രാജീവിന്റെ കൊലപാതകം; അഭിഭാഷകന്റെ പങ്ക് എന്ത്?

ചാലക്കുടി പുഴയോരത്തുള്ള പരിയാരം തവളപ്പാറയിലെ 20 ഏക്കര്‍ ജാതിത്തോട്ടം പാട്ടത്തിനെടുത്ത് വ്യാപാരം നടത്തിയിരുന്ന രാജീവിനെ ക്വട്ടേഷന്‍ സംഘങ്ങള്‍ കൊലപ്പെടുത്തി. റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായിരുന്ന രാജീവിന്റെ കൊലപാതകത്തില്‍ അഭിഭാഷകനുള്ള പങ്ക് എന്താണ്? അഭിഭാഷകനായ സി.പി ഉദയഭാനുവിനെ സംശയിക്കാന്‍ കാരണമുണ്ടെങ്കില്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
ഈ കേസില്‍ ഹര്‍ജി വീണ്ടും പരിഗണിക്കുന്നത് ഒക്ടോബര്‍ 16 നാണ്. ഗൂഢാലോചനയെക്കുറിച്ച് അറിവുണ്ടെന്നുള്ളതുകൊണ്ടു മാത്രം ഒരാളെ കേസില്‍ പങ്കാളിയാക്കാന്‍ കഴിയില്ലെന്നാണ് കോടതി വ്യക്തമാക്കുന്നത്. കൂട്ടുപ്രതിയുടെ മൊഴിയുടെയോ ഫോണ്‍വിളിയുടെയോ മാത്രം പേരില്‍ ഗൂഢാലോചനയ്ക്ക് പ്രോസിക്യൂട്ട് ചെയ്യാനാകില്ല.
അമേരിക്കയില്‍ താമസിക്കുന്ന തോമസിന്റെ ഉടമസ്ഥതയിലുള്ളതാണ് രാജീവ് പാട്ടത്തിനെടുത്ത തോട്ടം. 12 പണിക്കാരോടൊപ്പം തോട്ടത്തിലെ ഔട്ട് ഹൗസിലായിരുന്നു രാജീവ് താമസിച്ചിരുന്നത്. കന്യാസ്ത്രീ മഠത്തിന്റെ ഉടമസ്ഥതയിലാണ് രണ്ടേക്കര്‍ ജാതിത്തോട്ടം.
വീട്ടില്‍ നിന്ന് സ്‌കൂട്ടറില്‍ കടയിലേക്ക് പോകാനിറങ്ങിയ രാജീവിനെ ഓട്ടോറിക്ഷയിലെത്തിയ നാല്‌പേര്‍ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഏതാണ്ട് 150 മീറ്റര്‍ അകലെ വാടയ്‌ക്കെടുത്ത വീട്ടിലെത്തിച്ച് രാജീവനെ മര്‍ദിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തുകയായിരുന്നു. ഇതിനിടയില്‍ അഭിഭാഷകന്‍ സി.പി ഉദയഭാനുവില്‍ നിന്ന് തനിക്ക് ഭീഷണിയുണ്ടെന്ന് കാണിച്ച് രാജീവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. രാജീവിന്റെ മകനെയും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായാണ് പരാതി. പിടിയിലായ ഷൈജു നല്‍കിയ മൊഴിയിലും ഉദയഭാനുവിന്റെ പേരുണ്ടെന്ന് പോലീസ് പറയുന്നു. തനിക്കും കുടുംബത്തിനും ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് രാജീവ് ഇക്കഴിഞ്ഞ ജൂണില്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതായാണ് കാണുന്നത്.
പ്രതികള്‍ കൃത്യം നടത്തി പത്തുമണിക്കൂറിനകം തന്നെ വലയിലാകുകയായിരുന്നു. ഈ കേസില്‍ ദൃക്‌സാക്ഷിയായത് രാജീവ് കൊല്ലപ്പെട്ട വീട്ടുവളപ്പില്‍ ജാതിക്ക പെറുക്കാനെത്തിയ ബാബുവാണ്. രാജീവ് കൊല്ലപ്പെട്ട വീട്ടുവളപ്പിലെ ജാതിക്കാ പെറുക്കാനെത്തുന്ന ബാബുവാണ് കേസിലെ ദൃക്സാക്ഷി. കന്യാസ്ത്രീമഠത്തിന്റെ ഉടമസ്ഥതയിലുള്ള രണ്ടേക്കര്‍ ജാതിത്തോട്ടത്തില്‍ വീഴുന്ന കായകള്‍ ശേഖരിക്കുന്നത് സമീപവാസിയായ ബാബുവാണ്. കൊല്ലപ്പെട്ട ദിവസം രാവിലെ ആറേമുക്കാവലിന് ജാതിക്കാ പെറുക്കാന്‍ ബാബുവെത്തിയപ്പോള്‍ വീടിനുള്ളില്‍ നിന്ന് ആളനക്കം കേള്‍ക്കുകയായിരുന്നു. വാടകയ്ക്ക് കൊടുത്തെങ്കിലും താമസക്കാരെത്താത്ത വീട്ടില്‍ എപ്പോഴാണ് ആളെത്തിയതെന്നറിയാന്‍ തുറന്നിട്ടിരിക്കുന്ന വാതിലിലൂടെ നോക്കിയപ്പോള്‍ ഉള്ളില്‍നിന്ന് രണ്ടുചെറുപ്പക്കാര്‍ ആക്രോശത്തോടെ ആട്ടിയോടിക്കുകയായിരുന്നു.
