കമ്പനി/കോര്‍പ്പറേഷന്‍ ലാസ്റ്റ് ഗ്രേഡ് ആദ്യപരീക്ഷ ഒക്ടോബര്‍ 7 ന്

തിരുവനന്തപുരം: കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷന്‍ ലാസ്റ്റ് ഗ്രേഡ് ആദ്യപരീക്ഷ ഒക്ടോബര്‍ ഏഴിന് നടക്കും. ഉച്ചയ്ക്ക് 1.30 മതുല്‍ 3.15 വരെയാണ് പരീക്ഷാസമയം. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ പരീക്ഷാകേന്ദ്രം ആവശ്യപ്പെട്ടവര്‍ക്കാണ് ആദ്യപരീക്ഷ നടത്തുന്നതെങ്കിലും 14 ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങളൊരുക്കേണ്ടി വന്നു. മൊത്തം 2479 പരീക്ഷാകേന്ദ്രങ്ങളാണുള്ളത്. ആറു ജില്ലകളിലായി 595,720 പേരാണ് അപേക്ഷകരായുള്ളത്.
ഉദ്യോഗാര്‍ഥികള്‍ ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുന്‍പ് പരീക്ഷാഹാളില്‍ പ്രവേശിക്കണം. അഡ്മിഷന്‍ ടിക്കറ്റ്, തിരിച്ചറിയല്‍രേഖ (ഒറിജിനല്‍), നീലയോ കറുപ്പോ മഷിയുള്ള ബോള്‍ പോയിന്റ് പേന എന്നിവയാണ് പരീക്ഷാര്‍ഥി ഹാളില്‍ കൊണ്ടുവരേണ്ടത്.
കാല്‍ക്കുലേറ്റര്‍, മൊബൈല്‍ ഫോണ്‍, ഡിജിറ്റല്‍ ഡയറി തുടങ്ങിയ ഇലക്ട്രോണിക്/കമ്യൂണിക്കേഷന്‍ ഉപകരണങ്ങളൊന്നും പരീക്ഷാഹാളില്‍ അനുവദിക്കില്ല. ഈ നിര്‍ദേശം ലംഘിക്കുന്നവരെ പി.എസ്.സി. അയോഗ്യരാക്കും. ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രൊഫൈലില്‍ സ്‌കാന്‍ ചെയ്ത് ചേര്‍ത്തിട്ടുള്ള ഉദ്യോഗാര്‍ഥിയുടെ ഫോട്ടോ അഡ്മിഷന്‍ ടിക്കറ്റില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ടാകണം. ഒ.എം.ആര്‍. ഷീറ്റിന് രണ്ടു ഭാഗങ്ങളുണ്ട്. 'എ' ഭാഗം വ്യക്തിപരമായ വിവരം രേഖപ്പെടുത്താനുള്ളതാണ്. രജിസ്റ്റര്‍ നമ്പര്‍, ജനനത്തീയതി, തസ്തികയുടെ പേര്, പരീക്ഷാത്തീയതി എന്നിവയാണ് ഈ ഭാഗത്ത് ചേര്‍ക്കേണ്ടത്. നിര്‍ദിഷ്ടകോളങ്ങളില്‍ എഴുതിയശേഷം ബന്ധപ്പെട്ട കുമിളകള്‍ കറുപ്പിക്കുകയും വേണം. അതില്‍ പിശകുവരുത്തിയാല്‍ ഉത്തരക്കടലാസ് അസാധുവാകും.
'ബി' ഭാഗം ഉത്തരം രേഖപ്പെടുത്താന്‍ മാത്രമുള്ളതാണ്. അത് കുമിളകള്‍ കറുപ്പിച്ചു മാത്രമേ ചെയ്യാവൂ. ഒരിക്കല്‍ നല്‍കുന്ന ഒ.എം.ആര്‍. ഷീറ്റ് മാറ്റി നല്‍കില്ല. ശരിയുത്തരത്തിന് ഒരു മാര്‍ക്കും തെറ്റുത്തരത്തിന് മൂന്നിലൊന്ന് നെഗറ്റീവ് മാര്‍ക്കും നല്‍കും. ഒരു ചോദ്യത്തിന് ഒന്നിലേറെ ഉത്തരം രേഖപ്പെടുത്തുന്നതും ഒരിക്കല്‍ കറുപ്പിച്ച കുമിള തിരുത്തുന്നതും നെഗറ്റീവ് മാര്‍ക്കായി കണക്കാക്കും.


VIEW ON mathrubhumi.com