പൊൻകുന്നത്ത് ബെംഗളൂരുവിൽ നിന്നെത്തിയ ടൂറിസ്റ്റ് ബസ്സിൽ നിന്ന് കണ്ടെത്തിയത് 30 കിലോയിലേറെ കഞ്ചാവ്; നാലുപേർ പിടിയിൽ

#ന്യൂസ് ഡെസ്ക്
കഞ്ചാവ് പിടികൂടിയ ബസ്
കഞ്ചാവ് പിടികൂടിയ ബസ്

കോട്ടയം: പൊൻകുന്നത്ത് ബെംഗളൂരുവിൽ നിന്നെത്തിയ ടൂറിസ്റ്റ് ബസിൽ നിന്ന് 30 കിലോഗ്രാമിലേറെ കഞ്ചാവ് കണ്ടെത്തി. ഞായറാഴ്ച രാവിലെ ഏഴരയോടെ പൊൻകുന്നം പോലീസും ഡാൻസാഫ് സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ എരുമേലി സ്വദേശികളായ നാലുപേർ പിടിയിലായി.

യാത്ര എന്ന അന്തഃസ്സംസ്ഥാന ബസ്സിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ബസ് ബെംഗളൂരുവിൽ നിന്ന് മടങ്ങിയെത്തിയപ്പോഴാണ് പൊൻകുന്നം പോലീസും ഡാൻസാഫ് ടീമും ബസ് തടഞ്ഞ് പരിശോധന നടത്തിയത്. പൊൻകുന്നം മിനി സിവിൽ സ്റ്റേഷന് മുൻപിൽ തടഞ്ഞിട്ട ബസിൽ പരിശോധന നടത്തിയപ്പോൾ നാല് പെട്ടികളിലായി കഞ്ചാവ് പായ്ക്കറ്റുകൾ അടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. വിശദമായ പരിശോധന നടക്കുകയാണ്.

Content Highlights: Ponkunnam Police and the DANSAF team seized over 30 kg of cannabis hidden in four boxes aboard an interstate tourist bus arriving from Bengaluru, arresting four Erumely natives during the Sunday morning raid in Kottayam.