ഒരു മുടിനാരിഴയും AB ഗ്രൂപ്പ് രക്തവും : ഇത് ഒരു കൊറിയന്‍ ക്രൈം ത്രില്ലര്‍

By: രാകേഷ് മനോഹരന്‍
അതിക്രൂരമായി കൊല ചെയ്യപ്പെട്ട ശരീരത്തില്‍ നിന്നും തെളിവായി പോലീസിന് ആകെ ലഭിക്കുന്നത് കൊലയാളിയുടേതെന്ന് സംശയിക്കുന്ന ഒരു മുടി നാരിഴയും പിന്നെ AB ബ്ലഡ് ഗ്രൂപ്പ് ഉള്ള ഒരു പുരുഷന്‍ ആണ് അയാളെന്ന സൂചനയും. പണക്കാരനായി മരിച്ച ആളുടെ ജീവിതത്തിലേക്ക് പോലീസ് അന്വേഷണം എത്തുന്നു. ഇരുപതോളം കുത്തുകള്‍ അയാളുടെ ശരീരത്തില്‍ ഉണ്ടായിരുന്നു. അയാളുടെ കാമുകിയെ അവര്‍ ചോദ്യം ചെയ്യുന്നു. ഒരു പെര്‍ഫക്റ്റ് ക്രൈം പോലെ ഫോറന്‍സിക് ഏജന്‍സിക്കും ഈ കേസില്‍ പ്രധാനമായ തുമ്പുകള്‍ ഒന്നും ലഭിക്കുന്നില്ല. ക്യൂന്‍ യൂ,യൂന്‍ ജൂ എന്നിവരാണ് ഈ കേസ് അന്വേഷിക്കുന്നത്. യൂന്‍ ജൂ ഒരു സ്ത്രീ ആയിരുന്നെങ്കിലും അവരുടെ മട്ടും ഭാവവും കാരണം എല്ലാവരും അവരെ ഒരു പുരുഷനായി തന്നെ കാണുന്നു. അവള്‍ക്കു ക്യൂന്‍ യൂവിനോട് ചെറിയ ഒരു ഇഷ്ടം തോന്നുന്നുമുണ്ട്. Rainbow Eyes എന്ന കൊറിയന്‍ ക്രൈം ചലച്ചിത്രത്തിലെ രംഗങ്ങളാണ് ഇത്‌.
എന്നാല്‍ ക്യൂന്‍ യൂ മറ്റൊരു പെണ്‍കുട്ടിയെ പ്രണയിക്കുന്നു. അതുകൊണ്ടു തന്നെ യൂന്‍ ജൂവിനു തന്റെ ഇഷ്ടം അയാളോട് പ്രകടിപ്പിക്കാന്‍ സാധിക്കുന്നില്ല. എന്നാല്‍ ക്യൂന്‍ യൂവിന് തന്റെ കാമുകിയോടുള്ള പ്രണയം അല്‍പ്പം സങ്കീര്‍ണമാണ്. ആദ്യ കൊലപാതകം അന്വേഷിക്കുന്നതിനിടയില്‍ അടുത്ത കൊലപാതകവും നടക്കുന്നു. അതി ക്രൂരമായി കൊലപ്പെട്ട അടുത്ത ആള്‍ ആദ്യം കൊല്ലപ്പെട്ട ആളുടെ സുഹൃത്താണ്. അതുകൊണ്ട് കേസ് ഇവരെ രണ്ടു പേരെയും ഒരു പോലെ അറിയാവുന്ന ആളുടെ ഇടയിലേക്കുള്ള അന്വേഷണത്തിലേക്ക് നീങ്ങുന്നു. അത്തരത്തില്‍ ഒരാളെ കണ്ടെത്താനായി പോലീസിന്റെ അടുത്ത ശ്രമം.
ആയിടയ്ക്കാണ് ക്യൂന്‍ യൂ തന്റെ പഴയ സുഹൃത്തായ യൂന്‍ സൂവിന്റെ സഹോദരിയെ കാണുന്നത്. യൂന്‍ സൂവിനെ കാണാതായിട്ട് കുറച്ചു വര്‍ഷങ്ങള്‍ ആയി. അയാളെ അന്വേഷിക്കാനായി ക്യൂന്‍ യൂവിനോട് അവര്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഒരു പോലീസ് ആണെങ്കിലും അയാള്‍ അതിന് ആത്മാര്‍ത്ഥമായി ശ്രമിക്കുന്നില്ല. ഈ സമയത്താണ് പോലീസ് സുപ്രധാനമായ ഒരു ബന്ധം ആദ്യ രണ്ടു കൊലപാതകത്തില്‍ മരിച്ചവരില്‍ കണ്ടെത്തുന്നത്. ആ ബന്ധം അവരിലേക്ക് മൂന്നാമതൊരു കൊലപാതകത്തിലേക്കുള്ള സൂചന നല്‍കുന്നു. ആ കൊലപാതകം നടക്കാതിരിക്കാന്‍ പോലീസ് ശ്രമിക്കുന്നു. എന്നാല്‍ കൊലയാളിക്ക് അയാളെ കൊല്ലുകയും വേണം. ആരാണ് ആ കൊലപാതകി? മരിച്ചവരും കൊല്ലപ്പെടാന്‍ സാധ്യതയുള്ള ആളും തമ്മിലുള്ള ബന്ധം എന്താണ്? കൂടുതല്‍ അറിയാന്‍ സിനിമ കാണുക.
വീണ്ടും കുറേ ട്വിസ്റ്റുകളുള്ള ഒരു കൊറിയന്‍ ത്രില്ലര്‍ ചിത്രമാണിത്. അവസാനത്തെ ഒരു ചേസ് സീന്‍ അല്‍പ്പമെങ്കിലും ചിത്രത്തിന്റെ മൊത്തത്തിലുള്ള ഒഴുക്കിനെ ബാധിച്ചെങ്കിലും ചിത്രം മൊത്തത്തില്‍ ഒരു മികച്ച ത്രില്ലര്‍ ആയി അനുഭവപ്പെട്ടു. ഒരിക്കലും പ്രതീക്ഷിക്കാത്ത കൊലപാതകിയും ഈ ചിത്രത്തിന്റെ ഒരു ഹൈ ലൈറ്റ് ആണ്. പലരെയും പലപ്പോഴും സംശയിക്കുമെങ്കിലും സമര്‍ത്ഥമായി ഒരു മുഖംമൂടി അണിയിച്ചു നിര്‍ത്തിയ കൊലപാതകി. കൊറിയന്‍ ത്രില്ലര്‍ ചിത്രങ്ങളുടെ ആരാധകര്‍ക്ക് തീര്‍ച്ചയായും കാണാവുന്ന ഒന്ന്.


VIEW ON mathrubhumi.com


READ MORE CRIME BEAT STORIES: