ഒടിഞ്ഞ കാല്‍ അമര്‍ത്തി തിരുമ്മിയാലും മരണം സംഭവിക്കാം

By: ഡോ.ജിനേഷ്.പി.എസ്‌
ഒടിഞ്ഞ കാലിലെ വേദന മാറാന്‍ എണ്ണയിട്ട് തിരുമ്മിയതിനെ തുടര്‍ന്ന് യുവാവ് മരിച്ചു എന്ന വാര്‍ത്ത വായിച്ചിരിക്കുമല്ലോ. അമ്മയാണ് തിരുമ്മിയത്. പരിക്കേറ്റ കാലിലെ 'ഞരമ്പില്‍' രൂപപ്പെട്ട രക്തക്കട്ട (Blood Clot) തിരുമ്മലിനെ തുടര്‍ന്ന് ഹൃദയ ധമനിയില്‍ എത്തിയതാണ് മരണത്തിന് കാരണമായതെന്ന് പോസ്റ്റ് മോര്‍ട്ടം പരിശോധനയില്‍ കണ്ടെത്തി.
പലരിലും ആ വാര്‍ത്ത ഞെട്ടലുളവാക്കിയിട്ടുണ്ടാവും. കാരണം, ഏത് വേദനക്കുമുള്ള സര്‍വ്വരോഗസംഹാരിയാണ് നമുക്ക് 'ഉഴിച്ചില്‍'. ഇങ്ങനെ ഉഴിയുമ്പോള്‍ സിരകള്‍ അഥവാ Veins വഴി രക്തക്കട്ട നീങ്ങി ഹൃദയത്തിലെത്തി എന്നാണല്ലോ വാര്‍ത്ത. കഴിഞ്ഞ വര്‍ഷമാണ് ഡല്‍ഹിക്കാരിയായ ആ അമ്മക്ക് ഈ നഷ്ടമുണ്ടായത്.
ഈ രോഗാവസ്ഥയില്‍, രക്തക്കട്ട സഞ്ചരിച്ചു ചെന്ന് ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം പൂര്‍ണ്ണമായോ ഭാഗികമായോ അടയുകയോ ഹൃദയത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ശ്വാസകോശത്തെ കൂടി ബാധിക്കുന്ന രീതിയിലുള്ള സങ്കീര്‍ണതയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയോ ചെയ്യാം എന്നതാണ് വസ്തുത.
എംബോളിസം എന്നാണീ പ്രതിഭാസത്തിന്റെ പേര്. ഏതെങ്കിലും വസ്തുക്കളാല്‍ ശരീരത്തിലെ രക്തക്കുഴലുകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ അടയുന്നതിനാലാണ് എംബോളിസം ഉണ്ടാവുന്നത്.
മൂന്നു തരം വസ്തുക്കളാണ് സാധാരണ എംബോളിസം സൃഷ്ടിക്കുന്നത്
1. ഖര രൂപത്തിലുള്ളവ ത്രോംബസ് (രക്തക്കട്ട)2. സെമിസോളിഡ് അമ്‌നിയോട്ടിക് ദ്രവം, കൊഴുപ്പ് കുമിളകള്‍3. വാതക രൂപത്തിലുള്ള വായു
വലിയ വിഷയമായതിനാല്‍ ഒക്‌ടോബറില്‍ ഡല്‍ഹിയില്‍ നടന്ന സംഭവം മാത്രം നമുക്കൊന്ന് പരിഗണിക്കാം.
Pulmonary Thromboemolism ശ്വാസകോശത്തിലെ ധമനികളില്‍ രക്തക്കട്ട അടയുന്നതിനാല്‍ ശ്വാസകോശ ധമനി അടയുന്നു. Deep Vein Thrombosis (കാലില്‍ ആഴത്തിലുള്ള സിരകളില്‍ രക്തം കെട്ടി നിന്ന്/രക്തത്തിന് കട്ടി കൂടിയത് കൊണ്ട് കട്ട പിടിക്കുന്ന അവസ്ഥ) ആണ് പ്രധാനകാരണം. ഇത്തരത്തില്‍ ഉണ്ടാകുന്ന 60-80% വരെ എംബോളിസം യാതൊരു ലക്ഷണവും കാണിക്കാതെ സങ്കീര്‍ണതകളില്ലാതെ സ്വയം ഭേദമാകും. ബാക്കിയുള്ളവ മരണകാരണം പോലുമാകാം.
പ്രധാന കാരണങ്ങള്‍/അനുകൂല സാഹചര്യങ്ങള്‍/റിസ്‌ക് ഘടകങ്ങള്‍:
a. സിരകള്‍ ഉള്‍പ്പെടുന്ന ഭാഗത്തുണ്ടാകുന്ന പരിക്കുകള്‍b. കാലിലെ എല്ലുകള്‍ ഒടിഞ്ഞതു മൂലമോ ഇടുപ്പെല്ലില്‍ പൊട്ടലുണ്ടായതുമൂലമോ, പ്രസവത്തോടനുബന്ധിച്ചോ ദീര്‍ഘകാലം കട്ടിലില്‍ കിടക്കേണ്ട അവസ്ഥയുണ്ടാവുക.c. ചില ഗര്‍ഭനിരോധന ഗുളികള്‍ കഴിക്കുന്നത് സാധ്യത കൂട്ടുന്നു ഉദാ: ഈസ്‌ട്രോജന്‍ റീപ്ലേസ്‌മെന്റ് തെറാപ്പിd. ഗര്‍ഭാവസ്ഥe. ചില ക്യാന്‍സറുകള്‍, ജനിതകമായ ചില കാരണങ്ങള്‍f. വയറിലോ ഇടുപ്പെല്ലിനോ ചെയ്യേണ്ടി വരുന്ന ശസ്ത്രക്രിയകള്‍g. വെരികോസ് വെയ്ന്‍h. തുടര്‍ച്ചയായ ഇരുത്തംi. പുകവലിj. രക്തം കട്ടി കൂടുന്ന വിവിധ രോഗങ്ങള്‍
ഇതില്‍ ഏത് അവസ്ഥയും Deep vein thrombosis, തുടര്‍ന്ന് thromboembolism എന്നിവയുണ്ടാക്കാം.
10 മുതല്‍ 20 ദിവസം വരെ കാലം കൊണ്ടാണ് ഒരു രക്തക്കട്ട സിരയില്‍ രൂപം കൊള്ളുന്നത്. ഇങ്ങനെ രൂപം കൊണ്ട രക്തക്കട്ടകള്‍ തിരുമ്മുമ്പോള്‍ സിരകളില്‍ തല്‍സ്ഥാനത്ത് നിന്നും വേര്‍പെട്ട് നിന്ന് സഞ്ചാരം ആരംഭിക്കാന്‍ സാധ്യതയേറും. അത് സിരയിലൂടെ സഞ്ചരിച്ച് ഹൃദയത്തിലെത്തുകയും അവിടെ നിന്ന് ശ്വാസകോശ ധമനികളിലേക്ക് എത്തപ്പെടുകയും ചെയ്യുന്നു.
നെഞ്ച് വേദന, ശരീരം പൊതുവെ നീലിച്ചുകാണുക, ശരീര താപനില ഉയരുക എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. എന്നാല്‍ ചിലപ്പോള്‍ ഇത്തരം രക്തക്കട്ടകള്‍ പ്രധാന ശ്വാസകോശ ധമനിയെ തന്നെ അടക്കുകയും മരണം സംഭവിക്കുകയും ചെയ്യാം. ശ്വാസോച്ഛ്വാസം വേഗത്തിലാവുക, നെഞ്ചിടിപ്പ് ദ്രുതഗതിയിലാകുക, രക്ത സമ്മര്‍ദ്ദം കുറയുക, പനി, കാലുകളില്‍ നീര്‍വീക്കം എന്നതൊക്കെ ലക്ഷണങ്ങളാണ്.
രക്തക്കട്ടകളുടെ എണ്ണവും വലുപ്പവും അവയുടെ വ്യാപനവും അനുസരിച്ചാവും ലക്ഷണങ്ങള്‍. ഇവ പലപ്പോഴും വ്യത്യാസപ്പെടാം.
എല്ലാ എംബോളിസവും അപകടകരമല്ല. പക്ഷേ, ചിലപ്പോള്‍ ചിലവ വളരെ അപകടകരമാവാം. അതിനാല്‍ കാലൊടിഞ്ഞവരിലും മറ്റും തിരുമ്മുമ്പോള്‍ ശ്രദ്ധിക്കുക. ശക്തമായ തിരുമ്മല്‍ ഒഴിവാക്കുക.
തുടര്‍ച്ചയായി കിടക്കേണ്ടി വരുന്നവര്‍ക്ക് പ്രത്യേക കാലുറകള്‍ ( DVT stockings) എഴുതി നല്‍കുമ്പോള്‍ മുറുക്കം കൊണ്ട് അസ്വസ്ഥത ഉണ്ടാകുന്നു, ആവശ്യമില്ലാത്ത വില കൂടിയ സോക്‌സ് വെറുതെ എഴുതി വാങ്ങിപ്പിക്കുന്നു എന്നെല്ലാം പരാതി കേള്‍ക്കാറുണ്ട്. ഇവയെല്ലാം ഈ രക്തക്കട്ടകള്‍ ഉണ്ടാകുന്നത് തടയാനാണ്. രക്തക്കട്ട ഉണ്ടായിക്കഴിഞ്ഞാല്‍ പിന്നെ ഈ സങ്കീര്‍ണതക്കുള്ള സാധ്യത ഏറുമെന്നതാണ് സത്യം.
ഡീപ്പ് വെയിന്‍ ത്രോംബോസിസ് അപകടസാധ്യത എങ്ങനെ കുറയ്ക്കാം?
1.DVT ഉണ്ടാകാന്‍ സാധ്യതയുള്ള അവസ്ഥ തടയാനുള്ള മാര്‍ഗങ്ങള്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നത് പാലിക്കുക.2.കംപ്രഷന്‍ സ്‌റ്റോക്കിംഗ്‌സ് ധരിക്കാം.3.ദീര്‍ഘ ദൂരം ഒരേ പോലെ ഇരുന്നു യാത്ര ചെയ്യുമ്പോള്‍ (ഉദാ:വിമാനയാത്രയിലും മറ്റും) നാല് മണിക്കൂറില്‍ ഒരിക്കലെങ്കിലും എഴുന്നേറ്റ് നടക്കുക.4.കാര്‍ യാത്രയിലും മറ്റും ഇടവേളകള്‍ എടുക്കുക.5.എല്ല് പൊട്ടുകയോ മറ്റോ സംഭവിച്ച ഭാഗങ്ങളില്‍ തിരുമ്മുകയോ തിരുമ്മിക്കുകയോ ചെയ്യാതിരിക്കുക.
എംബോളിസം മൂലം പ്രത്യേകിച്ച് ഗുരുതരാവസ്ഥ ഒന്നും ഇല്ലാത്ത രോഗികള്‍ പൊടുന്നനെ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടു മരണമടയുന്നത് പലപ്പോഴും ആശുപത്രികളില്‍ പ്രശ്‌നങ്ങള്‍ക്ക് ഹേതു ആകാറുണ്ട്. രോഗികള്‍ക്കോ ബന്ധുക്കള്‍ക്കോ ഇത്തരം ഒരു രോഗാവസ്ഥയെക്കുറിച്ചുള്ള അറിവിന്റെ അഭാവമാണ്് പലപ്പോഴും പ്രശ്‌നങ്ങള്‍ക്ക് മൂലകാരണമാകുന്നത്.
പള്‍മണറി ത്രോംബോ എംബോളിസവും ഫാറ്റ് എംബോളിസവും അസ്ഥിരോഗ വിദഗ്ദ്ധരും, പ്രസവത്തോടനുബന്ധിച്ച അമ്‌നിയോട്ടിക് ഫഌയിഡ് എംബോളിസം ഗൈനക്കോളജി ഡോക്ടര്‍മാരും അനുഭവിക്കുന്ന വെല്ലുവിളികളാണ്.
പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്ന ഡോക്ടര്‍മാരും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഹൃദയത്തില്‍ നിന്നും ശ്വാസകോശങ്ങളിലേക്കുള്ള രക്തക്കുഴലുകളില്‍ രക്തക്കട്ട കാണാവുന്നതാണ്. ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്; ഇങ്ങനെ രൂപപ്പെടുന്ന രക്തക്കട്ടകള്‍ക്ക് ചിലപ്പോള്‍ സ്ഥാനചലനം സംഭവിക്കാറുണ്ട്. ഇങ്ങനെ കാണുന്ന രക്തക്കട്ട മരണത്തിന് മുന്‍പ്, ത്രോമ്പോഎമ്പോളിസം കൊണ്ടുണ്ടായതാണോ, മരണശേഷം രൂപപ്പെടുന്ന രക്തക്കട്ടയാണോ എന്ന് വേര്‍തിരിച്ചറിയേണ്ടതുണ്ട്. പ്രവൃത്തിപരിചയമുള്ള ഒരു ഫൊറന്‍സിക് സര്‍ജന് ഇതത്ര വലിയ വെല്ലുവിളിയാവില്ല.
എന്നാല്‍ വെല്ലുവിളിയായ മറ്റൊന്നുണ്ട്. ശ്വാസകോശത്തിലേക്കുള്ള രക്തക്കുഴലുകളില്‍ രക്തക്കട്ട കിട്ടിയാല്‍ അതെവിടെനിന്നുത്ഭവിച്ചതാണെന്ന് കണ്ടുപിടിക്കുന്നതാണത്. Deep vein thrombosis ആണ് പ്രധാന കാരണം എന്നുപറഞ്ഞല്ലോ. കാലുകളുടെ പിന്‍ഭാഗത്തുള്ള സിരകളിലാണ് ഈ രക്തക്കട്ടകള്‍ കൂടുതലായും രൂപപ്പെടുക. അതിനാല്‍ ശരീരത്തിന്റെ ആ ഭാഗം കൂടി പരിശോധിക്കേണ്ടതായുണ്ട്. കാലുകളുടെ പിന്നിലെ ത്വക്ക് ഭാഗം അകറ്റി, മാംസപേശികളില്‍ തിരശ്ചീനമായി ഡിസക്ഷന്‍ നടത്തിയാണ് ഇത് കണ്ടുപിടിക്കുന്നത്. അങ്ങിനെ ലഭിക്കുന്ന രക്തക്കട്ടയുള്‍പ്പെടുന്ന സിരയുടെ ഭാഗം ഹിസ്റ്റോപാതോളജി പരിശോധനക്കയക്കുകയും രക്തക്കട്ട രൂപം കൊണ്ടിട്ടെത്ര കാലമായി എന്നു കണ്ടുപിടിക്കുകയും ചെയ്യാം.
ആ അമ്മ അറിഞ്ഞതല്ല ഇതൊന്നും. ഇപ്പോഴും നമ്മളില്‍ പലരും അറിഞ്ഞു വരുന്നതേയുള്ളൂ. രോഗങ്ങളില്‍ ചിലത് ഇങ്ങനെയൊക്കെയാണ്. മകന് നൊന്തപ്പോള്‍ തടവിക്കൊടുത്ത് മകനെ നഷ്ടപ്പെട്ട ആ അമ്മമനസ്സിന്റെ നൊമ്പരം ഇനിയൊരിക്കല്‍ കൂടി നമുക്കിടയില്‍ ആവര്‍ത്തിക്കാതിരിക്കട്ടേ.
അത്ര സാധാരണമല്ലെങ്കിലും ഇങ്ങനെയും മരണങ്ങള്‍ സംഭവിക്കാം എന്ന് നാമെല്ലാം അറിഞ്ഞിരിക്കേണ്ടതാണ്.
(ലേഖനമെഴുതാന്‍ സഹായിച്ച ഇന്‍ഫോക്ലിനിക്കിലെ ഡോ. ദീപു എസ്, ഡോ. ഷിംന എന്നിവര്‍ക്ക് നന്ദി.)


VIEW ON mathrubhumi.com


READ MORE CRIME BEAT STORIES: