‘പാർട്ട് ടൈം ജോലികളിൽ കുടുങ്ങിക്കിടക്കരുത്’; വിദേശപഠനത്തിന് പോകുന്നവർക്ക് ഉപദേശവുമായി ഇന്ത്യൻ യുവതി

വിദേശത്തേക്ക് കുടിയേറുക എന്നത് പല ഇന്ത്യൻ വിദ്യാർത്ഥികളുടെയും വലിയൊരു സ്വപ്നമാണ്. വിദേശ പഠനം തിരഞ്ഞെടുത്ത് മുൻപരിചയം ഉള്ള വിദ്യാർഥികളുടെ അനുഭവങ്ങൾ മറ്റ് വിദ്യാർഥികൾക്കും പാഠമാകാറുണ്ട്. വിദേശപഠനം എന്ന സ്വപ്നം വെറുമൊരു അതിജീവന പോരാട്ടം മാത്രമായി ചുരുങ്ങിപ്പോകരുതെന്ന് ഓർമ്മിപ്പിക്കുകയാണ് യു.എസിൽ ജീവിക്കുന്ന ഇന്ത്യൻ യുവതി.
പഠനകാലത്ത് തങ്ങളെത്തന്നെ സാമ്പത്തികമായി പിന്തുണയ്ക്കാൻ വേണ്ടി എടുക്കുന്ന താൽക്കാലിക ജോലികൾ (പാർട്ട് ടൈം ജോലികൾ) പിന്നീട് സ്ഥിരമായ കരിയർ ആക്കി മാറ്റരുതെന്ന് അഭിപ്രായപ്പെടുകയാണ് സൊനാമി എന്ന യുവതി. വലിയ ലക്ഷ്യങ്ങളോടെ വിദേശത്തെത്തുന്ന പല വിദ്യാർത്ഥികളും പിന്നീട് അവിടുത്തെ സുഖസൗകര്യങ്ങളിലേക്ക് ഒതുങ്ങിപ്പോകുന്നുണ്ടെന്നും ഇത് അവർ യഥാർത്ഥത്തിൽ ലക്ഷ്യമിട്ട അവസരങ്ങൾ നേടിയെടുക്കുന്നതിൽ നിന്ന് അവരെ തടയുന്നുണ്ടെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.
വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് ഈ 'കംഫർട്ട് സോൺ' അഥവാ സുരക്ഷിതവലയമാണെന്ന് സൊനാമി വിശദീകരിക്കുന്നു. അന്താരാഷ്ട്ര വിദ്യാർഥികളിൽ ഭൂരിഭാഗവും പഠനകാലത്ത് വാടക, ഭക്ഷണം, മറ്റ് ദൈനംദിന ചിലവുകൾ എന്നിവ കണ്ടെത്താനായി പാർട്ട് ടൈം അല്ലെങ്കിൽ എൻട്രി ലെവൽ ജോലികളാണ് ചെയ്യുന്നത്. എന്നാൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷവും ഈ താൽക്കാലിക ജോലികളിൽ തന്നെ സ്ഥിരമായി തുടരുന്നതാണ് യഥാർത്ഥ പ്രശ്നമെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു.
സുസ്ഥിരമായ ജീവിതം പടുത്തുയർത്തിയതിനാലും നല്ല സൗഹൃദങ്ങൾ ഉണ്ടായതിനാലും അവിടുത്തെ ദിനചര്യകളുമായി പൊരുത്തപ്പെട്ടതിനാലും പല ബിരുദധാരികളും അതേ ജോലികളിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നു. ഈ സുരക്ഷിതത്വബോധം ആശ്വാസം നൽകുമെങ്കിലും അത് പലപ്പോഴും അവരുടെ പ്രൊഫഷണൽ വളർച്ചയ്ക്ക് തടസ്സമാകാറുണ്ടെന്ന് അവർ വിശ്വസിക്കുന്നു.
സൗകര്യങ്ങൾക്ക് പിന്നാലെ പോകാതെ, തങ്ങൾ പഠിച്ച മേഖലയുമായി ബന്ധപ്പെട്ട കോർപ്പറേറ്റ് തസ്തികകളിലേക്കും മറ്റ് മികച്ച അവസരങ്ങൾക്കായും നിരന്തരം അപേക്ഷിച്ചുകൊണ്ടിരിക്കാൻ സൊനാമി വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു. കഠിനാധ്വാനം ഒടുവിൽ ഫലം ചെയ്യുമെന്നും നിരന്തരമായ ശ്രമങ്ങൾ ഒരാളുടെ കരിയർ ലക്ഷ്യങ്ങൾക്ക് അനുയോജ്യമായ ജോലി കണ്ടെത്തുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ജീവിതത്തിൽ വലിയ എന്തെങ്കിലും നേടിയെടുക്കാൻ ആഗ്രഹിക്കുന്ന ഏതൊരാളും പരിചിതമായ ചുറ്റുപാടുകളിൽ നിന്ന് പുറത്തുകടക്കാൻ തയ്യാറാകണമെന്ന് പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.
Content Highlights: A US-based Indian woman named Sonami has gone viral after warning international students not to get trapped in the financial comfort of temporary part-time jobs, urging them to constantly strive for corporate careers in their studied fields.