ഇരകള്‍ക്ക് നഷ്ടപരിഹാരം: പദ്ധതിയുണ്ട്, പ്രയോജനം കുറവ്

By: എം.എം പ്രീതി
കൊച്ചി: അതിക്രമങ്ങള്‍ക്കും അപകടങ്ങള്‍ക്കും ഇരകളായവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഭരണകൂടത്തെ ബാധ്യതപ്പെടുത്തുന്ന പദ്ധതി സംസ്ഥാനത്ത് നിലവില്‍വന്ന് മൂന്നുകൊല്ലം പിന്നിട്ടിട്ടും ആനുകൂല്യം ലഭിക്കുന്നവര്‍ തീരെക്കുറവ്. കഴിഞ്ഞ രണ്ടു സാമ്പത്തികവര്‍ഷങ്ങളില്‍ 106 പേര്‍ക്കുമാത്രമാണ് ഇതുപ്രകാരമുള്ള നഷ്ടപരിഹാരം കിട്ടിയത്.
2015, 2016 വര്‍ഷങ്ങളില്‍ കുട്ടികളെ ബലാത്സംഗം ചെയ്തതിന് 1240 കേസെടുത്തു. 2015-'16, 2016-'17 സാമ്പത്തികവര്‍ഷങ്ങളില്‍ കുട്ടികളോടുള്ള ക്രൂരത തടയുന്ന പോക്സോ നിയമപ്രകാരം എടുത്ത കേസുകളില്‍ ഇരയായി നഷ്ടപരിഹാരം കിട്ടിയത് 44 കുട്ടികള്‍ക്കു മാത്രം. കിട്ടിയത് 1.88 കോടി രൂപ. വിവരാവകാശ നിയമപ്രകാരം ഡി.ബി.ബിനുവിന് ലഭിച്ച വിവരമാണിത്.
പദ്ധതിയെക്കുറിച്ച് അധികമാര്‍ക്കും അറിയില്ലെന്നതാണ് ആനുകൂല്യം കിട്ടുന്നവരുടെ എണ്ണം കുറയാന്‍ പ്രധാനകാരണം. 2015-'16, 2016-'17 സാമ്പത്തികവര്‍ഷത്തില്‍ 106 പേര്‍ക്കായി 2.13 കോടി രൂപയുടെ സഹായം മാത്രമാണ് ലഭിച്ചത്.
2014 മുതല്‍ 2016 വരെയുള്ള മൂന്നുവര്‍ഷത്തില്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ള കേസുകളുടെ എണ്ണം:
ബലാത്സംഗക്കേസ്- 3456.
സ്ത്രീധനമരണക്കേസ്- 34.
ഭര്‍ത്തൃഗൃഹത്തിലെ ക്രൂരത-10,440.
റോഡപകടം-68,872 (അപൂര്‍ണം).
കുട്ടികള്‍ക്കുനേരേയുള്ള ക്രൂരത-3954 (അപൂര്‍ണം)
നഷ്ടപരിഹാരം
* ഇരകള്‍ക്ക് നഷ്ടപരിഹാരത്തിനുള്ള പദ്ധതി 2014 ഫെബ്രുവരി 24-ന് സംസ്ഥാനത്ത് നടപ്പാക്കി. ഇര നേരിടുന്ന വിഷമങ്ങളുടെ കാഠിന്യമനുസരിച്ച് 20,000 മുതല്‍ മൂന്നുലക്ഷം രൂപ വരെയാണ് നഷ്ടപരിഹാരം.
* അതിക്രമത്തിലോ അപകടത്തിലോ പരിക്കേറ്റയാളോ അവരുടെ ബന്ധുക്കളോ മരിച്ചയാളുടെ ആശ്രിതരോ ആണ് അപേക്ഷ നല്‍കേണ്ടത്. ജില്ല, സംസ്ഥാന നിയമസഹായ അതോറിറ്റിയില്‍ ഇത് സമര്‍പ്പിക്കണം.
* പോലീസില്‍നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് അതിന്റെ അടിസ്ഥാനത്തിലാണ് നിയമസഹായസമിതി അപേക്ഷ തീര്‍പ്പാക്കുക. 60 ദിവസത്തിനകം തീര്‍പ്പാക്കണം. ഇടക്കാലാശ്വാസവും പരിഗണിക്കാം. അതിന് കോടതിയുടെയോ പോലീസിന്റെയോ സാക്ഷ്യപത്രം വേണം. നഷ്ടപരിഹാര നിര്‍ദേശം കോടതി നേരിട്ട് നിയമസഹായ സമിതിക്ക് നല്‍കാറുമുണ്ട്.
* പ്രഥമവിവര റിപ്പോര്‍ട്ട് ഫയല്‍ ചെയ്യുമ്പോള്‍ത്തന്നെ കുറ്റകൃത്യത്തിന്റെ സ്വഭാവമനുസരിച്ച് നഷ്ടപരിഹാരത്തിന് അര്‍ഹത കൈവരും.
* പ്രതിയെ വിട്ടയച്ചാലും ഇരയ്ക്ക് നഷ്ടപരിഹാരം ലഭിക്കാം. അത് കോടതിയാണ് നിയമസഹായസമിതിയോട് ശുപാര്‍ശ ചെയ്യേണ്ടത്.
* ഇടിച്ച വാഹനം നിര്‍ത്താതെ പോയാലും പരിക്കേറ്റയാള്‍ക്ക് നഷ്ടപരിഹാരം കിട്ടും.
* കുറ്റവാളിയെ തിരിച്ചറിഞ്ഞില്ലെങ്കിലും വിചാരണ നടന്നില്ലെങ്കിലും നഷ്ടപരിഹാരം തേടാം.
നഷ്ടപരിഹാരം എത്രവരെ?
* കൊലപാതകം- അഞ്ചുലക്ഷം രൂപവരെ.
* മനപ്പൂര്‍വമല്ലാത്ത നരഹത്യ, ബലാത്സംഗം, 80 ശതമാനത്തിനു മുകളിലെ അംഗവൈകല്യം, 40 ശതമാനത്തിലധികം വൈകല്യം സംഭവിച്ച ആസിഡ് ആക്രമണം- മൂന്നുലക്ഷം രൂപവരെ.
* അനാസ്ഥമൂലമുള്ള മരണം, ശസ്ത്രക്രിയയ്ക്കിടയിലെ പരിക്ക്, സ്ത്രീധനത്തിന്റെ പേരിലെ അതിക്രമം- രണ്ടുലക്ഷം രൂപവരെ.
* എല്ലുപൊട്ടല്‍, വന്ധ്യത- ഒന്നര ലക്ഷം രൂപവരെ.
* 40 ശതമാനത്തിനു താഴെ വൈകല്യം സംഭവിച്ച ആസിഡ് ആക്രമണം, 40 ശതമാനം മുതല്‍ 80 ശതമാനം വരെയുള്ള അംഗവൈകല്യം, പുനരധിവാസം- ഒരുലക്ഷം രൂപവരെ.
* ലൈംഗികാതിക്രമം, കുട്ടികളോടുള്ള അതിക്രമം, മറ്റു ഗൗരവമുള്ള പരിക്ക്- 50,000 രൂപവരെ.
* ഗൗരവംകുറഞ്ഞ പരിക്ക്- 25,000 രൂപവരെ.
* 25 ശതമാനത്തിലധികം പൊള്ളല്‍- 20,000 രൂപവരെ.


VIEW ON mathrubhumi.com