11 ബാഗുകളിലായി 58 പാക്കറ്റുകൾ; 116 കിലോ കഞ്ചാവുമായി നാല് ഒഡിഷ സ്വദേശികൾ പിടിയിൽ

#ന്യൂസ് ഡെസ്ക്
പിടികൂടിയ കഞ്ചാവും പ്രതികളുമായി എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ പി.കെ. സതീഷും സംഘവും
പിടികൂടിയ കഞ്ചാവും പ്രതികളുമായി എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ പി.കെ. സതീഷും സംഘവും

കൊച്ചി: കറുകുറ്റിയിൽ 116.37 കിലോ കഞ്ചാവുമായി നാല് ഒഡിഷ സ്വദേശികൾ എക്‌സൈസിന്റെ പിടിയിലായി. ഞായറാഴ്ച പുലർച്ചെയാണ് കറുകുറ്റി റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് ഇവരെ പിടികൂടിയത്. ഒഡിഷ സ്വദേശികളായ ലക്ഷ്മൺ പത്ര (39), സഹോദരൻ തരസ്വർ പത്ര (36), ബൽഭദ്ര ധരുവ (30), പ്രദീപ് ഘഡേയ് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിപണിയിൽ ഒന്നേകാൽ കോടി രൂപ വിലമതിക്കുന്ന കഞ്ചാവാണ് പിടികൂടിയതെന്ന് എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ പി.കെ. സതീഷ് പറഞ്ഞു. പിടിയിലായവർ ഇടനിലക്കാരാണ്. ഇവരുടെ ഫോൺവിളി വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിവരുകയാണ്.

അങ്കമാലി എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഒഡിഷയിൽ നിന്നും ട്രെയിനിൽ എത്തിയ പ്രതികൾ പിടിയിലായത്. തൃശ്ശൂരിൽ ട്രെയിനിറങ്ങി അവിടെനിന്ന് കറുകുറ്റിയിൽ എത്തിയെന്നാണ് പ്രതികൾ ചോദ്യംചെയ്യലിൽ പറഞ്ഞത്. ഇവരുടെ പക്കൽനിന്ന് ട്രെയിൻ, ബസ് ടിക്കറ്റുകൾ ലഭിക്കാത്തതിനാൽ എക്‌സൈസ് ഈ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ല.

രണ്ടുകിലോ വീതമുള്ള കഞ്ചാവിന്റെ 58 പാക്കറ്റുകൾ 11 ബാഗുകളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു. പ്രതികളിൽ നിന്നും പിടികൂടിയ ഫോണുകൾ പരിശോധിച്ചപ്പോൾ ലഭിച്ച സൂചനകൾ പ്രകാരം വിശദമായ അന്വേഷണം നടക്കുന്നുണ്ട്. അന്തസ്സംസ്ഥാന അതിർത്തികൾ വഴി ലഹരിവസ്തുക്കൾ കടത്തുന്നവരാണെന്ന് സ്ഥിരീകരിച്ചു. മലയാളികൾ ഉൾപ്പെട്ട റാക്കറ്റിനാണ് ഇവർ കഞ്ചാവ് കൈമാറാനിരുന്നതെന്ന് സൂചനയുണ്ട്.

രാജ്യത്ത് വിതരണം ചെയ്യുന്ന കഞ്ചാവിന്റെ 80 ശതമാനവും ആന്ധ്ര, ഒഡിഷ സംസ്ഥാനങ്ങളിലെ ചില ജില്ലകളിൽ കൃഷിചെയ്യുന്നതാണെന്ന് എക്‌സൈസ് അധികൃതർ പറഞ്ഞു. അവിടെ കിലോയ്ക്ക് 3,000 മുതൽ 5,000 രൂപ വരെ കൊടുത്തു വാങ്ങുന്ന കഞ്ചാവാണ് ഇവിടെ ലക്ഷങ്ങൾ വാങ്ങി വിറ്റഴിക്കുന്നത്.അങ്കമാലി റെയ്ഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ എ. വിപിൻ ദാസ്, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ പി.കെ. ബിജു, പി.എൻ. സുരേഷ് ബാബു, പ്രിവന്റീവ് ഓഫീസർമാരായ എം.എ. ഷിബു, വി.ബി. രാജേഷ്, എ.പി. പ്രദീപ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ എസ്. നൗഫൽ, പി.ബി. സജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Content Highlights: 116.37 kg of Ganja seized in 58 packets across 11 bags., Four Odisha natives arrested near Karukutty railway station., Market value of the seized contraband is estimated at Rs 1.25 crore., Interstate drug smuggling racket suspected with local Kerala connections., Excise department is currently analyzing mobile call logs for further investigation.