സാക്ഷികളാരും ഇല്ലാതിരിക്കാന്‍ അയല്‍ക്കാര്‍ പോകുംവരെ കാത്തിരുന്നാണ് രാജീവിനെ തട്ടിക്കൊണ്ടുപോയത്. കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത ഓട്ടോറിക്ഷയിലാണ് നാലുപേര്‍ എത്തിയത്. കൃത്യം നടത്തിയശേഷം വാതില്‍ പൂട്ടി താക്കോല്‍ പൂട്ടിനടുത്തുതന്നെ വെച്ചാണ് സംഘം പോയത്. രാജീവിന്റെ തോട്ടത്തില്‍നിന്ന് വാടകവീട്ടിലേക്കുള്ള റോഡിലെ ഒരുവീട്ടിലെ സി.സി.ടി.വി.യിലും ഓട്ടോറിക്ഷയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഇതുവഴിയാണ് പ്രതികളെപ്പറ്റിയുള്ള പ്രഥമവിവരം കിട്ടിയത്.
പ്രശ്‌നങ്ങളുടെ തുടക്കം
പാലക്കാട്ടും നെടുമ്പാശ്ശേരിയിലുമുള്ള ഭൂമി വില്‍പനയുമായി ബന്ധപ്പെട്ടാണ് രാജീവും അഭിഭാഷകനും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായതെന്നാണ് പറയുന്നത്. കരാര്‍ എഴുതിയെങ്കിലും വില്‍പ്പന നടന്നില്ല. വന്‍തുകയുടെ ഇടപാടാണ് ഇരുവരും തമ്മില്‍ നടന്നതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. എന്തുകൊണ്ടാണ് ഇടപാട് നടക്കാതെ പോയതെന്ന് വ്യക്തമല്ല. ഉദയഭാനുവിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചകൊണ്ടാണ് കരാര്‍ നഷ്ടമായതെന്ന് രാജീവ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
ഭീഷണിപ്പെടുത്തിയെന്ന ആരോപണം വ്യാജമാണെന്ന് അഡ്വ. സി.പി. ഉദയഭാനു പറയുന്നു. പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയതിനാല്‍ കോടതി അത് തള്ളിക്കളഞ്ഞതാണെന്നും അദ്ദേഹം പറയുന്നു. പണം വാങ്ങിയശേഷം രാജീവ് വഞ്ചിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് പോലീസില്‍ പരാതിയും നല്‍കിയിരുന്നു. എസ്.പി.ക്ക് നല്‍കിയ പരാതിയില്‍നിന്ന് രക്ഷപ്പെടാനാണ് വ്യാജ പരാതിയുമായി കോടതിയെ സമീപിച്ചതെന്നും ഉദയഭാനു പറഞ്ഞു.
രാജീവിന്റെ പേരിലുള്ള പരാതികള്‍ വ്യാജമെന്ന് സംശയം
രാജീവ് താമസിച്ചിരുന്ന വീടിന്റെ മുമ്പിലെ റോഡിലാണ് പ്രതികളെ കൊണ്ടുവന്നത്. സ്‌കൂട്ടറില്‍ പോവുകയായിരുന്ന രാജീവിനെ ഇവിടെനിന്നാണ് തട്ടിക്കൊണ്ടുപോയത്. ഇവിടെ തെളിവെടുപ്പിനുശേഷം കോണ്‍വെന്റിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലെത്തിച്ചു. തെളിവെടുപ്പിന്റെ ഭാഗമായി ഓട്ടോറിക്ഷയിലാണ് ഇവരെ കയറ്റിക്കൊണ്ടുപോയത്. പ്രതികള്‍ രാജീവിനെ ഓട്ടോയില്‍ കയറ്റിയാണ് കൃത്യം നടത്തിയ സ്ഥലത്തേക്ക് കൊണ്ടുപോയതെന്നാണ് വിവരം. തെളിവെടുപ്പ് ഒരുമണിക്കൂറോളമുണ്ടായി.
മുഖ്യപ്രതി വിദേശത്തേക്ക് കടന്നതായി സംശയം
ഈ കേസില്‍ പോലീസ് തേടുന്ന മുഖ്യപ്രതി ജോണി വിദേശത്തേക്ക് കടന്നതായി സംശയിക്കുന്നു. ഭരണ-പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ വന്‍ സ്വാധീനമുള്ള പ്രതിക്ക് വിദേശത്തെ വാണിജ്യശാലകളില്‍ നിക്ഷേപവുമുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. മൂന്ന് രാജ്യങ്ങളിലെ വിസയുമുണ്ട്. പ്രതിയെ പിടിക്കാന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനാണ് പദ്ധതി.
