H1B വിവാദത്തിനിടെ US കമ്പനികളുടെ തലപ്പത്തേക്ക് വീണ്ടും ഇന്ത്യക്കാര്‍; ആരാണ് രാഹുല്‍ ഗോയലും ശ്രീനിവാസ് ഗോപാലനും?

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എച്ച്-1ബി വിസ അപേക്ഷകൾക്ക് 1,00,000 ഡോളർ (ഏകദേശം 88 ലക്ഷം രൂപ) ഫീസ് ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ആഗോളതലത്തിലും ഇന്ത്യയിലും ആശങ്കകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. വിദഗ്ദ്ധരായ വിദേശ തൊഴിലാളികൾക്ക് യുഎസിൽ തൊഴിൽ നേടുന്നതിനുള്ള എച്ച്-1ബി വിസ പ്രോഗ്രാം വെല്ലുവിളി നേരിടുമ്പോഴാണ് യുഎസ് ടെലികോം ഭീമന്മാരായ ടി-മൊബൈൽ സിഇഒയായി ശ്രീനിവാസൻ ഗോപാലനെയും ബിയർ കമ്പനിയായ മോൾസൺ കൂർസ് (Molson coors) സിഇഒ ആയി രാഹുൽ ഗോയലിനെയും തിരഞ്ഞെടുത്തിരിക്കുന്നത്.
ടി-മൊബൈൽ സിഇഒയായി ശ്രീനിവാസൻ ഗോപാലൻ
നവംബർ ഒന്നുമുതൽ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (CEO) ശ്രീനിവാസൻ ഗോപാലൻ ചുമതലയേൽക്കുമെന്നാണ് ടി-മൊബൈൽ അറിയിച്ചിരിക്കുന്നത്. നിലവിലെ സിഇഒ മൈക്ക് സീവർട്ടിന് പകരമാണ് ശ്രീനിവാസ് എത്തുന്നത്. 2020 ഏപ്രിലിൽ സിഇഒ ആയ സീവർട്ട് വൈസ് ചെയർമാൻ സ്ഥാനത്തേക്ക് മാറും. ശ്രീനിവാസ് നിലവിൽ ടി-മൊബൈലിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറാണ്. ഭാരതി എയർടെൽ, കാപിറ്റൽ വൺ, വോഡഫോൺ എന്നിവിടങ്ങളിൽ നേതൃസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ആര്‍.കെ പുരം ഡല്‍ഹി പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്ന ശ്രീനിവാസ്, അഹമദാബാദ് ഐഐഎം ( ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ നിന്നാണ് ബിരുദം നേടിയത്. യൂണിലിവര്‍, അക്‌സെന്‍ചര്‍ തുടങ്ങിയ കമ്പനികളിലായിരുന്നു കരിയർ ആരംഭിച്ചത്.
മോൾസൺ കൂർസിൽ രാഹുൽ ഗോയലിന്റെ നിയമനം
ബിയർ കമ്പനി ഭീമനായ മോൾസൺ കൂർസ്, ഈ വർഷാവസാനം വിരമിക്കുന്ന ഗാവിൻ ഹാറ്റേഴ്സ്ലിയുടെ പിൻഗാമിയായാണ് രാഹുൽ ഗോയലിനെ നിയമിച്ചിരിക്കുന്നത്. ഇന്ത്യയിൽ ജനിച്ച ഗോയൽ മൈസൂരിൽ എഞ്ചിനീയറിങ് പഠനം പൂർത്തിയാക്കിയ ശേഷം ഡെൻവറിൽ ബിസിനസ് പഠനത്തിനായി യുഎസിലേക്ക് പോകുകയായിരുന്നു. യുഎസ്, യുകെ, ഇന്ത്യ എന്നിവിടങ്ങളിലെ കൂർസ്, മോൾസൺ ബ്രാൻഡുകളിൽ അദ്ദേഹം നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്.
H-1B വിസ
വിവാദപരമായ ഫീസ് പുതിയ അപേക്ഷകർക്ക് മാത്രമാണ് ബാധകമാവുകയെന്നും നിലവിലുള്ള വിസ ഉടമകളെയോ അപ്രൂവൽ ലഭിച്ച അപേക്ഷകളെയോ ബാധിക്കില്ലെന്നും വൈറ്റ് ഹൗസ് പിന്നീട് വ്യക്തമാക്കുകയുണ്ടായി.
പ്രതിവർഷം അനുവദിക്കുന്ന എച്ച്-1ബി വിസകളിൽ ഏകദേശം 70 ശതമാനവും ഇന്ത്യൻ ഐടി സ്ഥാപനങ്ങളാണ് ഉപയോഗിക്കുന്നത്.
Content Highlights: Srinivasan Gopalan & Rahul Goyal appointed CEOs of T-Mobile & Molson Coors respectively, as H-1B visa fee hike raises concerns.