കാൽലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിൽ പരിശീലനം; നൈപുണ്യ പരിശീലന പരിപാടിക്ക് തുടക്കമായി

തിരുവനന്തപുരം: കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് മികച്ച അവസരങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന വിജ്ഞാനകേരളം പരിപാടിയുടെ ഭാഗമായി നടത്തുന്ന നൈപുണ്യ പരിശീലനത്തിന്റെ പൈലറ്റ് പദ്ധതി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം വഴുതക്കാട് ഗവണ്‍മെന്റ് വനിതാ കോളേജില്‍ നടന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദുവാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. തൊഴിലന്വേഷകര്‍ക്ക് അവരുടെ യോഗ്യതയ്ക്കും നൈപുണ്യത്തിനും അനുസൃതമായ തൊഴിലവസരങ്ങള്‍ സ്വകാര്യമേഖലയില്‍ ഒരുക്കിക്കൊടുക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
വിജ്ഞാന കേരളം പദ്ധതി വിഭാവനം ചെയ്യുന്ന നൈപുണ്യ വികസന ക്യാമ്പയിന്‍ ഏറ്റെടുക്കാന്‍ കേരളത്തിലെ വിദ്യാഭാസ സ്ഥാപനങ്ങള്‍ സജ്ജമായിട്ടുണ്ടെന്നും, കെ-ഡിസ്‌ക് വികസിപ്പിച്ച DWMS സംവിധാനം തൊഴിലന്വേഷകര്‍ക്കും, തൊഴില്‍ ദാതാക്കള്‍ക്കും വലിയ സാധ്യതകള്‍ തുറന്നു നല്‍കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ കെ-ഡിസ്‌കും സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലുമുള്ള നൈപുണ്യ വികസന ഏജന്‍സികളും കൈകോര്‍ത്തു നടത്തുന്ന വിജ്ഞാന കേരളം പരിപാടിക്ക് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഉത്തരാധുനിക വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടാന്‍ കഴിയുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ സാധിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
നൂറുകണക്കിന് അധ്യാപകരെയും പ്രൊഫഷണലുകളെയും അണിനിരത്തി നടത്തുന്ന വിജ്ഞാന കേരളം ജനകീയ പദ്ധതിയുടെ ഭാഗമായി നടത്തുന്ന നൈപുണ്യ പരിശീലന പരിപാടിയുടെ ഈ പൈലറ്റ് പ്രോഗ്രാമില്‍ പങ്കെടുക്കുന്ന 25000 അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും തൊഴില്‍ ഉറപ്പാക്കുമെന്ന് മുന്‍ ധനകാര്യ മന്ത്രിയും വിജ്ഞാന കേരളം പരിപാടിയുടെ ഉപദേഷ്ടാവുമായ ഡോ ടിഎം തോമസ് ഐസക് മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു.
ഡോ.പി.വി.ഉണ്ണികൃഷ്ണന്‍ (മെമ്പര്‍ സെക്രട്ടറി കെ-ഡിസ്‌ക്) അധ്യക്ഷനായ ചടങ്ങില്‍ സുധീര്‍ കെ. ഐഎഎസ് (ഡയറക്ടര്‍, കൊളീജിയറ്റ് വിദ്യാഭ്യാസ വകുപ്പ്), ഡോ. ഷാലിജ് പി.ആര്‍ (ഡയറക്ടര്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്), അമിത് മുഖര്‍ജി (സീനിയര്‍ കസ്റ്റമര്‍ സക്‌സസ് മാനേജര്‍, ലിങ്ക്ഡിന്‍, അഭിഷേക് കോഹ്ലി (ഗവണ്‍മെന്റ് പാര്‍ട്ണര്‍ഷിപ്പ് ഡയറക്ടര്‍, കോഴ്‌സിറ). ഡോ സുമേഷ് ദിവാകരന്‍ (ഡീന്‍, റിസര്‍ച്ച്, കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരം),റിയാസ് പി.എം (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ-ഡിസ്‌ക്), സ്വപ്ന.എം (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കെ-ഡിസ്‌ക്) എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു.
നൈപുണ്യ പരിശീലന പരിപാടിയുടെ ഭാഗമായി സര്‍ക്കാര്‍ നൈപുണ്യ വികസന ഏജന്‍സികളായ അസാപ് കേരള, ഐ.സി.ടി അക്കാദമി, കെയ്സ് തുടങ്ങിയ സ്ഥാപനങ്ങളെ കൂടാതെ ഈ രംഗത്തെ പ്രമുഖരായ ലിങ്ക്ഡിന്‍, കോഴ്‌സിറ, ഫൗണ്ടിറ്റ്, ടിസിഎസ് അയോണ്‍ എന്നീ സ്ഥാപനങ്ങളുമായും സഹകരിച്ച് ജോബ് റോളുകളുടെ അടിസ്ഥാനത്തിലുള്ള കോഴ്‌സുകള്‍, സോഫ്റ്റ് സ്‌കില്‍ വര്‍ദ്ധിപ്പിക്കാനായുള്ള വര്‍ക്ക് റെഡിനസ് പ്രോഗ്രാം, എംപ്ലോയബിലിറ്റി പരിശീലനം, രണ്ടു ദിവസത്തെ ഇമ്മേഴ്സീവ് ഡൊമെയ്ന്‍ പരിശീലനം, ഭാഷാ പരിശീലന പരിപാടികളായ പേഴ്സണാലിറ്റി ഡെവലപ്മെന്റ് പരിശീലനം, ബ്രിട്ടീഷ് കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് ഭാഷാ പരിശീലനം എന്നിവയും ഉള്‍പെടുത്തിയിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ താല്പര്യവും അഭിരുചിയും അനുസരിച്ച് ഇതിലെ പ്രോഗ്രാമുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അദ്ധ്യാപകരുടെയും പൂര്‍ണ പങ്കാളിത്തത്തിലൂടെ വിദ്യാര്‍ത്ഥികളെ അവരുടെ അക്കാദമിക് മേഖലകള്‍ക്ക് അനുസൃതമായ പരിശീലനം നല്‍കി പഠന ശേഷം തൊഴില്‍ നേടുന്നതിനുള്ള അവരുടെ നൈപുണ്യം ഉറപ്പാക്കുന്നതിനുമാണ് വിജ്ഞാന കേരളം നൈപുണ്യ പരിശീലന പരിപാടി ലക്ഷ്യമാക്കുന്നത്.
Content Highlights: vinjana keralam pilot skill training program