രാജീവും ജോണിയും ചേര്‍ന്ന് നടത്തിയിരുന്ന ഭൂമിയിടപാടിലെ ലാഭം വിദേശങ്ങളിലെ ബിസിനസ് സ്ഥാപനങ്ങളിലാണ് നിക്ഷേപിച്ചത്. ഭൂമിയിടപാടിലൂടെ കിട്ടിയിരുന്ന കോടികളുടെ വരുമാനത്തിന്റെ സ്രോതസ്സ് കാണിക്കാതിരിക്കാനായിരുന്നു ഇത്. ഇടപാടിലൂടെ കിട്ടിയിരുന്ന പണത്തിന്റെ ഒരുപങ്ക് രാഷ്ട്രീയകക്ഷികള്‍ക്ക് സംഭാവന നല്‍കിയാണ് ജോണി നേതാക്കളുമായി അടുപ്പം സ്ഥാപിച്ചത്. ഇത്തരം ബന്ധങ്ങളുപയോഗിച്ച് പിന്നീട് ഭീഷണിപ്പെടുത്തി പണംതട്ടുന്ന രീതിയും പ്രതിക്കുണ്ടായിരുന്നതായി അന്വേഷണസംഘം പറയുന്നു. ഒരുസ്ത്രീയുമായി ബന്ധമുള്ള സി.ഡി. പുറത്തുവിട്ട് മന്ത്രിയുടെ രാജിയിലെത്തിച്ച സംഭവത്തില്‍ ജോണിക്ക് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്.
എല്ലാ നീക്കത്തിലും ജോണിക്ക് കൃത്യമായ നിയമോപദേശം ലഭിച്ചിരുന്നതായി പോലീസ് കരുതുന്നു. രാജീവിനെ കൊലപ്പെടുത്തിയ വീട് വാടകയ്ക്കെടുക്കാനെത്തിയത് ജോണിയാണെങ്കിലും വാടക ഉടമ്പടിയുണ്ടാക്കിയത് ഭാര്യാസഹോദരന്‍ ഷൈജുവിന്റെ പേരിലാണ്. കേസില്‍ അറസ്റ്റിലായ ഷൈജു മുന്‍പ് മാനസികാസ്വാസ്ഥ്യത്തിന് മരുന്നുകഴിച്ചിരുന്നു. രാജീവിനെ ഈ വീട്ടില്‍ തട്ടിക്കൊണ്ടുവന്ന് വിവിധ രേഖകളില്‍ ഒപ്പിടുവിക്കുകയെന്നതായിരുന്നു ലക്ഷ്യം. പിടിക്കപ്പെട്ടാല്‍ കേസ് ഷൈജുവിന്റെ പേരിലാക്കാമെന്നും മാനസികാസ്വാസ്ഥ്യമുള്ളയാളെ ശിക്ഷിക്കില്ലെന്നുമായിരുന്നു കിട്ടിയ നിയമോപദേശം.
തട്ടിക്കൊണ്ടുപോകല്‍ കൊലപാതകത്തില്‍ കലാശിച്ചയുടന്‍ പ്രതികള്‍ എന്തുചെയ്യണമെന്നറിയാന്‍ ഉപദേശകനുമായി ഫോണില്‍ ബന്ധപ്പെട്ടു. അവിടെനിന്ന് രക്ഷപ്പെട്ട് ഉടന്‍ മദ്യപിക്കാനായിരുന്നത്രേ ഉപദേശം. മദ്യപിച്ച് ബോധമില്ലാതെ ചെയ്ത കൃത്യമാണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ഇത്. തിരക്കിട്ട് വീട്ടില്‍ നിന്നിറങ്ങവേ പ്രതികളിലൊരാളുടെ മൊബൈല്‍ ഫോണ്‍ അവിടെനിന്നെടുക്കാന്‍ മറന്നു. ഈ ഫോണിലൂടെയാണ് പ്രതികള്‍ ജോണിയുമായി ബന്ധപ്പെട്ട് ഉപദേശങ്ങള്‍ തേടിയത്. പ്രതികളെ പോലീസ് പിടികൂടുമ്പോള്‍ എല്ലാവരും മദ്യലഹരിയിലായിരുന്നു. എന്നാല്‍ പ്രതികളെ പിടികൂടുംമുന്പേ നിയമോപദേശകന്‍ പോലീസിനെ കൊലപാതകക്കാര്യം വിളിച്ചറിയിച്ചിരുന്നു. പ്രതികള്‍ ഫോണിലൂടെ തന്നെ ബന്ധപ്പെട്ടെന്നും അക്കാര്യം ഉടന്‍തന്നെ പോലീസിനെ അറിയിച്ചെന്നും വരുത്തിത്തീര്‍ത്ത് തടിതപ്പാനായിരുന്നു ഇത്.


VIEW ON mathrubhumi.com