ഗുരുവായൂർ ദേവസ്വംബോർഡ് പരീക്ഷ നടത്തിയത് 38 തസ്തികകളിലേക്ക്; റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചില്ല

കോഴിക്കോട്: ഗുരുവായൂർ ദേവസ്വംബോർഡിലെ 38 തസ്തികകളിലേക്ക് നിയമനം നടത്താനുള്ള എഴുത്തുപരീക്ഷകഴിഞ്ഞ് 11 മാസമായിട്ടും റാങ്ക്പട്ടിക പ്രസിദ്ധീകരിക്കുകയോ, നിയമനനടപടി പൂർത്തീകരിക്കുകയോ ചെയ്തില്ലെന്ന പരാതിയുമായി ഉദ്യോഗാർഥികൾ.
മുഖ്യമന്ത്രി, കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ചെയർമാൻ, ഗുരുവായൂർ ദേവസ്വംബോർഡ് ചെയർമാൻ എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ടെന്ന് ഉദ്യോഗാർഥി കൂട്ടായ്മയുടെ ജോയിന്റ് സെക്രട്ടറി പ്രവീൺദാസും നിർവാഹകസമിതി അംഗം വി.എസ്. വിഷ്ണുപ്രസാദും പറഞ്ഞു.
മൂന്നുവർഷം മാത്രമാണ് പട്ടികയുടെ കാലാവധി. സംസ്ഥാനത്ത് ഒരുലക്ഷത്തിലേറെ പേരാണ് 2025 ജൂലായ് 13-ന് നടന്ന പരീക്ഷ എഴുതിയത്. 2025 മാർച്ച് 29-നാണ് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ (കെ.ഡി.ആർ.ബി.) പരീക്ഷാവിജ്ഞാപനം വന്നത്. വിഷയം സംബന്ധിച്ച കോടതി നടപടികൾ നീണ്ടുപോകുന്നതാണ് റാങ്ക് പട്ടിക പ്രസിദ്ധീകരണത്തിനും നിയമനത്തിനും തടസമാകുന്നതെന്ന് ഉദ്യോഗാർഥികൾ പറയുന്നു.
ചെറുതും വലുതുമായ തസ്തികകളിലേക്ക് 300 മുതൽ 1000 രൂപവരെ അപേക്ഷാഫീസായി നൽകിയാണ് ഇവർ പരീക്ഷ എഴുതിയത്. അതേസമയം 722 താത്കാലിക ജീവനക്കാർ ദേവസ്വംബോർഡിൽ ജോലിചെയ്യുന്നുണ്ടെന്നും നിയമനം നടത്താനുള്ള കെ.ഡി.ആർ.ബിയുടെ അധികാരത്തെ ചോദ്യംചെയ്ത് ഇവർ ഹൈക്കോടതിയെ സമീപിച്ച് അനുകൂലവിധി നേടിയെന്നും ഉദ്യോഗാർഥികൾ പറയുന്നു. ഈ താത്കാലിക ജീവനക്കാരും പരീക്ഷ എഴുതിയിട്ടുണ്ട്.
ഹൈക്കോടതി ഡിവിഷൻബെഞ്ചിന്റെ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. പിന്നീട് ഇവർ കോടതിയെ സമീപിച്ചു. താത്കാലികരെ സ്ഥിരപ്പെടുത്താനാവില്ലെന്ന് സുപ്രീംകോടതിയുടെ മുൻകാല ഉത്തരവുകളുണ്ട്. എന്നിട്ടും കോടതിയുടെ നിർദേശപ്രകാരം ഇവർക്ക് മാനുഷികപരിഗണന നൽകി നിയമനത്തിൽ വയസിളവും പ്രവർത്തിപരിചയത്തിനനുസൃതമായി ഗ്രേസ്മാർക്കും നൽകിയാണ് പരീക്ഷകൾ നടത്തിയത്. 36-40 പ്രായപരിധിയിൽപ്പെട്ടവർ റാങ്ക്പട്ടികയിലുണ്ടെന്നും ഇവർക്ക് ഇനി മറ്റൊരു പരീക്ഷ എഴുതാനാവാത്ത പ്രശ്‌നമുണ്ടെന്നും ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടി.
സുപ്രീംകോടതിയിൽ കക്ഷി ചേരുന്നതിന് ഭീമമായ തുക കണ്ടെത്തേണ്ടത് പ്രയാസകരമായ കാര്യമാണെന്നും ഉദ്യോഗാർഥികൾ പറയുന്നു. പ്രശ്‌നപരിഹാരത്തിനായി എം.എൽ.എമാർ ഉൾപ്പെടെയുള്ളവരെ കാണാനുള്ള ഒരുക്കത്തിലാണ് അവർ.
റാങ്കുപട്ടിക പ്രസിദ്ധീകരിക്കാത്തത് കോടതി നിർദേശമനുസരിച്ച്
നിയമനം സംബന്ധിച്ച് അവകാശവാദമുന്നയിച്ച് ഗുരുവായൂർ ദേവസ്വംബോർഡിലെ താത്കാലിക ജീവനക്കാർ നൽകിയ കേസ് ജൂലായ് 21-ന് സുപ്രീംകോടതി പരിഗണിക്കുകയാണെന്നും ഇതിനുശേഷം മാത്രമേ റാങ്കുപട്ടിക സംബന്ധിച്ച് തീരുമാനമെടുക്കാവൂയെന്ന് കോടതി നിർദേശമുണ്ടെന്നും കെ.ഡി.ആർ.ബി. ചെയർമാന്റെ ഓഫീസിൽ നിന്നറിയിച്ചു. മൂല്യനിർണയം നടത്തി റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനൊരുങ്ങുമ്പോഴാണ് കോടതിനിർദേശം.
Content Highlights: 11-month delay in publishing the rank list for 38 Guruvayur Devaswom Board posts., Over 100,000 candidates appeared for the KDRB exam held on July 13, 2025., Legal disputes regarding temporary staff regularization are stalling the recruitment process., Supreme Court is scheduled to hear the case on July 21, 2026., Candidates face age limit constraints as they cannot appear for future exams.