എം.എസ്‌സി.യും പിഎച്ച്.ഡി.യും ഉള്ളവർക്ക് മെഡിക്കൽ വിദ്യാർഥികളെ പഠിപ്പിക്കാം, പക്ഷേ....

ന്യൂഡൽഹി: അനാട്ടമി, ബയോകെമിസ്ട്രി, ഫിസിയോളജി വിഷയങ്ങളിൽ എം.എസ്‌സി.യും പിഎച്ച്.ഡി.യുമുള്ളവർക്ക് മെഡിക്കൽ വിദ്യാർഥികളെ പഠിപ്പിക്കാമെന്ന നിലവിലെ വ്യവസ്ഥ ഉപാധികളോടെ തുടരാമെന്ന് നിർദേശിച്ച് നാഷണൽ മെഡിക്കൽ കമ്മിഷൻ. മെഡിക്കൽ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ അധ്യാപക യോഗ്യതകൾ സംബന്ധിച്ച കരട് (ടീച്ചർ എലിജിബിലിറ്റി ക്വാളിഫിക്കേഷൻസ് ഇൻ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂഷൻസ് റെഗുലേഷൻ 2024) നിർദേശങ്ങളിലാണ് രണ്ടുവർഷം മുൻപ് ഏർപ്പെടുത്തിയ വ്യവസ്ഥ നിലനിർത്തിയിരിക്കുന്നത്.
എന്നാൽ, ഇത്തരം നിയമനങ്ങൾ താത്‌കാലികാടിസ്ഥാനത്തിലായിരിക്കണമെന്ന് കമ്മിഷൻ വ്യക്തമാക്കി.
അതായത് ഈ വിഷയങ്ങളിൽ സ്പെഷ്യലൈസ് ചെയ്തിട്ടുള്ള മെഡിക്കൽ ബിരുദധാരികളെ മതിയായ തോതിൽ ഫാക്കൽറ്റിയിൽ ലഭ്യമായില്ലെങ്കിൽ മാത്രമായിരിക്കും ഇത്തരക്കാരുടെ നിയമനങ്ങൾ.
അനാട്ടമി-മെഡിക്കൽ അനാട്ടമിയിൽ എം.എസ്‌സി., പിഎച്ച്.ഡി.; ബയോകെമിസ്ട്രി -മെഡിക്കൽ ബയോകെമിസ്ട്രിയിൽ എം.എസ്‌സി, പിഎച്ച്.ഡി.; ഫിസിയോളജി -മെഡിക്കൽ ഫിസിയോളജിയിൽ എം.എസ്‌സി., പിഎച്ച്.ഡി. എന്നിങ്ങനെയാണ് യോഗ്യത നിശ്ചയിച്ചിരിക്കുന്നത്. ഈ മൂന്ന് വിഷയങ്ങളിൽ സ്പെഷ്യലൈസ് ചെയ്തവർ ഇല്ലെങ്കിൽ അനുബന്ധ യോഗ്യതയും പ്രവർത്തനപരിചയവും ഉള്ളവർക്ക് നിശ്ചിതകാലത്തേക്കു മാത്രം ഫാക്കൽറ്റി അംഗമാകാം എന്നാണ് പുതിയ കരട് മാർഗരേഖയിൽ. ഇവരുടെ നിയമനകാലം പരിവർത്തന കാലയളവ് മാത്രമായിട്ടാകും കണക്കാക്കുക.
മൂന്ന് വിഷയങ്ങളിലും എം.ഡി. ബിരുദധാരികൾക്ക് തന്നെയാകും അധ്യാപകനിയമനത്തിൽ മുൻഗണനയെന്നും അവരില്ലാത്ത സാഹചര്യത്തിൽ മാത്രമാണ് ഇതേ വിഷയങ്ങളിൽ എം.എസ്‌സി.യും പിഎച്ച്.ഡി.യുമുള്ളവരെ നിയമിക്കേണ്ടതെന്നും എൻ.എം.സി. വൃത്തങ്ങൾ അറിയിച്ചു. എൻ.എം.സി. അംഗീകൃത മെഡിക്കൽ കോളേജുകളിൽനിന്ന് എം.എസ്‌സി.യും പിഎച്ച്.ഡി.യും നേടിയവർക്കാണ് നിയമനം നൽകേണ്ടത്.
ബന്ധപ്പെട്ട വകുപ്പുകളിലെ മൊത്തം അധ്യാപക തസ്തികകളുടെ 15 ശതമാനം മാത്രമായിരിക്കണം ഇവർ.
കരട് നിർദേശങ്ങളിന്മേൽ ഒരാഴ്ചയ്ക്കകം അഭിപ്രായങ്ങൾ അറിയിക്കാനാണ് നിർദേശം.
Content Highlights: MSc and PhD holders can teach medical students