പോലീസ് മാത്രം വിചാരിച്ചാല്‍ ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയുമോ?

By: നിത.എസ്.വി
കൊച്ചിയും ആലപ്പുഴയും കേന്ദ്രീകരിച്ച് നിരവധി ഗുണ്ടാ ആക്രമണങ്ങള്‍ നടക്കുമ്പോളും നടപടിയെടുക്കാതെ കേസ് തേച്ചുമായ്ച്ചു കളയുകയാണെന്നതാണ് ഇപ്പോള്‍ പോലീസിനെതിരെ ഉന്നയിക്കപ്പെടുന്ന പ്രധാന ആരോപണം.
ക്വട്ടേഷന്‍ കൊലപാതക പരമ്പരയില്‍ കേരളത്തിൽ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ആലപ്പുഴയാണെന്ന് വിവരങ്ങള്‍ സൂചിപ്പിക്കുന്നു.
ആന്റി സോഷ്യല്‍ ആക്റ്റിവിറ്റീസ് പ്രതിരോധിക്കാനായി കോട്ടയം, ഇടുക്കി, ആലപ്പുഴ,എറണാകുളം റൂറല്‍, കോഴിക്കോട് സിറ്റി എന്നിവിടങ്ങളില്‍ നടപ്പിലാക്കിയ പദ്ധതിയാണ് 'ഓപ്പറേഷന്‍ ഗുണ്ട'. കഴിഞ്ഞ ഒരു ആറുമാസമായി ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഗുണ്ടാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച കൊച്ചി റേഞ്ച് ഐ.ജി പി. വിജയന്‍ വിലയിരുത്തുന്നു. കേരളത്തില്‍ ക്വട്ടേഷന്‍ ആക്രമണങ്ങള്‍ തുടരുന്നതിന്റെ കാരണങ്ങളിലൊന്ന് പോലീസിന്റെ അനാസ്ഥയാണെന്ന് ആരോപിക്കുമ്പോള്‍ ഉത്തരവാദിത്തമുള്ള പോലീസ് ഓഫീസര്‍ എന്ന നിലയില്‍ ഇദ്ദേഹം ചില കാര്യങ്ങള്‍ വിശദമാക്കുകയാണ്.
'ഓപ്പറേഷന്‍ ഗുണ്ട' പദ്ധതിയനുസരിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളില്‍ നിന്നും സാമൂഹ്യ വിരുദ്ധര്‍ ഏറ്റവും കൂടുതല്‍ എറണാകുളം റൂറലിലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. രണ്ടാം സ്ഥാനം ആലപ്പുഴ ജില്ലയിലാണ്. ഗുണ്ടകളുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കാന്‍ പോലീസ് ഉദ്യോഗസ്ഥനെ നിയോഗിച്ചിട്ടുണ്ട്. സ്ഥിരം പ്രശ്‌നക്കാര്‍ വീണ്ടും പ്രശ്‌നത്തില്‍ ഇടപെട്ടാല്‍ ജാമ്യം റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ഇത്തരം കേസുകളില്‍ നല്ല രീതിയില്‍ പ്രോസിക്യൂഷന്‍ നടത്താനുള്ള സംവിധാനം ഏര്‍പ്പെടുത്താനും നിയമപരമായി പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാനുമുള്ള കാര്യങ്ങള്‍ ചെയ്യും. അവരുടെ നല്ലനടപ്പിനുവേണ്ടി സി.ആര്‍.പി.സി അനുസരിച്ച് നടപടികള്‍ സ്വീകരിക്കും. കാപ്പ നിയമമനുസരിച്ച് ഏകദേശം 66 പേരെ പലപ്പോഴായി ജയിലേക്ക് അയച്ചിട്ടുണ്ട്. നാര്‍ക്കോട്ടിക് ഒഫെന്‍സ്, അബ്കാരി ഒഫെന്‍സ് എന്നിവയില്‍പ്പെട്ടവരുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. കൊച്ചി റേഞ്ചിന്റെ ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡ് രൂപികരിച്ചിട്ടുണ്ട്. അബ്കാരി ഒഫെന്‍സിനെതിരെയുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ മറ്റു ജില്ലകളിലും നടപ്പിലാക്കും. തൃശൂര്‍, തിരുവനന്തപുരം മേഖലകളില്‍ ശക്തമായ ഗുണ്ടാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.
കൂടുതല്‍ ജയിലുകള്‍ സൃഷ്ടിക്കുകയാണോ വേണ്ടത്?
സമൂഹത്തില്‍ നിലയും വിലയുമുള്ളവരും അഭ്യസ്തവിദ്യരുമാണ് ഗുണ്ടകളായി മാറുന്നതെന്നാണ് പല വെളിപ്പെടുത്തലുകളും സൂചിപ്പിക്കുന്നത്. ആലപ്പുഴയില്‍ ലിജോ വര്‍ഗീസിനെ കൊലപ്പെടുത്തിയ കേസിലെ അഞ്ചാംപ്രതി എം.ബി.എ ബിരുദധാരിയാണ്. മറ്റു രണ്ടു കൊലപാതകത്തിലെ രണ്ടുപ്രതികള്‍ പോളിടെക്‌നിക് ബിരുദധാരികളാണ്. കൊലപാതകത്തില്‍ പ്രതികളെ സഹായിക്കാന്‍ അഭിഭാഷകരും രംഗത്തിറങ്ങുന്നതായാണ് അറിയാന്‍ കഴിയുന്നത്.
പോലീസ് മാത്രം വിചാരിച്ചാല്‍ ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയുമോ?
'വെറും ഒരു പോലീസിന്റെ നടപടികളില്‍ അവസാനിക്കുന്നതല്ല ഗുണ്ടാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍. മാനസികമായ പ്രശ്‌നങ്ങളുള്ളവരും പ്രതികളുടെ കൂട്ടത്തിലുണ്ടാകും. അവരെ പുനരധിവസിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തണം. പല ആളുകളും എട്ടും പത്തും കേസുകളില്‍ ഉള്‍പ്പെടുന്നവരാണ്. കൂട്ടുകെട്ടിന്റെ അടിസ്ഥാനത്തിലാണ് പലരും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. ഗുണ്ടാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കാരണം കൂടുതല്‍ ജയിലുകള്‍ സൃഷ്ടിക്കുകയാണോ വേണ്ടത്? ഇത്തരം ആളുകളെ വീണ്ടും ജയിലിലേക്ക് അയക്കാതിരിക്കാനുള്ള നടപടികളാണ് നോക്കേണ്ടത്. ചിലപ്പോള്‍ ചില പദ്ധതികള്‍ ആരംഭിക്കുമ്പോള്‍ പരിസ്ഥിതിയുടെ പേരില്‍ പ്രശ്‌നങ്ങളുണ്ടാകാം. വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്നവരുണ്ട്. ഭൂമി നികത്തിക്കൊടുക്കാന്‍ ഗുണ്ടാ സംഘത്തെ ഏല്‍പ്പിക്കുന്നവരുമുണ്ട്. ഇവരെക്കൂടി പ്രതിരോധിക്കാനുള്ള നടപടികള്‍ ആന്റി സോഷ്യല്‍ പ്രിവെന്‍ഷ്യല്‍ ആക്റ്റിവിറ്റീസ് അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തും.' ഐ.ജി വ്യക്തമാക്കുന്നു.
മാഫിയ എന്ന പേര് പോലും ലഘൂകരിക്കപ്പെട്ടു കഴിഞ്ഞു
'ഞങ്ങള്‍ ആന്റി സോഷ്യല്‍ എലമെന്റ്‌സ് എന്നാണ് ഇത്തരം ആളുകളെ വിശേഷിപ്പിക്കുന്നത്. ഗുണ്ടകള്‍ എന്നു പറയുന്നത് മീഡിയയാണ്. ഏതെങ്കിലും ഒരു പെട്ടിക്കടയ്ക്കുനേരെ കള്ളുകുടിച്ച് ആരെങ്കിലും ആക്രമണം നടത്തിയാല്‍ ഗുണ്ടാവിളയാട്ടം എന്നെഴുതിപ്പിടിപ്പിക്കുന്നത് മീഡിയയാണ്. എന്തിനെയും മാഫിയ എന്ന് പറയുന്ന അവസ്ഥയാണ് ഇന്ന് . മാഫിയ എന്ന പേര് പോലും ലഘൂകരിക്കപ്പെട്ടു കഴിഞ്ഞു. മീഡിയ സെന്‍സേഷന്‍ ഉണ്ടാക്കുന്നതാണ് കൂടുതലും കേരളത്തിലെ ഗുണ്ടാ ആക്രമണങ്ങളെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. മനുഷ്യരുടെ സ്വസ്ഥത നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ആന്റി സോഷ്യല്‍ ആക്റ്റിവിറ്റീസ് ആയി കണക്കാക്കുന്നത്. സാധാരണ നിലയില്‍ ഞങ്ങള്‍ കണ്ടിട്ടുള്ള ക്രിമിനലുകളില്‍ ആരും തന്നെ ഞാന്‍ കുറ്റം ചെയ്തുവെന്ന് സ്വമേധയാ സമ്മതിച്ച് മുന്നോട്ട് വന്നിട്ടില്ല. ഞാന്‍ ചെയ്ത് തെറ്റായിപ്പോയി എന്ന് പറയുന്ന കുറ്റവാളികളുടെ എണ്ണം താരതമ്യേന കുറവാണ്. '
എല്ലാവരും ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്
ഓപ്പറേഷന്‍ ഗുണ്ടയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗുണ്ടകളെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. സജീവമായി ഗുണ്ടാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, ഇപ്പോള്‍ സജീവമായിട്ടും കേസുകളില്‍ ഉള്‍പ്പെടാതെ വിട്ടുനില്‍ക്കുന്നവര്‍, ഒരു കാലത്ത് ഗുണ്ടാപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നിട്ട് ഇപ്പോള്‍ വിട്ടു നില്‍ക്കുന്നവര്‍ എന്നിങ്ങനെയാണ് അവ.
