സ്‌കൂട്ടറില്‍ സഞ്ചരിക്കുന്ന സ്ത്രീകളുടെ മാല പൊട്ടിക്കുന്നയാള്‍ പിടിയില്‍

തിരുവനന്തപുരം: സ്‌കൂട്ടറില്‍ സഞ്ചരിക്കുന്ന സ്ത്രീകളുടെ പിറകെ ബൈക്കിലെത്തി മാല പൊട്ടിച്ചെടുക്കുന്നയാള്‍ പിടിയില്‍. കണ്ണമ്മൂല ചട്ടമ്പിസ്വാമി നഗര്‍ കളിയില്‍ വീട്ടില്‍ നന്ദകുമാറി(21) നെയാണ് സിറ്റി ഷാഡോ പോലീസ് പിടികൂടിയത്.
നഗരത്തില്‍ അടുത്തിടെ നടന്ന മാല പിടിച്ചുപറി കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. സെപ്റ്റംബര്‍ 13-ന് രാവിലെ മുടവന്‍മുകള്‍ സ്വദേശി ശോഭകുമാരി സ്‌കൂട്ടറില്‍ തേക്കുംമൂട് ഭാഗത്തേക്ക് പോകവേ പിറകെയെത്തിയ നന്ദകുമാര്‍ നിര്‍ത്താതെ ഹോണടിക്കുകയും വാഹനത്തിന്റെ വേഗതകുറച്ചപ്പോള്‍ ഇവരുടെ മൂന്നുപവന്റെ മാല പൊട്ടിക്കുകയുമായിരുന്നു.
ഗൗരീശപട്ടം ഭാഗത്ത് മകനോടൊപ്പം സ്‌കൂട്ടറില്‍ പോകുകയായിരുന്ന പട്ടം പൊട്ടക്കുഴി സ്വദേശി ഓമനയുടെ നാലരപ്പവന്റെ മാല പിടിച്ചുപറിച്ചതും ഇയാളാണെന്ന് പോലീസ് പറഞ്ഞു. ഇതുള്‍പ്പെടെ ഒട്ടേറെ മാല പിടിച്ചുപറി കേസുകള്‍ ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
മാല പിടിച്ചപറിച്ച സ്ഥലത്തെ സി.സി.ടി.വി. ക്യാമറകള്‍ പരിശോധിച്ചാണ് ഷാഡോ സംഘം ഇയാളെ കുടുക്കിയത്. മുന്‍പ് നേമം, കഴക്കൂട്ടം, വട്ടപ്പാറ, വെഞ്ഞാറമൂട് സ്റ്റേഷനുകളിലായുള്ള ബൈക്ക് മോഷണക്കേസുകള്‍ക്ക് ഇയാളെ സിറ്റി ഷാഡോ പോലീസ് പിടികൂടിയിട്ടുണ്ട്.
മോഷണമുതലുകള്‍ വീണ്ടെടുക്കുന്നതിനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചിട്ടുണ്ടെന്ന് കമ്മിഷണര്‍ പി.പ്രകാശ് പറഞ്ഞു. കണ്‍ട്രോള്‍ റൂം എ.സി. വി.സുരേഷ് കുമാര്‍, മെഡിക്കല്‍ കോളേജ് എസ്.ഐ. ഗിരിലാല്‍, ഷാഡോ ടീമംഗങ്ങള്‍ എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും ഉണ്ടായിരുന്നത്.


VIEW ON mathrubhumi.com