ഭാവിയിൽ മൂന്ന് തരം ജോലികൾ മാത്രം; എ.ഐ. വരുത്തുന്ന തൊഴിൽ മാറ്റങ്ങളെക്കുറിച്ച് ക്ലാര ഷിഹ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ അതിവേഗം വളരുന്ന സാഹചര്യത്തിൽ ഭാവിയിലെ തൊഴിൽ മേഖലയെക്കുറിച്ച് പ്രവചനവുമായി പ്രമുഖ ടെക് വിദഗ്ദ്ധയും സെയിൽസ്ഫോഴ്സ്, മെറ്റാ എന്നിവയുടെ മുൻ എഐ മേധാവിയുമായ ക്ലാര ഷിഹ്. സാങ്കേതികവിദ്യയുടെ വളർച്ച കാരണം ഭാവിയിൽ തൊഴിൽ വിപണി എങ്ങോട്ട് മാറുമെന്ന് കൃത്യമായി പ്രവചിക്കുക പ്രയാസമാണെങ്കിലും ഭാവിയിൽ മൂന്ന് തരം ജോലികൾ മാത്രമേ ഉണ്ടാകൂ എന്ന് സിബിഎസ് ന്യൂസിന്റെ '60 മിനിറ്റ്സ്' പരിപാടിയിൽ സംസാരിക്കവേ അവർ വ്യക്തമാക്കി.
എഐ നിർമ്മിക്കുന്നവർ, എഐ ഉപയോഗിക്കുന്നവർ, എഐ സംവിധാനങ്ങളാൽ നിയന്ത്രിക്കപ്പെടുന്നവർ എന്നിവയാണ് ഭാവിയിലെ മൂന്ന് വിഭാഗം ജോലികൾ. ഇതിൽ മൂന്നാമത്തെ വിഭാഗം ആളുകൾ നിലവിൽത്തന്നെ സമൂഹത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ക്ലാര ഷിഹ് ചൂണ്ടിക്കാട്ടി. ഊബർ ഡ്രൈവർമാർ, ഡെലിവറി ജീവനക്കാർ, കസ്റ്റമർ സപ്പോർട്ട് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ ദൈനംദിന ജോലികൾ നിലവിൽത്തന്നെ പൂർണ്ണമായി മേൽനോട്ടം വഹിക്കുന്നത് എഐ അൽഗോരിതങ്ങളാണ്.
എഐ ഉപയോഗിച്ച് ജോലി ചെയ്യുന്ന രണ്ടാമത്തെ വിഭാഗത്തിലാണ് തങ്ങൾ ഉൾപ്പെടുന്നതെന്ന് ഭൂരിഭാഗം ആളുകളും കരുതുന്നുണ്ടെങ്കിലും ഈ വിഭാഗക്കാരുടെ എണ്ണം ആളുകൾ വിചാരിക്കുന്നതിനേക്കാൾ വളരെ കുറവാണെന്നും അതിവേഗം ചുരുങ്ങുകയാണെന്നും അവർ വ്യക്തമാക്കുന്നു.
പ്രത്യേകിച്ച് കോളേജ് പഠനം കഴിഞ്ഞിറങ്ങുന്ന യുവാക്കളെയാണ് എഐ ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുന്നത്. പുതിയ ജീവനക്കാരേക്കാൾ കൃത്യതയോടും വേഗത്തിലും എഐ സിസ്റ്റങ്ങൾക്ക് കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നുണ്ടെന്ന് കമ്പനികൾ കണ്ടെത്തിയതോടെ തുടക്കക്കാരായ ഉദ്യോഗാർത്ഥികളുടെ നിയമനം പ്രമുഖ കമ്പനികൾ വൻതോതിൽ കുറച്ചിട്ടുണ്ട്. അമേരിക്കയിൽ ബിരുദം പൂർത്തിയാക്കുന്ന പകുതിയോളം പേർ തൊഴിലില്ലായ്മയോ അല്ലെങ്കിൽ യോഗ്യതയ്ക്ക് അനുസരിച്ചല്ലാത്ത ജോലികളോ നേരിടുകയാണെന്നും സാമ്പത്തിക വിവരങ്ങൾ ചൂണ്ടിക്കാട്ടി ക്ലാര വ്യക്തമാക്കി.
What does AI mean for your job?
Although there is no crystal ball, former AI executive Clara Shih says she predicts there will be three types of jobs going forward: people who are building AI, people who are using AI, and people managed by AI. pic.twitter.com/S7CIGBnU47— 60 Minutes (@60Minutes) October 7, 2026
മുമ്പ് നിർമ്മാണ മേഖലയിലുണ്ടായ വിപ്ലവകരമായ തൊഴിൽ മാറ്റങ്ങൾക്ക് സമാനമായ സാഹചര്യമാണ് എഐ മൂലം നഗരങ്ങളിൽ ഉണ്ടാകാൻ പോകുന്നത്. മാറിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ യുവാക്കളെ സഹായിക്കുന്നതിനായി 'ന്യൂ വർക്ക് ഫൗണ്ടേഷൻ' എന്ന ചാരിറ്റബിൾ സംഘടനയ്ക്കും ക്ലാര ഷിഹ് രൂപം നൽകിയിട്ടുണ്ട്.
Content Highlights: Former Meta and Salesforce AI head Clara Shih predicts only three types of jobs will exist in the future