സമൂഹത്തില്‍ എല്ലാ മേഖലയിലും ആക്രമണസ്വഭാവമുള്ളവരുണ്ട്. ബാറുകള്‍ പൂട്ടിയതുകൊണ്ട് അവരെല്ലാം ക്രിമിനലുകളായെന്നും സിനിമാ മേഖലയില്‍ കുടിയേറിപ്പാര്‍ത്തുവെന്നുമുള്ള ആരോപണം തെറ്റാണ്. ചിലരൊക്കെ ആ കൂട്ടത്തിലുണ്ട്‌. പള്‍സര്‍ സുനി സിനിമയിലേക്ക് വാഹനങ്ങള്‍ കൊടുക്കുകയും വണ്ടി ഓടിക്കുകയും ചെയ്യുന്ന ആളാണ്. അങ്ങനെയുള്ള ചിലരുണ്ട്. എല്ലാവരും ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. മറ്റുള്ളവരെ ജോലിക്ക് വയ്ക്കുമ്പോള്‍ അവരുടെ മുന്‍കാലജീവിതം എങ്ങനെയുള്ളതാണെന്ന് നോക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍ സാമൂഹ്യവിരുദ്ധര്‍ക്ക് തഴച്ചു വളരാനുള്ള അവസരമായിരിക്കും നല്‍കുന്നത്. അയാളെ ജോലിക്ക് നിര്‍ത്തിയിരിക്കുന്ന ആള്‍ക്ക് തന്നെ വ്യക്തിപരമായ പ്രയാസങ്ങളുണ്ടാക്കും.
ക്രിമിനലുകളെ ഉപയോഗിച്ച് കാര്യം നേടാന്‍ ആരും ശ്രമിക്കാതിരിക്കുക
ക്രിമിനലുകളെ ഉപയോഗിച്ച് കാര്യങ്ങള്‍ നേടിയെടുക്കാന്‍ ആരും ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്. അതിനുള്ള അനന്തരഫലം അവര്‍ തന്നെ അനുഭവിക്കേണ്ടി വരും. ഗുണ്ടാ ആക്രമണമെന്ന് വിശേഷിപ്പിക്കുന്നത് യഥാര്‍ഥത്തില്‍ അങ്ങനെയല്ല. അത് ചിലര്‍ക്ക് അനാവശ്യമായ ഗ്ലാമര്‍ ഉണ്ടാക്കിക്കൊടുക്കും. അതുപയോഗിച്ച് അവര്‍ മാര്‍ക്കറ്റുണ്ടാക്കുകയും ചെയ്യും. പുലി വരുന്നേ പുലി വരുന്നേ എന്ന് പറയുമ്പോള്‍ യാഥാര്‍ഥത്തില്‍ പുലി വരുമ്പോള്‍ ആളില്ലാതെ ആയിപ്പോകും. കിട്ടുന്ന സംഭവങ്ങളിലെല്ലാം ഞങ്ങള്‍ അറസ്റ്റ് രേഖപ്പെടുത്തുന്നുണ്ട്. ചിലരെ നമുക്ക് നന്നാക്കിയെടുക്കാം. യഥാര്‍ഥത്തില്‍ പോലീസ് ചെയ്യേണ്ട പണിയല്ല അത്. സന്നദ്ധസംഘടനകള്‍ അതിനായി മുന്നിട്ടിറങ്ങണം.
സദാചാര ഗുണ്ടായിസം എന്നത് സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ഒരു ടെര്‍മിനോളജി ആണ്. സദാചാര ഗുണ്ടകളില്‍ പലരും നേരത്തെ ഒരു കേസിലും പെടാത്തവരാണ്. അവര്‍ക്ക് എന്തെങ്കിലുമൊക്കെ കാണുമ്പോള്‍ ധാര്‍മിക ബോധം ഉണരുകയാണ് . ഇതൊന്നും ഈ നാട്ടില്‍ നടക്കാന്‍ പാടില്ലെന്ന് ചിന്തിക്കുകയാണ്. ധാര്‍മിക ബോധം ഉയര്‍ത്തുന്ന പ്രശ്‌നമാണ് അപകടം ഉണ്ടാക്കുന്നത്. ഒരു നാട്ടില്‍ നിലവിലുള്ള ജീവിതരീതിയെ അപമാനിച്ചുകൊണ്ടോ അവഹേളിക്കുന്ന തരത്തിലോ ധാര്‍മിക ബോധം പ്രയോഗിക്കരുത്


VIEW ON mathrubhumi.com


READ MORE CRIME BEAT STORIES: