച്ച് 2025 ഒക്ടോബറിലാണ് സൂറത്തിലെ കസ്റ്റംസ് അഡീഷണൽ കമ്മിഷണർ വ്യാപാരിക്ക് പിഴചുമത്തിയത്. ഈവർഷം ജനുവരിയിൽ ഹൈക്കോടതിയും ശരിവെച്ചു. അതോടെയാണ് വ്യാപാരി സുപ്രീംകോടതിയെ സമീപിച്ചത്.
കേസിന്റെ മെറിറ്റിലേക്ക് കടക്കുംമുൻപേ, കസ്റ്റംസ് ഇറക്കിയ ഉത്തരവ് എ.ഐ. നിർമിതമാണെന്ന ഹർജിക്കാരന്റെ ആരോപണമാണ് സുപ്രീംകോടതി പരിഗണിച്ചത്. പരിശോധനയിൽ ഉത്തരവിലെ പല കേസുകളും യഥാർഥത്തിൽ ഉള്ളതല്ലെന്ന് തിരിച്ചറിഞ്ഞതായി ബെഞ്ച് പറഞ്ഞു. ചില കേസുകൾ ഉള്ളതാണെങ്കിലും ഉദ്ധരിച്ച നിയമവിഷയങ്ങൾ അതിലുണ്ടായിരുന്നില്ല. അതെല്ലാം നിർമിതബുദ്ധിയുടെ ഭാവനയായിരുന്നെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
തുടർന്നാണ് ഉത്തരവ് റദ്ദാക്കിയത്. കേസ് തുടക്കം മുതൽ വീണ്ടും പരിഗണിക്കാനും ഉത്തരവിട്ട ഉദ്യോഗസ്ഥനുപകരം ആ റാങ്കിലെ മറ്റൊരാളെ ഏൽപ്പിക്കാനും നിർദേശിച്ചു. ജുഡീഷ്യൽ നടപടിക്രമങ്ങളിൽ എ.ഐ. ഉപയോഗിക്കുമ്പോൾ അതിജാഗ്രത പുലർത്തണമെന്ന് ബെഞ്ച് മുന്നറിയിപ്പ് നൽകി. കോടതികളിലെ എ.ഐ. ഉപയോഗത്തിന് സുപ്രീംകോടതി പുറത്തിറക്കിയ കരട് നിർദേശങ്ങളും ബെഞ്ച് ചൂണ്ടിക്കാട്ടി.
Content Highlights: The Supreme Court of India overturned a 425.27 crore rupee customs penalty imposed on a Gujarat diamond trader, citing that the order was based on non-existent and AI-generated cases. The intervention came after Vijay Ghanshyam Gadia's civil appeal, challenging the penalty for allegedly misrepresenting natural diamonds as lab-made to evade taxes.