സിദ്ദിഖിന്റെ മകന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തെന്ന് ബന്ധുക്കള്‍, ഇല്ലെന്ന് പോലീസ്

കൊച്ചി: നടന്‍ സിദ്ദിഖിന്റെ മകന്റെ സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തെന്ന് പരാതി. പോള്‍, ലിബിന്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തെന്ന പരാതിയുമായി ബന്ധുക്കളാണ് രംഗത്തെത്തിയത്. ലെെംഗിക അതിക്രമ കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെ സിദ്ദിഖ് ഒളിവിൽ പോയിരുന്നു. സിദ്ദിഖ് ഒളിവില്‍ പോയ കാറുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നിന്നാണ് യുവാക്കളെ കസ്റ്റഡിയിലെടുത്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കടവന്ത്രയിലേയും മേനകയിലേയും ഫ്ലാറ്റുകളിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തുവെന്നാണ് പരാതി. യുവാക്കളുടെ കുടുംബങ്ങൾ കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകി.
പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഇവരെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് വ്യക്തമാക്കിയാണ് കുടുംബം പരാതി നൽകിയിരിക്കുന്നത്. അതേസമയം കേസുമായി ബന്ധപ്പെട്ട് ആരേയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നാണ് കൊച്ചി സിറ്റി പോലീസിന്റെ വിശദീകരണം. എന്നാൽ കേസ് അന്വേഷിക്കുന്നത് പ്രത്യേക അന്വേഷണ സംഘമാണ്. പ്രത്യേക അന്വേഷണ സംഘം ഇത്തരത്തിൽ ആരെയെങ്കിലും കസ്റ്റഡിയിലെടുത്തിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല.
സിദ്ദിഖിന് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെ സിദ്ദിഖ് ഒളിവിൽ പോയിരുന്നു. ഒളിവിൽ പോയ കാറുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. ആരാണ് കൊണ്ടുപോയതെന്നതടക്കമുള്ള അന്വേഷണം ശക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചില സൂചനകളടക്കം പോലീസിന് ലഭിച്ചിട്ടുണ്ടെന്ന വിവരങ്ങൾ നേരത്തെ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ യുവാക്കളുടെ കുടുംബങ്ങൾ പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്.
Content Highlights: actor siddiques sons friends in police custody complaint