Broken: ഒരു ദക്ഷിണ കൊറിയന്‍ ക്രൈം ത്രില്ലര്‍

By: രാകേഷ് മനോഹരന്‍
ജാപ്പനീസ് എഴുത്തുകാരനായ കീഗോ ഹിഗോഷിമയുടെ Samayou Yaiba എന്ന നോവലിനെ ആസ്പദമാക്കിയാണ് Broken നിര്‍മിച്ചിരിക്കുന്നത്. നോവലിന്റെ അതേ പേരിലുള്ള ജാപ്പനീസ് ചിത്രം 2009 ല്‍ റിലീസായിരുന്നു. White Night, Perfect Number എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കീഗോ ഹിഗോഷിമയുടെ മൂന്നാമത്തെ നോവലാണ് ദക്ഷിണ കൊറിയന്‍ ചിത്രത്തിന് കഥയായി മാറുന്നത്.
ക്രൈം/ത്രില്ലര്‍/മിസ്റ്ററി വിഭാഗത്തിലുള്‍പ്പെട്ട കഥകള്‍ ഒരുക്കുന്നതില്‍ കീഗോ ഹിഗോഷിമയുടെ കഴിവ് അപാരമാണ്. ശരിക്കും ജാപ്പനീസ് ചിത്രങ്ങളുടെ മെല്ലെപ്പോക്ക്‌ പിന്നീട് കഥാപാത്രങ്ങളുടെ വൈകാരികമായ ഭാഗത്തിന് പ്രാധാന്യം കൊടുക്കുന്നു. കൊറിയന്‍ സിനിമയില്‍ ആ രീതി അവലംബിക്കുമ്പോള്‍ പൊതുവേയുള്ള കൊറിയന്‍ സിനിമകളുടെ ഇരുണ്ട പശ്ചാത്തലം കുറച്ചുകൂടി ഇരുളുന്നതായി കാണാം. അത് കളര്‍ ടോണ്‍ നല്‍കുന്ന ഇരുളിമയല്ല. പകരം പ്രമേയപരമായി ഉള്ള മാറ്റമാണ്.
Broken എന്ന ചിത്രവും അതില്‍ നിന്നും വ്യത്യസ്തമല്ല. ഒരു ഫാക്റ്ററിയിലാണ് സാംഗ് ഹ്യൂന്‍ ജോലി ചെയ്യുന്നത്. സ്വതവേ ശാന്തശീലനായ അയാള്‍ക്ക് ആകെ ബന്ധുവായി ഉണ്ടായിരുന്നത് സ്വന്തം മകള്‍ മാത്രമായിരുന്നു. അതായിരുന്നു അയാളുടെ ലോകം. എന്നാല്‍ ഒരു ദിവസം കുറേയേറെ ജോലികള്‍ തീര്‍ക്കാന്‍ ഉണ്ടായിരുന്ന സാംഗ് ഹ്യൂന്‍ ജോലി കഴിഞ്ഞെത്തിയപ്പോള്‍ താമസിച്ചു. മകള്‍ വീട്ടിലുണ്ടെന്ന ആശ്വാസത്തില്‍ കയറിയ സാംഗ് ഹ്യൂന്‍ മകളെ അവിടെ കാണാനില്ലെന്ന് മനസ്സിലാക്കുന്നു. മകള്‍ ഏതെങ്കിലും കൂട്ടുകാര്‍ക്കൊപ്പമുണ്ടാകും എന്നയാള്‍ വിശ്വസിക്കുന്നു. എന്നാല്‍ പിറ്റേ ദിവസം പോലീസ് ഒരു മൃതശരീരം കണ്ടെത്തുന്നു.
മയക്കുമരുന്ന് കുത്തി വച്ചതിനു ശേഷം ലൈംഗികമായി പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ ശവശരീരമാണ് അവര്‍ക്ക് ലഭിച്ചത്. പിന്നീട് അവര്‍ സാംഗ് ഹ്യൂനെ ആ ശവ ശരീരം തിരിച്ചറിയാന്‍ വിളിക്കുന്നു. തന്റെ മകള്‍ മരിച്ചില്ലെന്ന് വിശ്വസിക്കുന്ന അയാള്‍ ആദ്യം അതിനു തയ്യാറാകുന്നില്ല. എന്നാല്‍ പിന്നീട് ശവ ശരീരം സ്വന്തം മകളുടേതാണെന്നുള്ള അറിവ് അയാളെ തകര്‍ക്കുന്നു.
പ്രായം കുറഞ്ഞ ഒരു ചെറുപ്പക്കാരന്‍ ഗെയിം സി ഡിക്ക് വേണ്ടി സുഹൃത്തിനെ വധിച്ച കേസില്‍ അറസ്റ്റിലായപ്പോള്‍ അവനെ ഉപദ്രവിച്ചതിന് അന്വേഷണം നടത്തുന്ന സീനിയര്‍ പോലീസ് ഉദ്യോഗസ്ഥനായ എയോക്-ഗ്വാന്‍ ആണ് അന്വേഷണ ചുമതല. കുറ്റം ഏതു പ്രായത്തില്‍ ചെയ്താലും ശിക്ഷ അനുഭവിക്കണമെന്നതായിരുന്നു അയാളുടെ അഭിപ്രായം. ഈ സമയം സാംഗ് ഹ്യൂന്‍ സ്വന്തമായ രീതിയില്‍ മകളുടെ ഘാതകരെ അന്വേഷിച്ച് ഇറങ്ങുന്നു. അയാള്‍ ആ അന്വേഷണത്തിന്റെ ഒടുവിലെത്തിച്ചേര്‍ന്നത് ഒരു സ്‌കൂള്‍ വിദ്യാര്‍ഥിയുടെ വീട്ടിലാണ്. അയാള്‍ അവിടെ കണ്ട കാഴ്ച ശരിക്കും ഒരു പിതാവിനെ തകര്‍ക്കാന്‍ പോകുന്നതായിരുന്നു.
എന്താണ് സാംഗ് ഹ്യൂന്‍ അവിടെ കണ്ടത്? കൂടുതല്‍ അറിയാന്‍ ചിത്രം കാണുക. പ്രായം കുറഞ്ഞ കുറ്റവാളികള്‍ എന്ത് കുറ്റം ചെയ്താലും നിയമ വ്യവസ്ഥ നല്‍കുന്ന അനുകമ്പയനുസരിച്ച് പെട്ടന്ന് സ്വതന്ത്രരായി ജീവിക്കുമെന്നുള്ളതിന് മനസ്സുകൊണ്ട് പ്രതികരിക്കാന്‍ ശ്രമിക്കുന്ന പോലീസും, തങ്ങളുടെ ഉറ്റവരെ നഷ്ടമായ ആളുകളുടെയും ജീവിതമാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.


VIEW ON mathrubhumi.com


READ MORE CRIME BEAT STORIES: