പെണ്‍കുട്ടിയുടെ അവയവങ്ങള്‍ നശിപ്പിച്ചത് ഹോമവും മന്ത്രവാദവും

By: ഡോ.ജിനേഷ്. പി.എസ്‌
ഓരോ ഡോക്ടറുടെ ഔദ്യോഗിക ജീവിതത്തിലും മറക്കാനാവാത്ത നിരവധി സംഭവങ്ങളുണ്ടാകാറുണ്ട്. പലതും ചികിത്സാ സംബന്ധമാകും, ചിലപ്പോള്‍ ചികിത്സയിലൂടെ മികച്ച റിസള്‍ട്ടുണ്ടാകുമ്പോള്‍, മറ്റുചിലപ്പോള്‍ തിരിച്ചും.
ഫോറന്‍സിക് മെഡിസിനില്‍ ജോലിക്ക് കയറിയ ഡോക്ടര്‍ക്ക് ചികിത്സ എന്നതില്ലെന്നറിയാമല്ലോ ! എന്നാല്‍ ഞങ്ങള്‍ക്കുമുണ്ട് മറക്കാനാവാത്ത പല അനുഭവങ്ങളും. പലപ്പോഴും അത് കുറ്റാന്വേഷണവുമായി ബന്ധപ്പെട്ടതായിരിക്കും. വളരെ വ്യത്യസ്തമായ മറ്റൊരനുഭവത്തെ കുറിച്ചാണെഴുതുന്നത്.
പതിനെട്ട് വര്‍ഷമായി ആരോഗ്യമേഖലയിലെത്തിപ്പെട്ടിട്ട്; ഫോറന്‍സിക് മെഡിസിനില്‍ എത്തിച്ചേര്‍ന്നിട്ട് ആറ് വര്‍ഷം കഴിഞ്ഞു. ഏതാണ്ട് ആയിരത്തി ഇരുന്നൂറിലധികം പോസ്റ്റ് മോര്‍ട്ടം പരിശോധനകള്‍ നടത്തിയിട്ടുണ്ട്. ഒരു മൂവായിരത്തിലധികം പരിശോധനകള്‍ കണ്ടിട്ടുണ്ട്. കൊലപാതകങ്ങളും, ആത്മഹത്യകളും, അപകടങ്ങളും അങ്ങനെ, നിരവധി.
പല കേസുകളും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കാറുണ്ട്. എങ്കിലും മനസിനെ ഇന്നും വേട്ടയാടുന്ന ഒരു പരിശോധനയുണ്ട്.
വിളറിയ മുഖമുള്ള, ദൈന്യത നിറഞ്ഞുനില്‍ക്കുന്ന ആ പെണ്‍കുട്ടിയുടെ പരിശോധനയാണത്. രണ്ട് ഉള്ളം കൈകളിലും ഇരു കൈപ്പത്തിക്ക് പുറമെയും പച്ചിലകള്‍ അരച്ച് തേച്ചിരുന്നു. അവ നീക്കം ചെയ്തപ്പോള്‍ കാണുന്നത് പൊള്ളി പഴുപ്പ് ബാധിച്ച മുറിവുകളാണ്. ഇതുപോലെ ശരീരത്തിന്റെ പലഭാഗത്തും പൊള്ളിയ പാടുകള്‍, ചിലതില്‍ പഴുപ്പും.
ആന്തരാവയവ പരിശോധനയില്‍ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായി. വൃക്കകള്‍ ഏതാണ്ട് പൂര്‍ണ്ണമായും പ്രവര്‍ത്തന രഹിതം. ഇരു ശ്വാസകോശങ്ങളിലും ശക്തമായ അണുബാധയും. സാധാരണ ഗതിയില്‍ ഒരിക്കലും ഈ പ്രായത്തില്‍ ഇങ്ങനൊരവസ്ഥയുണ്ടാവില്ല. അതിനാലാണ് കൂടുതല്‍ അന്വേഷിച്ചത്.
രണ്ട്, മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വൃക്കകളെ ബാധിക്കുന്ന അസുഖത്തിന്റെ തുടക്കമാണെന്ന്് തിരിച്ചറിഞ്ഞപ്പോള്‍ ജില്ലാ ആസ്പത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തതാണ്. എന്നാല്‍ അവര്‍ മെഡിക്കല്‍ കോളേജില്‍ പോയില്ല, പകരം പോയത് ഒരു കപട ചികിത്സകന്റെയടുത്തേക്ക്. ഒറ്റമൂലിയും മന്ത്രവാദവുമാണ് ആളുടെ ചികിത്സ. ആ ചികിത്സയുടെ പരിണത ഫലമാണ് നമ്മള്‍ കണ്ടത്. ഇടക്കിടെ ഹോമവും അശാസ്ത്രീയ ചികിത്സയും. അന്നത്തെ സാഹചര്യത്തില്‍ ചികിത്സിച്ച് ഭേദപ്പെടുത്താമായിരുന്ന അസുഖം തന്നെയായിരുന്നു ആ കുട്ടിക്ക്. അസുഖം മൂര്‍ച്ഛിച്ച അവസ്ഥയില്‍ പോലും വൃക്കയിലൊന്ന് മാറ്റിവച്ചാല്‍ പൂര്‍ണ്ണമായും സാധാരണ ജീവിതം നയിക്കാമായിരുന്ന കുട്ടി.
ജീവനറ്റ ശരീരത്തില്‍ നിന്നും അവരുടെ മരണ കാരണം കണ്ടുപിടിക്കുന്നവരാണ് ഞങ്ങള്‍, അവരുടെ കഥകള്‍ ചുഴിഞ്ഞെടുക്കുന്നവരാണ് ഞങ്ങള്‍. മൃതശരീരത്തിലെ ശാസ്ത്രീയ പരിശോധനയിലൂടെ മരണകാരണം കണ്ടെത്താനായി ശ്രമിക്കുമ്പോഴോ, ആ കണ്ടെത്തലുകള്‍ കോടതിയെ അറിയിക്കുമ്പോഴോ, മൊഴി നല്‍കുന്ന സമയത്തോ ഒരു തരി ആശങ്കയുണ്ടാവില്ല. എന്നാല്‍ ഈ കുട്ടി അനുഭവിച്ച ദുരിതങ്ങള്‍ ഇടയ്ക്കിടെ മനസിലേക്കോടിയെത്തും. അതൊരു വേദനയാണ്.
ചികിത്സിച്ച് മാറ്റാവുന്ന വൃക്കരോഗം ബാധിച്ചയാളില്‍ ഹോമം നടത്തുക, കര്‍പ്പൂരം കൊണ്ട് പൊള്ളിക്കുക, അവിടെ അണുബാധയുണ്ടാവുക, അതിനും ചികിത്സിക്കാതിരിക്കുക.....ഇതൊക്കെയാണ് സംഭവിച്ചത്. ആ കുട്ടിയെ ഇല്ലായ്മ ചെയ്തത് നമ്മുടെ ഇടയിലുള്ള അന്ധവിശ്വാസങ്ങളാണ്. ആ തെറ്റിനെ തിരുത്താനാവാത്ത, അശാസ്ത്രീയതയെ ഇല്ലായ്മ ചെയ്യാനാകാത്ത ഞാനും കുറ്റവാളിയാണ്.
പലപ്പോഴും എഴുതിക്കഴിഞ്ഞപ്പോള്‍ പ്രസിദ്ധീകരിക്കണ്ടാ എന്നുകരുതി മാറ്റിവച്ച സംഭവമാണ്. പക്ഷേ ഇനിയും ഇതെഴുതാതിരിക്കാനാവില്ല. കാരണം ഇന്നും ഒരു വാര്‍ത്ത വായിച്ചിരുന്നു, അന്ധവിശ്വാസം കാരണം നാവും ജനനേന്ദ്രിയവും മുറിച്ച ഒരു യുവാവിനെ കുറിച്ചുള്ള വാര്‍ത്ത. കൂടാതെ ഇടക്കിടെ കേള്‍ക്കുന്ന വാര്‍ത്തകളാണ് ഹോമം നടത്തിയും ചരട് കെട്ടിയും മറ്റും അസുഖങ്ങള്‍ മാറ്റാനാവുമെന്നതും.
ഒരിക്കല്‍ മാത്രം കണ്ട ആ മുഖം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മറക്കാനാകുന്നില്ല. അന്ധവിശ്വാസങ്ങളെ പുല്‍കുന്ന ഈ സമൂഹമാണ് ഇത്തരം മരണങ്ങള്‍ സൃഷ്ടിക്കുന്നത്. ആരുടെയും മതദൈവ വിശ്വാസങ്ങളിലേക്ക് കടന്നുകയറാന്‍ ഞാനാഗ്രഹിക്കുന്നില്ല, അതൊക്കെ വ്യക്തിപരമായ വിഷയങ്ങളാണ്. പക്ഷേ, അശാസ്ത്രീയതയിലൂടെയും അന്ധവിശ്വാസങ്ങളിലൂടെയും ആവശ്യമായ ചികിത്സ പോലും നിഷേധിക്കപ്പെടുമ്പോള്‍, അതിലൂടെ മരണങ്ങള്‍ വരെയുണ്ടാകുമ്പോള്‍ അത്തരം അന്ധവിശ്വാസങ്ങളെ എതിര്‍ക്കാതിരിക്കാനാവില്ല. പരിഷ്‌കൃത സമൂഹത്തിന്റെ കടമയാണത്.
എന്റെ ജോലിയില്‍ ഞാന്‍ പുലര്‍ത്തേണ്ട രഹസ്യ സ്വഭാവവും സ്വകാര്യതയും കാത്തുസൂക്ഷിക്കേണ്ടതിനാല്‍ പേരോ സ്ഥലമോ എഴുതാനാവില്ല.
ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ എന്ന് മാത്രം ആഗ്രഹിക്കുന്നു.
(കോട്ടയം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം അദ്ധ്യാപകനാണ് ലേഖകന്‍)


VIEW ON mathrubhumi.com


READ MORE CRIME BEAT STORIES: