മീനും മോരും നാരങ്ങാവെള്ളവും ഒരുമിച്ചു കഴിച്ചാല്‍ അപകടമോ?

By: ഡോ. ജിനേഷ്. പി.എസ്‌
മീന്‍ കഴിക്കുന്നതിനോടൊപ്പം മോരും നാരങ്ങാവെള്ളവും ഒരുമിച്ചു കഴിക്കരുതെന്നും മറ്റുമുള്ള പല സന്ദേശങ്ങളും പ്രചരിക്കപ്പെടുകയും വാര്‍ത്തയാകുകയും ചെയ്യുന്നുണ്ടല്ലോ. മീനിന്റെയും കടല്‍ ജീവികളുടെയും മുള്ളിന്റെ ഭാഗമായി കാല്‍സ്യം ആഴ്‌സനേറ്റ് ഉണ്ടെന്നും മോരും മീനും നാരങ്ങാവെള്ളവും ഒരുമിച്ചു കഴിച്ചാല്‍ ശരീരത്തിലെത്തുന്ന ആഴ്‌സെനിക് (Arsenic) മനുഷ്യന്റെ ജീവനാപത്താണെന്നുമൊക്കെയാണല്ലോ പലരുടെയും കണ്ടെത്തല്‍. നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ മരണകാരണം ആഴ്‌സെനിക് ആണെന്നും മറ്റുമുള്ള വാദങ്ങളും നാം കേട്ടിട്ടുള്ളതാണ്. മനുഷ്യ ശരീരത്തില്‍ ആഴ്‌സെനികിന്റെ അംശം കണ്ടുപിടിച്ച ഒരു പ്രത്യേക കേസുണ്ട്. അതിനെക്കുറിച്ചാണ് ഈ ലേഖനം.
1840 ല്‍ ഫ്രാന്‍സില്‍ വച്ച് നടന്ന ഒരു കൊലപാതകത്തിന്റെ കഥയാണിത്. വളരെയധികം പ്രത്യേകതകളുണ്ട് ഈ സംഭവത്തിന്. നമ്മള്‍ ഇന്ന് കാണുന്ന രീതിയില്‍ തുടര്‍ച്ചയായുള്ള മാധ്യമ ചര്‍ച്ചകള്‍ ആദ്യമായി തുടങ്ങിയത് ഈ കേസിലാണ്. പത്രങ്ങളില്‍ക്കൂടിയായിരുന്നുവെന്ന് മാത്രം. അതുപോലെ രാസപരിശോധനാ ഫലത്തിലൂടെ ലോകത്തിലാദ്യമായി ഒരാളെ ശിക്ഷിക്കുന്നതും ഈ കേസിലാണ്.
വളരെയധികം സമ്പന്നയായി ജീവിക്കണം എന്നാഗ്രഹിച്ച മേരി (Marie Fortunée Lafarge) സാമ്പത്തികമായി ഞെരുങ്ങുന്ന ചാള്‍സിനെ (Charles Lafarge) കല്യാണം കഴിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. ധനവാനാണെന്ന് കരുതിയാണ് കല്യാണത്തിന് സമ്മതിക്കുന്നതെങ്കിലും ശേഷം സത്യം അറിയുകയും ഭര്‍ത്താവിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ആഴ്‌സെനിക് അന്നൊക്കെ വളരെ സാധാരണയായി ലഭ്യമായിരുന്നു. എലിവിഷമായാണ് ഉപയോഗിച്ചിരുന്നത്. ആദ്യം ചാള്‍സ് അറിയാതെ കേക്കില്‍ കലര്‍ത്തി ആഴ്‌സെനിക് നല്‍കി. ആഴ്‌സെനിക് വിഷബാധയുടെ ലക്ഷണങ്ങള്‍ കോളറയുടെ ലക്ഷണങ്ങള്‍ക്ക് സമാനമായിരുന്നു. അതിനാല്‍ തന്നെ ചികിത്സിച്ച ഡോക്ടര്‍മാരെല്ലാം കോളറ എന്ന് വിധിയെഴുതി. അന്നൊക്കെ സാധാരണവുമായിരുന്നു കോളറ. ഡോക്ടര്‍മാര്‍ പറഞ്ഞ മരുന്നുകളും ഭക്ഷണവും നല്കുമ്പോളെല്ലാം ആഴ്‌സെനിക് അതില്‍ കലര്‍ത്തിക്കൊണ്ടിരുന്നു. ഇതില്‍ സംശയം തോന്നിയ അന്ന (Anna Brun) ഈ വിവരങ്ങള്‍ ബന്ധുക്കളോട് പറയുകയുണ്ടായെങ്കിലും വളരെ താമസിച്ചുപോയി. ചാള്‍സ് മരണമടഞ്ഞു.
Marie-Fortunée Lafarge
ഈ സംശയങ്ങളുള്ളതിനാല്‍ മേരി അറസ്റ്റ് ചെയ്യപ്പെടുകയും വിചാരണ നേരിടുകയുമുണ്ടായി. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ ശേഖരിച്ച ആമാശയത്തില്‍ നിന്നും ആഴ്‌സനിക് കണ്ടുപിടിക്കാനായില്ല. എന്നാല്‍ മേരി ഉപയോഗിച്ചിരുന്ന പെട്ടിയില്‍ നിന്നും മാര്‍ഷ് ടെസ്റ്റിലൂടെ ആഴ്‌സനിക് കണ്ടെത്താനാവുകയും ചെയ്തു.
സ്‌കോട്ടിഷ് രസതന്ത്രജ്ഞനായ ജെയിംസ് മാര്‍ഷ് 1836 ലാണ് മാര്‍ഷ് ടെസ്റ്റ് കണ്ടുപിടിച്ചത്. ഈ ടെസ്റ്റുപയോഗിച്ചാണ് പ്രഗത്ഭരായ 3 ഫ്രഞ്ച് രസതന്ത്രജ്ഞര്‍ പരിശോധിച്ചത്. ആമാശയത്തില്‍ നിന്നും ആഴ്‌സനിക് ലഭിക്കാത്തതിനാല്‍ മൃതദേഹം വീണ്ടും കുഴിച്ചെടുത്ത് ആ സാമ്പിളുകളിലും പരിശോധന നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം.
ഈ അവസരത്തില്‍ കോടതി, ഫ്രാന്‍സിലെ ഏറ്റവും മികച്ച രസതന്ത്രജ്ഞനായ മാത്യു ഓര്‍ഫിലയുടെ (Mathieu Joseph Bonaventure Orfila) സഹായം തേടുകയുണ്ടായി. നേരത്തെ ടെസ്റ്റ് നടത്തിയ മറ്റ് മൂന്ന് രസതന്ത്രജ്ഞരുടെയും സാന്നിധ്യത്തില്‍ തന്നെ ഓര്‍ഫില പരിശോധന നടത്തുകയും ജീര്‍ണ്ണിച്ച ശരീരത്തില്‍ ആഴ്‌സനികിന്റെ അംശം കണ്ടെത്തുകയും ചെയ്തു. ടെസ്റ്റ് നടത്തിയതിലുള്ള പിഴവായിരുന്നു ആ രസതന്ത്രജ്ഞര്‍ക്ക് സംഭവിച്ചതെന്ന് അവര്‍ മനസിലാക്കുകയും ചെയ്തു.
മേരിയെ കോടതി ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചെങ്കിലും ലൂയി ഫിലിപ്പ് രാജാവ് ശിക്ഷ ഇളവ് ചെയ്ത് ജീവപര്യന്തം തടവ് മാത്രമാക്കി ചുരുക്കി കൊടുത്തു.
1840 ല്‍, ശാസ്ത്രം അതിന്റെ ബാല്യ കാലഘട്ടം പിന്നിടുന്ന കാലത്ത് പോലും ഇല്ലാതിരുന്ന കഥകളാണ് ഇന്ന് പ്രചരിപ്പിക്കപ്പെടുന്നത്. ഒരു സൗകര്യവും ഇല്ലാതിരുന്ന ആ കാലത്ത് പോലും ആഴ്‌സനിക് ജീര്‍ണ്ണിച്ച ശരീരത്തില്‍ നിന്നും കണ്ടുപിടിക്കാന്‍ സാധിച്ചു. ഇന്നോ, ശാസ്ത്രവിരുദ്ധത എന്ന ജീര്‍ണ്ണതയിലൂടെ എന്തൊക്കെയോ അബദ്ധങ്ങള്‍, പ്രചരിപ്പിക്കപ്പെടുന്നു. പലരും ഇതൊക്കെ വിശ്വസിക്കുന്നു.
Mathieu Joseph Bonaventure Orfila
ആദ്യം വിവരിച്ച പ്രചരണങ്ങളിലേക്ക് വരാം. മീനും മോരോ നാരങ്ങാവെള്ളമോ ഒരുമിച്ചുപയോഗിച്ചാല്‍ ആഴ്‌സെനിക് മൂലം മരണം സംഭവിക്കുമോ എന്നതാണല്ലോ പ്രശ്‌നം. ആഴ്‌സെനിക് എന്ന രാസവസ്തു പ്രകൃതിയില്‍ സ്വാഭാവികമായി തന്നെ കാണപ്പെടുകയും ഭക്ഷണം, വെള്ളം എന്നിങ്ങനെ പല ഉറവിടങ്ങളിലൂടെയും നമ്മുടെ ഉള്ളില്‍ വളരെ ചെറിയ അളവില്‍ എത്തുകയും ചെയ്യുന്ന ഒന്നാണ്. ഏതൊരു വസ്തുവും ഹാനികരമാവുന്നത് പല ഘടകങ്ങളെയും ആസ്പദമാക്കിയാണ്. അതില്‍ അതിപ്രധാനമായ ചിലതാണ് ശരീരത്തിനുള്ളിലെത്തുന്ന വസ്തുവിന്റെ അളവും ശരീരം എത്ര നാള്‍ ഈ വസ്തുവുമായി സമ്പര്‍ക്കത്തില്‍ വരുന്നു എന്നതുമൊക്കെ.
ഓര്‍ഗാനിക് രൂപത്തില്‍ ഭക്ഷ്യ വസ്തുക്കളിലൂടെ ചെറിയ അളവില്‍ ശരീരത്തിലെത്തുന്ന ആഴ്‌സെനിക് സാധാരണഗതിയില്‍ ശരീരത്തിന് ഹാനികരമാവില്ല. വളരെ ഉയര്‍ന്ന അളവില്‍ സ്ഥിരമായി വളരെ കാലത്തേക്ക് കഴിക്കുകയാണെങ്കില്‍ മാത്രമേ തത്വത്തില്‍ പോലും അത്തരമൊരു സാധ്യത ആരോപിക്കാന്‍ കഴിയൂ.
ഇത്തരമൊരു ഭാവനയുടെ ഉറവിടം, 1985 ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിന്റെ ചുവടു പിടിച്ചാണ് എന്ന് വേണം മനസ്സിലാക്കാന്‍. ആഴ്‌സെനിക് ഉള്ള ഷെല്‍ഫിഷും ഉയര്‍ന്ന അളവില്‍ വൈറ്റമിന്‍ സി യും കൂടി പ്രവര്‍ത്തിക്കുമ്പോള്‍ ആര്‍സനിക്ക് പെന്റൊക്‌സൈഡ് രാസപ്രവര്‍ത്തനത്തിലൂടെ കൂടുതല്‍ ദോഷകരമായ ആര്‍സനിക് ട്രൈ ഓക്‌സൈഡ് ആയി മാറാം എന്നായിരുന്നു ആ പഠനം. താത്വിക തലത്തിനുമപ്പുറം പ്രായോഗിക തലത്തില്‍ ഇത്തരം ഒന്ന് സംഭവിച്ചതായോ, ഒരു നേരം സാധാരണ അളവില്‍ ഇത്തരമൊരു ഭക്ഷണം കഴിച്ചാല്‍ അല്‍പ സമയം കൊണ്ട് ആളുകള്‍ മരിക്കാമെന്നോ ആ പഠനം പറയുന്നില്ല.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉയര്‍ന്ന അളവില്‍ ഇത്തരമൊരു ഭക്ഷണക്രമം തുടര്‍ന്നാല്‍ ആഴ്‌സെനിക്കിന്റെ ദോഷഫലങ്ങള്‍ (ഉദാ: ക്യാന്‍സര്‍ പോലുള്ളവ) ഉണ്ടായേക്കാം എന്ന സൂചന മാത്രമാണ് പഠനം നല്‍കിയത്. എന്നാല്‍ ഈ പഠനത്തിന്റെ ആധികാരികതയെ സ്ഥിരീകരിക്കാന്‍ പിന്നീട് കഴിഞ്ഞിട്ടില്ല, ഇത്തരത്തിലുള്ള കേസുകള്‍ മെഡിക്കല്‍ രംഗത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഇത്തരമൊരു സാധ്യത വാദത്തിനായി വെറുതെ മുഖവിലയ്ക്ക് എടുത്താല്‍പ്പോലും എന്തെങ്കിലും രോഗ സാധ്യതകള്‍ ഉണ്ടാക്കാനായി അമിത അളവില്‍ മീനും നാരങ്ങാ നീരും കഴിക്കേണ്ടി വരും. ലളിതമായി പറഞ്ഞാല്‍, നൂറു കണക്കിന് കിലോയ്ക്ക് മുകളില്‍ മീനും ലിറ്റര്‍ കണക്കിന് നാരങ്ങാ നീരും കഴിക്കേണ്ടി വരും ശരീരത്തില്‍ എന്തെങ്കിലും പ്രഭാവം ചെലുത്താന്‍ പോന്ന അളവില്‍ ആഴ്‌സെനിക് ഉള്ളില്‍ എത്തിക്കാന്‍.
ആര്‍സനിക് വിഷബാധയുടെ ലക്ഷണങ്ങള്‍ എന്താണെന്നുകൂടി നോക്കാം. ഓര്‍ഗാനിക് രൂപത്തില്‍ അല്ലാത്ത ആഴ്‌സെനിക് ഉയര്‍ന്ന അളവില്‍ പെട്ടന്ന് ഒരാളുടെ ഉള്ളിലെത്തിയാല്‍ തലവേദന, മാന്ദ്യം, തലകറക്കം, വയറുവേദന, വയറിളക്കം തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ഉണ്ടാവാം. ചെറിയ അളവില്‍ ദീര്‍ഘകാലം ഉള്ളില്‍ ചെന്നാല്‍ വിഷബാധയുടെ ലക്ഷണങ്ങള്‍ അപസ്മാരബാധ, നഖങ്ങളില്‍ ഉണ്ടാവുന്ന നിറം മാറ്റം, മുടി കൊഴിച്ചില്‍, തൊലിപ്പുറത്തുണ്ടാകുന്ന കുമിളകള്‍ എന്നിവയില്‍ തുടങ്ങി കാന്‍സര്‍ രോഗം വരെയാണ്. ആത്യന്തികമായി മരണം വരെ സംഭവിക്കാം. ഇതൊന്നും മേല്‍പ്പറഞ്ഞ മീനോ മോരോ തൈരോ ഒരുമിച്ചു കഴിച്ചാല്‍ സംഭവിക്കുന്നില്ല.
പറഞ്ഞുവന്നതെന്തെന്നാല്‍ പല പ്രചാരണങ്ങളും അശാസ്ത്രീയമാണ്. എങ്കിലും ഇങ്ങനെയുള്ള സംവാദങ്ങള്‍ ഉണ്ടാകുമ്പോളെങ്കിലും ശാസ്ത്രത്തിന്റെ വളര്‍ച്ച എങ്ങിനെയായിരുന്നു എന്ന് വായിക്കാം. ഫൊറന്‍സിക് മെഡിസിനെ സംബന്ധിച്ച് വളരെ പ്രാധാന്യമേറിയ ഒരു കണ്ടുപിടുത്തമായിരുന്നു രാസപരിശോധന. ആഴ്‌സെനിക് അടക്കമുള്ള സാന്ദ്രത കൂടുതലുള്ള ലോഹങ്ങള്‍ കണ്ടുപിടിക്കാന്‍ റെനിഷ് (Reinsch test) പരിശോധനയാണ് ഇന്ന് നാം ഉപയോഗിക്കുന്നത്.
(ഇൻഫോക്ലിനിക്കിലെ ഡോ. ദീപു സദാശിവനുമായി ചേർന്നെഴുതിയ ലേഖനം.)
(കോട്ടയം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം അദ്ധ്യാപകനാണ് ലേഖകന്‍)


VIEW ON mathrubhumi.com


READ MORE CRIME BEAT STORIES: