ഗൂഗിളാണ് പ്രിയപ്പെട്ട തൊഴിലിടം; ആറുമാസത്തിനുള്ളിൽ ജോലി മാറാൻ ശ്രമിക്കുന്നത് 46 ശതമാനം പേർ

#Education desk
പ്രതീകാത്മക ചിത്രം| Photo: Justin Sullivan/Getty Images
പ്രതീകാത്മക ചിത്രം| Photo: Justin Sullivan/Getty Images

ന്യൂഡൽഹി: രാജ്യത്തെ തൊഴിലന്വേഷകരുടെയും ജീവനക്കാരുടെയും ഏറ്റവും പ്രിയപ്പെട്ട തൊഴിലിടം ഗൂഗിളാണെന്ന് റാൻഡ്സ്റ്റാഡ് എംപ്ലോയർ ബ്രാൻഡ് റിസർച്ച് റിപ്പോർട്ട്.

രണ്ടാംസ്ഥാനത്ത് ടാറ്റാ ഗ്രൂപ്പും മൂന്നാംസ്ഥാനത്ത് ആമസോണുമുണ്ട്. ബുധനാഴ്ചയാണ് 2026-ലെ റാൻഡ്സ്റ്റാഡ് എംപ്ലോയർ ബ്രാൻഡ് റിസർച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. പട്ടികയിൽ സാംസങ് ഇന്ത്യ, ഇൻഫോസിസ്, റിലയൻസ് ഇൻഡസ്ട്രീസ്, ഐ.ടി.സി. ഗ്രൂപ്പ്, ഹിന്ദുസ്ഥാൻ യൂണിലിവർ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഡെൽ ടെക്നോളജീസ് എന്നീ കമ്പനികളാണ് യഥാക്രമം നാലുമുതൽ പത്തുവരെയുള്ള സ്ഥാനത്തുള്ളത്. രാജ്യത്തിന്റെ പുറത്തുള്ള 34 വിപണികളിൽനിന്നായി 1.75 ലക്ഷത്തോളം പേരിൽനിന്നും ഇന്ത്യയിലെ 3500-ഓളം പേരിൽ നിന്നുമുള്ള വിവരങ്ങളാണ് സർവേയ്ക്കായി പരിഗണിച്ചത്.

അടുത്ത ആറുമാസത്തിനുള്ളിൽ ജോലി മാറാൻ ശ്രമിക്കുന്ന 46 ശതമാനം പേരുണ്ടെന്നും കഴിഞ്ഞ ആറുമാസത്തിനുള്ളിൽ 32 ശതമാനം പേർ പുതിയ തൊഴിലിലേക്ക് മാറിയിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

തൊഴിലിടം പ്രിയപ്പെട്ടതാകുന്ന ഘടകങ്ങൾ

വർക്ക്-ലൈഫ് ബാലൻസ്, തുല്യ അവസരങ്ങൾ, കരിയർ വളർച്ച, മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും, കമ്പനിയുടെ സത്‌പേര് എന്നിവയാണ് ജീവനക്കാർ ഒരു സ്ഥാപനത്തിൽ പ്രധാനമായും പരിഗണിക്കുന്ന ഘടകങ്ങൾ.

ജീവനക്കാരുടെ മികച്ച പ്രകടനത്തിനുള്ള അംഗീകാരം, കരിയറിലെ സ്ഥിരത, കൃത്യമായ ശമ്പളം എന്നിവയാണ് തൊഴിൽസുരക്ഷയുടെ അടിസ്ഥാനമെന്നും സർവേ വിലയിരുത്തുന്നു.

Content Highlights: Google has been named India's most attractive employer brand according to the Randstad Employer Brand Research 2026 report, followed by Tata Group and Amazon in second and third places respectively.