വക്കീലിനോടും ഡോക്ടറോടും കള്ളം പറയാമോ?

By: രാകേഷ് മനോഹരന്‍
വക്കീല്‍, ഡോക്ടര്‍ എന്നിവരോട് കള്ളം പറയരുതെന്ന് എവിടെയൊക്കെയോ വായിച്ചിട്ടുണ്ട്. രണ്ടുപേരുടെയും സേവനം ആവശ്യമായ ആള്‍, ഒരു പക്ഷെ നേരിടുന്നത് ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ കാര്യങ്ങളായിരിക്കും. പ്രത്യേകിച്ചും കുറ്റവാളിയെന്ന് സംശയിക്കപ്പെടുന്ന ആള്‍. ഓരോ രാജ്യത്തെയും നിയമ സംഹിത അനുശാസിക്കുന്ന ശിക്ഷ നേരിടേണ്ട അവസാന നിമിഷങ്ങളില്‍ അയാളെ രക്ഷിക്കാന്‍ കഴിയുന്നത് അയാള്‍ക്കായി വാദിക്കുന്ന വക്കീലിന് മാത്രമാകും.
കുറ്റകൃത്യം നടന്നാല്‍പ്പോലും നിയമത്തിന്റെ പഴുതുകള്‍ കണ്ടെത്തി സ്വന്തം കക്ഷിയെ രക്ഷിക്കാന്‍ , അയാളെ വാദമുഖങ്ങളില്‍ കൂടുതല്‍ അപകടത്തിലേക്ക് തള്ളി വിടാതെ സംരക്ഷിക്കാന്‍ വക്കീലിന് കഴിഞ്ഞാല്‍, തെറ്റിന്റെയും ശരിയുടെയും നിലപാടുകളില്‍ നിന്നും വീക്ഷിക്കാതെ അവിടെ വക്കീലിന് വിജയം ആയിരിക്കും.
വിര്‍ജിനിയ ഗുഡ്മാന്‍ തന്റെ കരിയറിലെ അവസാന കേസ് വാദിക്കാന്‍ പോവുകയാണ്. വിജയങ്ങളുടെ നിറം ചാലിച്ച അവരുടെ ഔദ്യോഗിക ജീവിതം അവസാനിപ്പിക്കാന്‍ ഒരു വിജയം മാത്രമേ അവരെ തൃപ്തിപ്പെടുത്തൂ. അവര്‍ക്ക് ലഭിച്ച അവസാന കേസ് ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞതാണ്. ബിസിനസ് മേഖലയില്‍ സ്വന്തമായി ഒരു സ്ഥാനം നേടിയെടുത്ത അഡ്രിയാന്‍ ഡോരിയ ഇന്ന് ഒരു കൊലപാതക കേസിലെ പ്രതിയാണ്. കാമുകിയെ ഒരു ഹോട്ടല്‍ റൂമില്‍ വച്ച് കൊലപ്പെടുത്തിയെന്ന രീതിയിലുള്ള തെളിവുകള്‍ അയാള്‍ക്കെതിരെയുണ്ട്‌. എന്നാല്‍ അജ്ഞാതനായ ഒരാളുടെ നിര്‍ദേശപ്രകാരം ആ ഹോട്ടലിലെത്തിയ അഡ്രിയാന്‍ , അയാളുടെ കാമുകി ലോറ എന്നിവരെ കുടുക്കാന്‍ വേണ്ടി ചെയ്തതാണെന്ന് മൊഴി നല്‍കുന്നു. അഡ്രിയാനെ തലയ്ക്കടിപ്പിച്ചു ബോധം കെടുത്തിയതിനുശേഷമാണ് ലോറയെ കൊന്നതെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുന്നു.
എന്നാല്‍ അകത്തു കയറിയ ഒരാള്‍ക്ക് എളുപ്പം പുറത്തു കടക്കാനാകാത്ത രീതിയിലാണ് ആ മുറിയുടെ രൂപ കല്‍പ്പന. അഡ്രിയാന്‍ ആണോ അതോ തെളിവുകളുടെ അടിസ്ഥാനത്തില്‍ അയാളെ പ്രതിയാക്കിയ പോലീസ് ആണോ ശരി? Contratiempo എന്ന സ്പാനിഷ് ചിത്രം അവതരിപ്പിക്കുന്നത് ആ കഥയാണ്.
ഒരു സിനിമ എന്ന നിലയില്‍ കഥാപരമായി സങ്കീര്‍ണത നിറഞ്ഞ ഈ സന്ദര്‍ഭത്തിലാണ് വിര്‍ജീനിയ അയാളെ കാണാനെത്തുന്നത്. അവര്‍ അയാളോട് സത്യമായ കാര്യങ്ങള്‍ പറയാന്‍ ആവശ്യപ്പെടുന്നു. അഡ്രിയാന്‍ താന്‍ ആദ്യം മുതല്‍ പറയുന്ന കഥയില്‍ ഉറച്ചു നില്‍ക്കുന്നെങ്കിലും ഈ കേസിലെ നിര്‍ണായകമായ ഒരു തെളിവ് വിര്‍ജീനിയ അയാളുടെ മുന്നില്‍ വയ്ക്കുന്നു. അയാള്‍ കഥ പറയാന്‍ തുടങ്ങുന്നു.
ചില സന്ദര്‍ഭങ്ങളില്‍ മനുഷ്യര്‍ അങ്ങനെയാണ് സ്വന്തം കാര്യങ്ങള്‍ക്ക് മറ്റെന്തിനെക്കാളും പ്രാമുഖ്യം നല്‍കുകയും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം അവരുടെ വേറൊരു മുഖം പുറത്തെടുക്കാനും ശ്രമിക്കും. അഡ്രിയാന് അങ്ങനെ ഒരു കഥ പറയാന്‍ ഉണ്ട്. എന്നാല്‍ ആ കഥ സത്യമോ മിഥ്യയോ? കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.
ഒരു ക്രൈം/മിസ്റ്ററി/ത്രില്ലര്‍ എന്ന നിലയില്‍ ആ വിഭാഗത്തോട് പരമാവധി നീതി പുലര്‍ത്തി ഈ ചിത്രം. ക്ലൈമാക്‌സ് വരെ നില നിര്‍ത്തിയ പിരിമുറുക്കം ധാരാളം ട്വിസ്റ്റുകളിലൂടെ മികച്ച ഒരു മിസ്റ്ററി/ത്രില്ലര്‍ ആകുന്നുണ്ട്. 'El Cuerpo' യുടെ സംവിധായകന്‍ ഒറിയോല്‍ പോളോയുടെ രണ്ടാമത്തെ ചിത്രമാണ് Contratiempo . അദ്ദേഹത്തിന്റെ രണ്ടാമത്തെ സംരംഭവും പ്രേക്ഷകനെ നിരാശരാക്കില്ല.


VIEW ON mathrubhumi.com


READ MORE CRIME BEAT STORIES: