1500 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കും - മുഖ്യമന്ത്രി

കൊച്ചി: കേരളത്തിലെ യുവാക്കള്‍ അവരുടെ കര്‍മശേഷി സ്വന്തം നാട്ടില്‍ ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെ.എസ്.ഐ.ഡി.സി) നടത്തുന്ന സംരംഭകത്വ ഉച്ചകോടിയായ 'യെസ് 2017' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
ഇവിടെ അവസരം കുറഞ്ഞതു കൊണ്ടാണ് എല്ലാവരും വിദേശത്തേക്ക് പോകുന്നത്. യുവാക്കള്‍ക്ക് കേരളത്തില്‍ അവസരം സൃഷ്ടിക്കാനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആവിഷ്‌കരിക്കുന്നത്.
കേരളത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് കൂടുന്നുണ്ട്. എന്നാല്‍, ചിലത് പാതി വഴിയില്‍ ഉപേക്ഷിക്കുന്ന പ്രവണതയും കണ്ടുവരുന്നു. കൃത്യമായ മാര്‍ഗ നിര്‍ദേശത്തിന്റെയും ഫണ്ടിന്റെയും കുറവാണ് ഇതിന് കാരണമെന്ന് അറിയാന്‍ കഴിഞ്ഞു. ഇതെല്ലാം പരിഹരിക്കും.
സ്റ്റാര്‍ട്ടപ്പുകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ യുവാക്കള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ യെസ് 2017 ലൂടെ ലഭിക്കും. കേരളത്തിന്റെ വ്യവസായിക അന്തരീക്ഷത്തില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്.
പുതിയ ആശയവുമായി വരുന്നവര്‍ക്ക് നിരാശരാകേണ്ടി വരില്ല. ഇവര്‍ക്ക് പണം ലഭിക്കുന്നതിന് പ്രയാസമില്ലെന്ന് എല്ലാവരും മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
1500 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കും. കേരളത്തിന്റെ ഭാവി സാമ്പത്തിക വളര്‍ച്ചാ ശ്രോതസെന്ന് സര്‍ക്കാര്‍ മനസിലാക്കുന്ന ഐടി, ടൂറിസം, വ്യവസായ സംരംഭങ്ങള്‍ക്ക് വളരാന്‍ 1,375 കോടി രൂപ വകയിരിത്തിയിട്ടുണ്ട്.
549 കോടി രൂപ ഐടി മേഖലയ്ക്കും, യുവജന സംരംഭകത്വ വികസന പരിപാടികള്‍ക്ക് 70 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്.
വിദ്യാര്‍ഥി, യുവ സമൂഹത്തിനിടയില്‍ പ്രവര്‍ത്തിക്കാന്‍ കെ.എസ്.ഐ.ഡി.സിക്ക് കഴിഞ്ഞിട്ടുണ്ട്. അടിസ്ഥാന സൗകര്യം വികകസനം, മാര്‍ഗ നിര്‍ദേശം, സാമ്പത്തിക സഹായം എന്നിവ കെ.എസ്.ഐ.ഡി.സി നല്‍കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.
നൂതന സംരംഭങ്ങള്‍ ഐടി അധിഷ്ടിതമാണെന്ന് കരുതരുത്. ഐ.ടി ഇതര മേഖലകളിലേക്കും സ്റ്റാര്‍ട്ടപ്പുകള്‍ വ്യാപിപ്പിക്കുന്നു. കൃഷി, ടൂറിസം, ആരോഗ്യം, മാലിന്യനിര്‍മാര്‍ജനം തുടങ്ങിയ പുതിയ മേഖലകളിലേക്ക് കൂടി യൂവാക്കള്‍ കടക്കേണ്ടതുണ്ട്.
കൃഷിയില്‍ നിന്ന് ലഭിക്കുന്ന ഉല്‍പന്നങ്ങള്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കി മാറ്റാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും. സംരംഭങ്ങള്‍ തുടങ്ങുന്നതിന് മുന്‍പ് അതുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും യുവ സംരംഭകര്‍ പരിശോധിക്കുകയും പഠിക്കുകയും വേണമെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. സംസ്ഥാനത്തെ സാധ്യതകള്‍, സാഹചര്യങ്ങള്‍ എന്നിവ മനസിലാക്കണം.
പുതിയ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിലും കേരളം മുന്നിലാണ്. രാജ്യത്തെ മികച്ച വ്യവസായ, നിക്ഷേപ സൗഹ്യദ സംസ്ഥാനമാക്കി കേരളത്തെ മാറ്റാന്‍ ശ്രമിക്കുന്നു.


VIEW ON mathrubhumi.com


READ MORE CAREERS STORIES: