പ്രതി പറഞ്ഞത് സത്യം, 40 വർഷങ്ങൾക്ക് മുൻപ് കൊല്ലപ്പെട്ടത് കണ്ണൂർ സ്വദേശി; നിർണായക കണ്ടെത്തൽ

കോഴിക്കോട്: നാല് പതിറ്റാണ്ട് കാലം രഹസ്യമായി സൂക്ഷിച്ച കൊലപാതക വിവരങ്ങൾ പ്രതി തന്നെ സ്റ്റേഷനിലെത്തി വെളിപ്പെടുത്തിയ സംഭവത്തിൽ നിർണായക കണ്ടെത്തൽ. കൊല്ലപ്പെട്ടവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു.
വർഷങ്ങൾക്ക് മുമ്പ് താൻ രണ്ടുപേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായാണ് മുഹമ്മദലി എന്നയാൾ ഏതാനും മാസങ്ങൾക്ക് മുൻപ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. മലപ്പുറം വേങ്ങര ചേറൂർ കിളിനക്കോട് പള്ളിക്കൽ ബസാറിൽ താമസിക്കുന്ന തായ്പറമ്പിൽ മുഹമ്മദലിയാണ് 14-ാം വയസ്സിൽ താൻ ചെയ്ത പ്രവൃത്തിയിലൂടെ ഒരു യുവാവിന്റെ ജീവൻ നഷ്ടമായ കാര്യത്തെക്കുറിച്ച് 2025 ജൂലൈയിൽ വേങ്ങര പോലീസിനു മുൻപിൽ ഏറ്റുപറഞ്ഞത്.
'ഞാൻ ഒരാളെ കൊന്നു', 39 കൊല്ലത്തിനുശേഷം ഏറ്റുപറഞ്ഞ് മുഹമ്മദാലി; ശേഷം ജയിലിലേക്ക്; പക്ഷേ മരിച്ചതാര്?
ഇതേത്തുടർന്ന് തിരുവമ്പാടി പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിക്കുകയായിരുന്നു.
1986-ൽ കൂടരഞ്ഞിയിൽ വെച്ച് കൊല്ലപ്പെട്ടത് കണ്ണൂർ ഇരിട്ടി വെളിമാനം സ്വദേശിയായ മോഹനൻ ആണെന്നാണ് തിരുവമ്പാടി പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. മുഹമ്മദലി കൊലപ്പെടുത്തിയെന്ന് പറയുന്ന രണ്ടാമത്തെ ആൾ ആരാണെന്നതിനെ കുറിച്ചും അന്വേഷണം നടത്തിവരികയാണ്.
1986-ൽ കൂടരഞ്ഞിയിൽ വെച്ച് തനിക്കെതിരെ ലൈംഗികാതിക്രമത്തിന് മുതിർന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു മുഹമ്മദാലിയുടെ മൊഴി. പ്രതിരോധിക്കുന്നതിനിടയിൽ ഇയാളെ വെള്ളത്തിലേക്ക് തള്ളിയിടുകയും, തുടർന്ന് വെള്ളത്തിൽ ചവിട്ടിത്താഴ്ത്തി മരണം ഉറപ്പാക്കുകയുമായിരുന്നു.
മുഹമ്മദലിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തിരുവമ്പാടി പോലീസ് 1980-കളുടെ മധ്യത്തിൽ മലബാർ മേഖലയിൽ നിന്ന് കാണാതായ ആളുകളുടെ വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് മരിച്ചത് കണ്ണൂർ ഇരിട്ടി വെളിമാനം സ്വദേശിയായ മോഹനനാണെന്ന നിഗമനത്തിൽ പോലീസ് എത്തിയത്. ഇയാളെക്കുറിച്ച് വർഷങ്ങളായി ബന്ധുക്കൾക്ക് യാതൊരു വിവരവും ഇല്ലായിരുന്നു.
"പ്രതിയുടെ വെളിപ്പെടുത്തൽ ആദ്യ ഘട്ടത്തിൽ അവിശ്വസനീയമായി തോന്നിയെങ്കിലും, നടത്തിയ കൃത്യമായ അന്വേഷണത്തിൽ കാണാതായ ആളും പ്രതി പറഞ്ഞ ലൊക്കേഷനുകളും തമ്മിൽ കൃത്യമായ ബന്ധം കണ്ടെത്താൻ കഴിഞ്ഞു. കേസിൽ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്." - പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു
മുഹമ്മദലി കൊലപ്പെടുത്തിയെന്ന് പറയുന്ന രണ്ടാമത്തെ ആൾ ആരാണെന്നതിനെക്കുറിച്ചും, രണ്ടാമത്തെ കൊലപാതകം എവിടെയാണ് നടന്നതെന്നതിനെക്കുറിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. 40 വർഷത്തിനു ശേഷം ഒരു പ്രതി സ്വയം കുറ്റസമ്മതം നടത്തി ക്രൈം ഹിസ്റ്ററിയിൽ ഇടംപിടിച്ച ഈ കേസിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: Accused Muhammed Ali surrendered after 40 years, confessing to two murders., Victim identified as Mohanan from Velimanam, Iritty, Kannur., Murder occurred in 1986 at Koodaranji following an alleged sexual assault attempt., Police are actively searching for the identity of the second victim., Scientific investigation confirmed the link between the confession and missing persons records.