മലയാളി വിദ്യാര്‍ഥിയുടെ കൊലപാതകം: ആസൂത്രണം ചെയ്തത് സഹപാഠി

ബാംഗ്‌ളൂരില്‍ കാണാതായ മലയാളി എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ ശരത്തിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ശരത്തിന്റെ അടുത്ത സുഹൃത്തുള്‍പ്പെടെ നാലുപേരെ പോലീസ് അറസ്റ്റുചെയ്തു.നൈലോണ്‍ കയര്‍ കഴുത്തില്‍ കുരുക്കി ശ്വാസം മുട്ടിച്ചു കൊന്നശേഷം മൃതദേഹം തടാകത്തില്‍ കല്ലുകെട്ടി താഴ്ത്തുകയായിരുന്നു. ഇത് പരാജയപ്പെട്ടപ്പോള്‍ കുഴിയെടുത്ത് മൂടുകയായിരുന്നു.
കൊല്ലപ്പെട്ട ശരത്ത്, ബെംഗളൂരു ആചാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് കോളേജില്‍ ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് രണ്ടാംവര്‍ഷ വിദ്യാര്‍ഥിയാണ്. സുഹൃത്ത് വിശാല്‍ (20), സഹായികളായ വിനയ് പ്രസാദ് (24), കിരണ്‍ (22), വിനോദ് കുമാര്‍ (24) എന്നിവരെ അറസ്റ്റുചെയ്തു. സംഘത്തില്‍പ്പെട്ട ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ ശാന്തകുമാര്‍ ഒളിവിലാണ്. ആഡംബരജീവിതം നയിക്കാന്‍ പണത്തിനുവേണ്ടിയാണ് പ്രതികള്‍ ക്രൂരകൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
പദ്ധതികള്‍ തയ്യാറാക്കിയത് വിശാല്‍
ഈയിടെ വാങ്ങിയ പുതിയ ബുള്ളറ്റ് ബൈക്കുമായി സെപ്റ്റംബര്‍ 12-നാണ് ശരത്ത് ഉള്ളാള ഉപനഗരയിലെ വീട്ടില്‍നിന്ന് സുഹൃത്തുക്കളെ കാണാനായി പുറത്തുപോകുന്നത്. രാത്രി വൈകിയിട്ടും കാണാഞ്ഞതിനെത്തുടര്‍ന്ന് വീട്ടുകാര്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിവരം ലഭിച്ചില്ല. രാത്രി പത്തരയോടെ അമ്മ വനജയുടെയും സഹോദരി ശാലിനിയുടെയും മൊബൈല്‍ ഫോണിലേക്ക് തന്നെ തട്ടികൊണ്ടുപോയതാണെന്നും 50 ലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെടുന്നുണ്ടെന്നും കാണിച്ച് വീഡിയോ സന്ദേശമെത്തി. പിറ്റേദിവസം വീട്ടുകാര്‍ അന്വേഷണം നടത്തിയെങ്കിലും ശരത്തിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
തുടര്‍ന്ന് അച്ഛന്‍ ജ്ഞാനഭാരതി പോലീസില്‍ പരാതിനല്‍കി. ശരത്തിന്റെ ഫോണ്‍ വിവരം പരിശോധിച്ച പോലീസ് വിശാലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് കൊലപാതകവിവരം പുറത്തുവന്നത്. അതിവേഗം പണമുണ്ടാക്കുന്നതിനെക്കുറിച്ച് ഇയാള്‍ സുഹൃത്തുക്കളായ വിനോദ്കുമാര്‍, കാര്‍ ഡ്രൈവര്‍ കിരണ്‍ എന്നിവരുമായി ചര്‍ച്ചനടത്തിയിരുന്നു. ശരത്തും കുടുംബവുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന വിശാലാണ് തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതി മുന്നോട്ടുവെച്ചതെന്നും സിറ്റി പോലീസ് കമ്മിഷണര്‍ ടി. സുനില്‍ കുമാര്‍ പറഞ്ഞു.
ബൈക്ക് കമ്പം മുതലാക്കി ക്രൂരത
ശരത്തിന്റെ ബൈക്ക് കമ്പം മുതലാക്കിയാണ് വിശാല്‍ തട്ടിക്കൊണ്ടുപോകല്‍ പദ്ധതി ആസൂത്രണം ചെയ്തത്. ഇറക്കുമതി ചെയ്ത പുതിയ ബൈക്കുവന്നിട്ടുണ്ടെന്നും ഇത് ഓടിച്ചുനോക്കാന്‍ കെങ്കേരിയിലെ അപ്പാര്‍ട്ട്മെന്റ് കോംപ്ലക്സിനടുത്ത് എത്താനും ശരത്തിനോട് ഇയാള്‍ നിര്‍ദേശിച്ചു. ആര്‍.ടി. ഓഫീസില്‍ ഏജന്റായി പ്രവര്‍ത്തിക്കുന്ന വിനയപ്രസാദ് കാറുമായി സ്ഥലത്തെത്തി. ശരത്തിനെ ബലമായി കാറില്‍ക്കയറ്റി. ഒപ്പം മറ്റു പ്രതികളും കയറി. തന്നെ തട്ടിക്കൊണ്ടുപോയെന്നും മോചനദ്രവ്യം ആവശ്യപ്പെടുന്നുണ്ടെന്നും കാണിച്ച് ശരത്തിനെക്കൊണ്ട് വീഡിയോ എടുപ്പിച്ചു. രാത്രി പത്തരയോടെ വീഡിയോ വീട്ടുകാര്‍ക്ക് അയച്ചു. എന്നാല്‍, അച്ഛന്‍ ആദായനികുതി ഉദ്യോഗസ്ഥനാണെന്നും നിങ്ങളെ പോലീസ് പിടിക്കുമെന്നും ശരത്ത് മുന്നറിയിപ്പു നല്‍കിയപ്പോള്‍ വിശാലും കൂട്ടുപ്രതികളും ആശങ്കയിലായി. തുടര്‍ന്ന് കാറില്‍വെച്ചുതന്നെ ശരത്തിനെ കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറയുന്നു.
അര്‍ധരാത്രിവരെ കാര്‍ പലയിടങ്ങളിലായി കറങ്ങിയശേഷം മൃതദേഹത്തില്‍ കല്ലുകെട്ടി അജ്ജനഹള്ളിയിലെ രമോഹള്ളി തടാകത്തില്‍ താഴ്ത്തി. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ മൃതദേഹം പൊങ്ങിക്കിടക്കുന്നതുകണ്ട് വീണ്ടും കല്ലുകെട്ടി താഴ്ത്തി. എന്നാല്‍, ഇതിനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ തടാകത്തിന് സമീപം കരിങ്കല്‍ ക്വാറിക്കടുത്ത് കുഴിയെടുത്ത് മൂടുകയായിരുന്നു.കൊലപാതകത്തിനുശേഷം വിശാല്‍ ശരത്തിന്റെ വീട്ടിലെത്തുകയും പോലീസില്‍ പരാതിനല്‍കാന്‍ കൂടെപ്പോകുകയും ചെയ്തിരുന്നു. ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ അജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.


VIEW ON mathrubhumi.com