അച്ഛനും അമ്മയും ഉപേക്ഷിച്ച ആറുവയസ്സുകാരിയെ പീഡിപ്പിച്ചു; 68- കാരന് ഇരട്ട ജീവപര്യന്തം

തിരുവനന്തപുരം: ആറുവയസ്സുകാരി പെൺകുട്ടിയെ പീഡിപ്പിച്ച 68-കാരന് കോടതി വിവിധ വകുപ്പുകളിലായി ഇരട്ട ജീവപര്യന്തം കഠിന തടവ് വിധിച്ചു. 60,000 രൂപ പിഴയും ഒടുക്കണം. പിഴത്തുക കുട്ടിക്കാണ് നൽകേണ്ടത്. പിഴ ഒടുക്കിയില്ലെങ്കിൽ ആറുമാസം അധിക തടവ് അനുഭവിക്കണം.
പ്രത്യേക പോക്‌സോ കോടതി ജഡ്ജി ആർ.രേഖയാണ് പ്രതിയെ ശിക്ഷിച്ചത്. കുട്ടിയുടെ അമ്മൂമ്മയുടെ സുഹൃത്താണ് പ്രതി.
അച്ഛനും അമ്മയും ഉപേക്ഷിച്ച ഒൻപതും ആറും വയസ്സുള്ള രണ്ട് പെൺകുട്ടികളും അമ്മൂമ്മയുടെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്. 2020-2021 കാലഘട്ടത്തിലായിരുന്നു പീഡനം. അമ്മൂമ്മ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് കുട്ടികളെ പീഡിപ്പിച്ചിരുന്നതും.
മൂത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് പോലീസ് വേറെ കേസ് എടുത്തിരുന്നു. പ്രസ്തുത കേസിൽ ഇതേ കോടതി നവംബർ അഞ്ചിന് വിധി പറയും. സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി കുട്ടികളെ പീഡിപ്പിച്ചിരുന്നത്. ഒരു ദിവസം വാതിൽ അടയ്ക്കാതെ പ്രതി കുട്ടികളെ പീഡിപ്പിക്കുന്നത് അയൽവാസി കാണാൻ ഇടയായതാണ് സംഭവം പുറത്തറിയാൻ കാരണം. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി.
Content Highlights: Raped a 6-year-old girl: Court punished 68-year-old man with double life sentence