ഏതു ഋതുവും ഒരു നല്ല ഋതുവാണ് |വിശ്രാന്തിയുടെ ആകാശം

ഈ ദിവസങ്ങളിൽ, എവിടെനോക്കിയാലും വികസനത്തെപ്പറ്റിയുള്ള വർത്തമാനങ്ങളാണ്. വികസനം പക്ഷേ വെറുതെ പറഞ്ഞതുകൊണ്ടുമാത്രം സംഭവിക്കുന്നതല്ല. വികസനത്തിന് നേരെയുള്ള ഏറ്റവും വലിയ തടസമെന്നത് ഓരോരുത്തരുടേയും മനസ്സിൽ കുമിഞ്ഞുകൂടി കിടക്കുന്ന ഭൂതകാലത്തിന്റെ കൂറ്റൻ കൂനകളാണ്.
ദുരിതങ്ങളെ ഒഴിവാക്കാൻ നാം നൂറ്റാണ്ടുകളായി ശീലിച്ചു വരുന്നു. നമ്മുടെ ജീവിതത്തിൽ എന്നും നാം വേദനകളേയും കഷ്ടപ്പാടുകളേയും ഒഴിവാക്കാൻ ശ്രമിച്ചിട്ടുണ്ട്; അതുകൊണ്ടുതന്നെ അവ നമുക്കകത്ത് വെറുതെയിങ്ങനെ കുമിഞ്ഞുകൂടിക്കൊണ്ടിരിക്കുന്നു. അവബോധ വളർച്ചയുടെ പാത താണ്ടാൻ നിങ്ങൾ നിശ്ചയിക്കുന്നതോടെ, മുൻപേ അടിച്ചമർത്താൻ ശ്രമിച്ച വേദനയേയും ദുഃഖത്തേയുമെല്ലാം അഭിമുഖീകരിക്കാൻ നിങ്ങൾ നിർബന്ധിക്കപ്പെടുകയായി.
ഇന്നത്തെ ദിവസം വരേയ്ക്കും ദുരിതങ്ങളെ മറച്ചുവെക്കാൻ ശ്രമിക്കാത്ത ഒരൊറ്റ സമൂഹവും ഭൂമിയിൽ ഉണ്ടായിരുന്നിട്ടില്ല. രണ്ടു കാര്യങ്ങളെയാണ് ആളുകൾ മറച്ചുവെക്കുന്നത്: ഒന്ന് സന്തോഷം, രണ്ട് ദുരിതങ്ങൾ. മാത്രവുമല്ല, ആളുകൾ സന്തോഷത്തെമറച്ചുവെക്കാൻ ശ്രമിക്കുന്നത് ദുരിതങ്ങളെപ്രതിയുള്ള അവരുടെ ഭയം കൊണ്ടുതന്നെയാണ്. അതിനുപിന്നിലുള്ള അവരുടെ യുക്തിയെന്തെന്നാൽ, കൂടുതൽ സന്തോഷിക്കാൻ സ്വയം അനുവദിക്കാതിരുന്നാൽ, പിന്നീട് കൂടുതൽ ദുരിതമനുഭവിക്കേണ്ടി വരില്ല എന്നതാണ്. ഇനി, വാസ്തവമെന്തെന്നാൽ, അവർ മറ്റാളുകളിൽനിന്നു മാത്രമല്ല സംഗതികളെ മറച്ചുവെക്കുന്നത്, അവർ തന്നിൽ നിന്ന് തന്നെ സംഗതികളെ മറച്ചുവെക്കുന്നു. ഒരാൾക്ക് അയാളുടെത്തന്നെ ദുരിതങ്ങളിലേക്ക് നോക്കുകയെന്നത് വളരെ വേദന നിറഞ്ഞ ഒന്നായിത്തീരുന്നു.
എന്തൊക്കെയായിരുന്നാലും, സന്തോഷവും ദുഖഃവും ഇരട്ടകളാണ്; ആനന്ദം നിറഞ്ഞൊഴുകുന്ന ഒരു ജീവിതത്തെ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, വിവിധ തരം വേദനകളിലൂടെ കടന്നുപോകാൻ നിങ്ങൾ തയ്യാറായിരിക്കേണ്ടതുണ്ട്. ഹിമാലയത്തിന്റെ ഉത്തുംഗശൃംഗങ്ങൾ അനുഭവിക്കണമെന്നുണ്ടെങ്കിൽ, അതിനോട് ചേർന്നുവരുന്ന താഴ്വാരങ്ങളേയും സ്വീകരിച്ചേ പറ്റൂ. താഴ്വാരങ്ങൾക്ക് യാതൊരു കുറ്റമോ കുറവോ ഇല്ല, നിങ്ങളുടെ വീക്ഷണത്തിൽ വരുത്തേണ്ട ചില മാറ്റങ്ങൾ മാത്രമാണ് അത്. നിങ്ങൾക്ക് രണ്ടിനേയും ആസ്വദിക്കാം-ഗിരിശൃംഗങ്ങൾ മനോജ്ഞങ്ങളാണ്, അതുപോലെത്തന്നെയാണ് താഴ്‌വാരങ്ങളും. തീർച്ചയായും, ദുഃഖങ്ങളുടേയും ദുരിതങ്ങളുടേയും കയങ്ങളിലേക്ക് എത്രത്തോളം ആഴത്തിൽ നിങ്ങൾക്ക് ഇറങ്ങിച്ചെല്ലാനാവുമോ, ആനന്ദത്തിന്റെ ആഴങ്ങളിലേക്ക് മുഴുകാനുള്ള നിങ്ങളുടെ കഴിവും അത്രകണ്ട് വർധിക്കും.
ജപ്പാനിലെ സമ്പ്രദായങ്ങളിൽ ധ്യാനം പഠിപ്പിക്കുന്നതിനായി ചെറിയ ചെറിയ ഹൈകു കവിതകൾ ഉപയോഗിക്കാറുണ്ട്. ഈ സമ്പ്രദായം പിന്തുടരുന്നവർ അസാധാരണമായ പാടവം കാണിക്കാറുണ്ട്, ഒരു വലിയ ജ്ഞാനസമുദ്രത്തെ അപ്പാടെ ഒരു പിടി വാക്കുകളിലേക്ക് ആവാഹിക്കുന്നതിൽ. അത്തരത്തിലുള്ള ഒരു ഹൈകു ഇതാണ് :
'വസന്തത്തിൽ, വിടർന്നു വരുന്ന ഒരായിരം പൂക്കൾ,
ശരത്ക്കാലത്തിൽ പൂർണ്ണചന്ദ്രന്റെ വിളവെടുപ്പ്.
ഗ്രീഷ്മത്തിൽ പുതുമയിറ്റുന്ന ഒരിളം കാറ്റ്
ശിശിരത്തിൽ, മഞ്ഞ്...
നിങ്ങളുടെ മനം അനാവശ്യങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുന്നില്ലെങ്കിൽ,
ഏതു ഋതുവും ഒരു നല്ല ഋതുവാണ്.'
ഏതു ഋതുവും അതിന്റേതായ ഭംഗിയും ചാരുതയും സംവഹിക്കുന്നുണ്ട്, ജീവിത്തിലെ ഏതു ഘട്ടവും അതിന്റേതായ സവിശേഷ ആനന്ദത്തെ കൊണ്ടുതരുന്നപോലെ. ഇങ്ങനെയൊക്കെയാണെങ്കിലും, മിക്കപ്പോഴും നാം പരാജയപ്പെടുന്നു, ഓരോ അനുഭവത്തിൽ നിന്നും എങ്ങനെയാണ് ആനന്ദത്തെ പിഴിഞ്ഞെടുക്കേണ്ടതെന്ന്. എന്തുകൊണ്ടാണത്?
ഈ ഹൈകു ഋതുക്കളെ വെളിപ്പെടുത്തുന്നു. നമ്മുടെ മനസ്സ് അനാവശ്യമായ നൂറായിരം സംഗതികളെക്കൊണ്ട് കുത്തിനിറക്കപ്പെട്ടിരിക്കുകയാണ്-പ്രധാനമായും ഭൂതകാലത്തിന്റെ ചപ്പുചവറുകളെക്കൊണ്ട്. ഈ പുകപടലങ്ങൾക്കിടയിൽ, നമ്മുടെ കണ്ണുകൾക്ക് തൊട്ടു മുൻപിൽ വിരിയുന്ന സൗന്ദര്യം മറഞ്ഞുപോവുകയാണ് ചെയ്യുന്നത്. ഈ ചപ്പുചവറുകൾ തന്നെയാണ് നമ്മുടെ അവബോധത്തിന്റെ വളർച്ചയിൽ വഴിമുടക്കികളായി നിലകൊള്ളുന്നതും.
ഒരൽപം ധൈര്യം സംഭരിക്കുക, അടക്കിവെക്കപ്പെട്ട ദുഃഖങ്ങളെയെല്ലാം എങ്ങനെയാണ് ഒഴുക്കിക്കളയേണ്ടത് എന്ന് പഠിച്ചെടുക്കുക. ആദ്യമാദ്യം അതൊരല്പം ബുദ്ധിമുട്ടായി തോന്നിയേക്കാം, പഴയ ശീലങ്ങൾ അത്രയെളുപ്പം മാറിത്തന്നേക്കില്ല. ഒരിക്കൽ പക്ഷേ ആവശ്യത്തിനുള്ള ശക്തി ആർജ്ജിച്ചുകഴിഞ്ഞാൽ, മുന്നോട്ടുള്ള വളർച്ച അനായാസമായിരിക്കും-ഒരു പൂമൊട്ട് ഒരു പൂവായി വിടരുന്ന അത്ര അനായാസം.
Content Highlights: Understanding that suffering and joy are inseparable twins in life., The importance of confronting past traumas to enable personal growth., Techniques to clear mental clutter to perceive beauty in every season of life., Insights from Haiku poetry on living in the present moment., Encouragement to develop the courage to release suppressed emotions.