'ശമ്പളം വേണ്ട, സൗജന്യമായി ചെയ്യാം, എനിക്കൊരു ജോലി തരൂ'; അഭ്യര്‍ഥനയുമായി യുവാവ്

എന്‍ജിനീയറിങ് ബിരുദം നേടി രണ്ടുവര്‍ഷമായിട്ടും മുഴുവന്‍ സമയ ജോലി ലഭിക്കാത്തതില്‍ നിരാശ പ്രകടിപ്പിച്ച് യുവാവ്. എക്‌സ്പീരിയന്‍സ് നേടാനായി താന്‍ സൗജന്യമായി ജോലി ചെയ്യാനും തയ്യാറാണെന്ന് റെഡ്ഡിറ്റില്‍ സി.വിക്കൊപ്പം പങ്കുവെച്ച കുറിപ്പില്‍ യുവാവ് പറയുന്നു.
'നിരാശനാണ്. എന്റെ റെസ്യൂമേ കത്തിച്ചു കളഞ്ഞോളൂ, പക്ഷേ സഹായിക്കണം. സൗജന്യമായി ജോലി ചെയ്യാന്‍ തയ്യാറാണ്', സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറിങ് ബിരുദദാരി റെഡ്ഡിറ്റില്‍ കുറിച്ചു.
ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്ങില്‍ ബി.ഇ. ബിരുദം പൂര്‍ത്തിയാക്കിയ യുവാവ് രണ്ട് സ്ഥാപനങ്ങളില്‍ ഇന്റേണായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓരോ മാസം വീതമായിരുന്നു ഇന്റേണ്‍ഷിപ് കാലാവധി. 2023-ലാണ് ബിരുദം പൂര്‍ത്തിയാക്കിയത്.
യുവാവിന് പരീക്ഷിക്കാന്‍ നിരവധി പരിഹാരങ്ങള്‍ മറ്റ് റെഡ്ഡിറ്റ് ഉപയോക്താക്കള്‍ മുന്നോട്ടുവെക്കുന്നുണ്ട്. ചിലര്‍ സി.വി. പുതുക്കിയെഴുതാനാണ്
നിര്‍ദേശിച്ചത്. ഇ- മെയില്‍ വഴി വിവിധ കമ്പനികള്‍ക്ക് ജോലി അഭ്യര്‍ഥന അയക്കാനും ചിലര്‍ ഉപദേശിക്കുന്നു.
Content Highlights: software engineering graduate, despite internships, struggles to find full-time employment